
ലഖ്‌നൗ: വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും വീഡിയോകള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് തുടരെ പീഡനങ്ങള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ ജ്യോഗ്രഫി പ്രൊഫസറെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ഹാഥ്‌റസിലെ സേത് ഫൂല്‍ ചന്ദ് ബഗ്ല പിജി കോളേജിലെ പ്രൊഫസറായ രജിനിഷ് കുമാര്‍ ആണ് പിടിയിലായത്. ആരോപണം ഉയരുകയും വീഡിയോകള്‍ പുറത്ത് വരികയും ചെയ്തതിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഒളിവില്‍പോയിരുന്നു.
ദേശീയ വനിതാ കമ്മിഷനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ചില വിദ്യാര്‍ത്ഥിനികള്‍ അജ്ഞാത പരാതികള്‍ അയച്ചതിനെ തുടര്‍ന്നാണ് 54 കാരനായ പ്രൊഫസറുടെ പ്രവൃത്തികള്‍ പുറത്തുവന്നത്. വിദ്യാര്‍ഥിനികളെ ഇയാള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പരാതി. പിന്നാലെ ഒരു പെന്‍ഡ്രൈവും ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചു. അന്വേഷണത്തില്‍ ഇയാള്‍ വിദ്യാര്‍ഥികളെ ലൈഗികമായി ദുരുപയോഗം ചെയ്യുന്നതിന്റേതടക്കം 65 ഓളം വീഡിയോകള്‍ പോലീസ് കണ്ടെടുത്തു.
ചോദ്യം ചെയ്യലില്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഇയാള്‍ ലൈംഗികാതിക്രമങ്ങളുടെ വീഡിയോകള്‍ പകര്‍ത്താന്‍ തുടങ്ങിയതെന്ന് സമ്മതിച്ചിട്ടുണ്ട്. അതിന് മുമ്പും ഇയാള്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നടത്തിയിട്ടുള്ളതായാണ് വിവരം. എത്ര ആളുകള്‍ക്കെതിരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നത് തിട്ടപ്പെടുത്താന്‍ ആയിട്ടില്ലെന്ന് പോലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജിനിഷ് കൈക്കൂലി വാങ്ങുന്നതിനൊപ്പം ലൈംഗികാതിക്രമങ്ങള്‍ക്കായി നിര്‍ബന്ധിക്കാറുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.
2009-ല്‍ ഇയാള്‍ക്ക് ഒരു വിദ്യാര്‍ഥിനിയുമായി ബന്ധമുണ്ടായിരുന്നു. ഇതിനിടെ ആ വിദ്യര്‍ഥിനിയുമായി ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ വീഡിയോ വെബ്കാമില്‍ ചിത്രീകരിക്കപ്പെട്ടു. സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ക്യാമറ ഉപയോഗിക്കുന്ന ആശയം തന്നിലേക്ക് ഈ ഘട്ടത്തിലാണ് വന്നുചേര്‍ന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ബലാത്സംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് രജിനിഷ് കുമാര്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ തന്റെ ലാപ്‌ടോപ്പിലും ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായും ഹാഥ്‌റസ് എസ്പി ചിരഞ്ജീവ് നാഥ് സിന്‍ഹ പറഞ്ഞു. ക്യാമറ ഓണാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് സ്‌ക്രീനില്‍ കാണാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും ബ്ലാക്ക് മെയില്‍ ചെയ്ത് വീണ്ടും വീണ്ടും പീഡനങ്ങള്‍ നടത്തിയിരുന്നു. കോളേജിലെ പഠനം പൂര്‍ത്തിയാക്കിയവരെയും ഇത്തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗിക ചൂഷണം നടത്തി. വിശ്വാസം നേടിയെടുക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് വിലകൂടിയ വസ്തുക്കളും സമ്മാനമായി നല്‍കിയിരുന്നെന്നും പോലീസ് പറഞ്ഞു.
1996-ല്‍ ഇയാള്‍ വിവാഹിതനാണെന്നും പങ്കാളി ഇപ്പോള്‍ കൂടെയുണ്ടോ എന്നത് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
2001-ലാണ് ഇയാള്‍ ബഗ്ലാ കോളേജില്‍ നിയമനം നേടിയത്. കഴിഞ്ഞ വര്‍ഷം ഇയാള്‍ ചീഫ് പ്രോക്ടറായി സ്ഥാനകയറ്റം നേടിയിരുന്നു. പകര്‍ത്തിയ വീഡിയോകള്‍ ഇയാള്‍ അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തതായും പോലീസ് പറയുന്നു.
മുന്‍കൂര്‍ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ക്കിടെ ബുധനാഴ്ച രാത്രിയിലാണ് പോലീസ് പ്രയാഗ് രാജില്‍ നിന്ന് രജിനീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.
Content Highlights: Geography professor sexually assaulted college girls in Hathras
Published: 20 Mar 2025, 08:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented