
കാസർകോട്: വൻതോതിൽ എംഡിഎംഎയുമായി കാസർകോട് പിടിയിലായവർക്ക് ഭരണകക്ഷി നേതാക്കളുമായി അടുത്ത ബന്ധമെന്ന ആരോപണവുമായി വി.കെ. സനോജ് എംഎൽഎ. കേസിൽ പ്രതിയായ മുഹമ്മദ് ഹുസൈൻ ടീം വി.ഡി. സതീശൻ എന്ന സോഷ്യൽ മീഡിയ പേജിന്റെ കോർഡിനേറ്റർ ആണെന്ന് വി.കെ. സനോജ് ആരോപിച്ചു. ‘ലീഡർ വി.ഡി. സതീശൻ’ എന്ന ഗ്രൂപ്പിന്റെ അഡ്മിനും, സതീശനെ പ്രമോട്ട് ചെയ്യുന്ന വീഡിയോകൾ സ്ഥിരമായി പങ്കുവെക്കുന്നയാളുമാണ് ഇയാളെന്നും വി.കെ. സനോജ് ആരോപിച്ചു.
ഞായറാഴ്ച കാലിക്കടവിൽ നിന്നാണ് എംഡിഎംഎയുമായി മൂന്നു പേർ പിടിയിലാകുന്നത്. 139.29 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി.എ. അബ്ദുൾ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരാണ് അറസ്റ്റിലായത്. ഭീമമായ അളവ് മാരക ലഹരിവസ്തു ഇവരുടെ കൈയിൽ എവിടെനിന്ന്, എങ്ങനെ ലഭിച്ചുവെന്നും സംഘത്തിൽ ഇനിയും കൂടുതൽ ആൾക്കാരുണ്ടോ തുടങ്ങിയ അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഭരണകക്ഷി നേതാക്കളുമായി ഇവർക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നത്.
'സതീശൻ സാറിന്റെ ‘പിള്ളേരെ’ രമേശൻ സാറിന്റെ പോലീസ് കാസർഗോഡ് നിന്ന് എം.ഡി.എം.എയുമായി പിടികൂടിയെന്ന ലേറ്റസ്റ്റ് വാർത്ത. പിടിയിലായവരിൽ ഒരാൾ സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈലിൽ ‘വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ’ എന്ന് രേഖപ്പെടുത്തിയിരുന്നയാളാണത്രേ. അതുമാത്രമല്ല, ‘ലീഡർ വി.ഡി. സതീശൻ’ എന്ന ഗ്രൂപ്പിന്റെ അഡ്മിനും, സതീശനെ പ്രമോട്ട് ചെയ്യുന്ന വീഡിയോകൾ സ്ഥിരമായി പങ്കുവെക്കുന്നയാളുമാണെന്ന വിവരങ്ങളും പുറത്തുവരുന്നു. ഇവർ ഒരുമിച്ചുള്ള വീഡിയോകളും പുറത്ത് വരുന്നുണ്ട്’- വി.കെ. സനോജ് പറഞ്ഞു.
‘പിടിയിലായവരിൽ ഒരാൾ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ചിത്രങ്ങൾ സ്വന്തം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്ന വിവരവും പുറത്തുവരുന്നു. അറിയേണ്ടത് ചില കാര്യങ്ങളാണ്. രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ സാർ ഇറക്കിവിട്ടവരാണോ ഇവരെ...? രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറം ഇവർക്ക് നേരത്തേ തന്നെ ഇത്തരം ഇടപാടുകളുണ്ടായിരുന്നോ...? ഇത്രയും അടുത്ത് പ്രവർത്തിച്ചിരുന്ന ഒരാളെക്കുറിച്ച് വി.ഡി. സതീശന് ഒന്നും അറിയില്ലായിരുന്നോ...? പോലീസ് പിടികൂടുന്നതിന് മുമ്പ് തന്നെ രണ്ട് ജില്ലകളിൽ ലഹരി വിതരണം ഇവർ നടത്തിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇത് വെറുമൊരു ലഹരിക്കേസ് മാത്രമായി അവസാനിക്കേണ്ട വിഷയമല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ലഹരി മാഫിയാ സംഘത്തിൻ്റെ അടിവേരുകൾ പുറത്ത്കൊണ്ട് വരണം'- വി.കെ. സനോജ് എംഎൽഎ പറഞ്ഞു.
സംഘത്തിലെ പ്രധാന കണ്ണിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ പിടിയിലായവരിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് പെരുമ്പാവൂർ അറക്കപ്പടി സ്വദേശി സൈനുൽ ആബിദി(43)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടി ചന്തേര പോലീസിന് കൈമാറിയത്. ചന്തേര ഇൻസ്പെക്ടർ എം.വി. ഷീജു എൻ.ഡി.പി.എസ്. നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. സൈനുൽ ആബിദിൻ ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയിലെ പ്രദേശിക നേതാവിന്റെ സഹോദരനാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് സംഘം വലയിലായത്. പെരുമ്പാവൂരിൽനിന്ന് സ്വിഫ്റ്റ് കാറിൽ എംഡിഎംഎയുമായി കാസർകോട്ടേക്ക് പുറപ്പെട്ട സംഘമാണ് ജില്ലാ അതിർത്തിയിൽ പിടിയിലായത്. സംഘത്തെയും യാത്രചെയ്ത കാറും ചന്തേര പോലീസിന് കൈമാറി. ചന്തേര എസ്.ഐ. മനു പി. ചെറിയാനും സംഘവും നടത്തിയ പരിശോധനയിൽ മൂവരും കൈവശംവെച്ചതും കാറിന്റെ ഡാഷ് ബോർഡിൽനിന്ന് കണ്ടെടുത്തതും ഉൾപ്പെടെ നാല് പൊതികളിലായി 139.29 ഗ്രാം മയക്കുമരുന്നുണ്ടെന്ന് കണക്കാക്കി. എൻ.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തശേഷം കോടതിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു. ഇതിനിടയിലാണ് പ്രധാന കണ്ണിയെക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: Key accused Zainul Abid arrested by Perumbavoor police and handed over to Chandera police., Earlier, three individuals were arrested at Kalikadavu with 139.29 grams of MDMA worth Rs 7 lakhs., Accused were traveling from Perumbavoor to Kasaragod in a Swift car when intercepted., Allegations and social media photos have surfaced linking the arrested individuals to political figures.
Published: 11 Aug 2026, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented