പെഷാവര്‍: സാമൂഹികമാധ്യമത്തിലൂടെയുള്ള പ്രണയത്തിന് പിന്നാലെ ചൈനീസ് യുവതി കാമുകനെ കാണാനായി പാകിസ്താനിലെത്തി. ചൈനയില്‍നിന്നുള്ള 21-കാരി ഗാവോ ഫെങ് ആണ് 18-കാരനായ കാമുകനെ കാണാനായി കഴിഞ്ഞദിവസം പാകിസ്താനിലെത്തിയത്. ചൈനയില്‍നിന്ന് റോഡ് മാര്‍ഗം ഇസ്ലാമാബാദിലെത്തിയ യുവതി കാമുകനായ ജാവേദിന്റെ ബന്ധുവീട്ടിലാണ് താമസിക്കുന്നത്.
പാകിസ്താനിലെ ബജൗര്‍ സ്വദേശിയായ ജാവേദും ചൈനീസ് സ്വദേശിയായ ഗാവോ ഫെങ്ങും സാമൂഹികമാധ്യമമായ സ്‌നാപ്പ് ചാറ്റ് വഴി പരിചയപ്പെട്ടവരാണെന്നാണ് പാകിസ്താന്‍ പോലീസ് പറയുന്നത്. മൂന്നുവര്‍ഷം മുന്‍പാണ് ഇരുവരും സ്‌നാപ്പ് ചാറ്റി വഴി സൗഹൃദത്തിലായത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയെന്നും തുടര്‍ന്നാണ് യുവതി കാമുകനെ കാണാനായി പാകിസ്താനിലെത്തിയതെന്നും പോലീസ് പറഞ്ഞു.
മൂന്നുമാസത്തെ വിസിറ്റിങ് വിസയിലാണ് 21-കാരി ചൈനയില്‍നിന്ന് പാകിസ്താനിലെത്തിയത്. എന്നാല്‍, കാമുകനായ ജാവേദ് സ്വദേശമായ ബജൗറിലേക്ക് യുവതിയെ കൊണ്ടുപോയില്ല. അഫ്ഗാന്‍ അതിര്‍ത്തിയിലായതിനാല്‍ ബജൗറിലെ സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് യുവതിയെ കാമുകന്‍ സമര്‍ബാഘിലെ ബന്ധുവീട്ടില്‍ താമസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സമര്‍ബാഘില്‍ താമസിക്കുന്ന യുവതിക്ക് പൂര്‍ണസുരക്ഷ ഉറപ്പുവരുത്തിയതായി ജില്ലാ പോലീസ് ഓഫീസര്‍ സിയാദുദ്ദീനനും പ്രതികരിച്ചു. അതേസമയം, സുരക്ഷാപ്രശ്‌നങ്ങളും മുഹറം ആഘോഷങ്ങളും കണക്കിലെടുത്ത് യുവതിക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുവാദം നല്‍കിയിട്ടില്ല. ചൈനീസ് യുവതിയുടെ യാത്രരേഖകളെല്ലാം കൃത്യമാണെന്നും ഇതുവരെ ജാവേദുമായുള്ള വിവാഹം കഴിഞ്ഞിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയില്‍നിന്നുള്ള യുവതി പാകിസ്താനിലെത്തി കാമുകനെ വിവാഹം കഴിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. യു.പി. സ്വദേശിയും രാജസ്ഥാനിലെ ആല്‍വാര്‍ നിവാസിയുമായ അഞ്ജു എന്ന 34-കാരിയാണ് ഫെയ്‌സ്ബുക്ക് പ്രണയത്തിന് പിന്നാലെ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് പാകിസ്താനിലേക്ക് പോയത്. ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്താനിലെത്തിയ യുവതി കാമുകനായ നസ്‌റുള്ള(29)യെ വിവാഹം കഴിച്ചതായും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ഇരുവരും ഒരുമിച്ചുള്ള ചില വീഡിയോകളും പുറത്തുവന്നു.
പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിന് ശേഷം പാകിസ്താന്‍ യുവതി കാമുകനൊപ്പം ജീവിക്കാനായി ഇന്ത്യയിലെത്തിയതും അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. പാകിസ്താനിയായ സീമ ഹൈദറാണ് നാലുകുട്ടികളുമായി നേപ്പാള്‍ വഴി അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ചത്. കാമുകനായ നോയിഡ സ്വദേശി സച്ചിനൊപ്പം വാടകവീട്ടില്‍ താമസിക്കുന്നതിനിടെയാണ് അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് സീമ ഹൈദറിനെ പോലീസ് പിടികൂടിയത്. ഇവരെ സംബന്ധിച്ച് ചില സംശയങ്ങളുള്ളതിനാല്‍ യു.പി. പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും മണിക്കൂറുകളോളം സീമയെ ചോദ്യംചെയ്തിരുന്നു. നിലവില്‍ ജാമ്യത്തിലുള്ള സീമ ഹൈദര്‍ കുട്ടികളുമായി സച്ചിനൊപ്പമാണ് താമസിക്കുന്നത്. ഇനിയുള്ള കാലം ഇന്ത്യയില്‍തന്നെ ജീവിക്കാനാണ് ആഗ്രഹമെന്നും ഒരിക്കലും പാകിസ്താനിലേക്ക് മടങ്ങില്ലെന്നുമായിരുന്നു ഇവരുടെ പ്രതികരണം.
Content Highlights: chinese woman arrived in pakistan to meet her lover after snap chat love
Published: 27 Jul 2023, 05:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented