
ചെറുവത്തൂർ: കാലിക്കടവിൽ ചന്തേര പോലീസ് 139.29 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ സൈബർസെൽ അന്വഷണം തുടങ്ങി. റിമാൻഡിൽ കഴിയുന്ന പ്രതികൾക്കുവേണ്ടി കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് സൈബർസെൽ സംഘം പരിശോധന തുടങ്ങിയത്. ഉദ്യോഗസ്ഥർ ചന്തേര പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു.
സൈബർസെൽ പരിശോധന പൂർത്തിയായശേഷം കേസന്വേഷണച്ചുതലയുള്ള ചന്തേര ഇൻസ്പെക്ടർ എം.വി. ഷീജു കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പെരുമ്പാവൂർ അറക്കപ്പടി സ്വദേശികളായ പി.എ. അബ്ദുൾ സലാം (27), കെ.എച്ച്. മുഹമ്മദ് ഹുസൈൻ (28), പി.എ. അബ്ബാസ് (50) എന്നിവരെയാണ് ഞായറാഴ്ച കാലിക്കടവിൽ പോലീസ് പിടിച്ചത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തെത്തുടർന്ന് ലഹരിവില്പനസംഘത്തിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന പെരുമ്പാവൂർ അറക്കപ്പടി സ്വദേശി സൈനുൽ ആബിദിനെ (43) കൂടി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. നാലുപേരും ഇപ്പോൾ റിമാൻഡിലാണ്.
പിടിയിലായത് സംസ്ഥാനത്തുടനീളം എംഡിഎംഎ വിതരണം ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണെന്നാണ് പോലീസിന്റെ നിഗമനം. ഒരു സ്ത്രീയും സംഘത്തിലുണ്ടെന്ന് അന്വേഷണസംഘത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അറസ്റ്റിലായവരും സാക്ഷികളും യൂത്ത് കോൺഗ്രസുകാർ
കാലിക്കടവിൽ എംഡിഎംഎയുമായി ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത് പെരുമ്പാവൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പി.എ. അബ്ദുൾ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ എന്നിവരാണ് സജീവ പ്രവർത്തകർ. അബ്ദുൾ സലാമിന്റെ ബന്ധുവാണ് പി.എ. അബ്ബാസ്. പിന്നീട് പെരുമ്പാവൂർ പോലീസ് പിടിച്ച സൈനുൽ ആബിദീനും രാഷ്ട്രീയത്തിൽ പിടപാടുള്ള ആളാണ്. കേസിലെ സാക്ഷികളെല്ലാം യൂത്ത് കോൺഗ്രസ് പിലിക്കോട് മണ്ഡലം ഭാരവാഹികളാണ്. പിലിക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സുധീഷ്, വൈസ് പ്രസിഡൻറ് സന്ദീപ് എന്നിവരാണ് 139.29 ഗ്രാം എംഡിഎംഎ പിടിച്ച കേസിലെ സാക്ഷികൾ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപ്പാക്കിയ ഒപ്പറേഷൻ തൂഫാന്റെ പോരാളികൾ എന്ന നിലയിലാണ് പോലീസ് പറഞ്ഞപ്പോൾതന്നെ സാക്ഷികളായി ഒപ്പുവെച്ചത്. ചന്തേര പോലീസ് സ്റ്റേഷനു മുന്നിൽവെച്ച് ഫോട്ടോയെടുത്ത് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച് ആഹ്ലാദവും പങ്കുവെച്ചിരുന്നു.
Content Highlights: Cyber cell launched an investigation into the 139.29g MDMA seizure case in Cheruvathur., Four accused persons, including key suspects from Perumbavoor, are currently in judicial custody., Police are searching for a woman allegedly involved in the drug distribution network., Controversy arose as arrested individuals and witnesses reportedly have Youth Congress affiliations.
Published: 14 Aug 2026, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented