
ചെന്നൈ: ബാറിലെ തർക്കത്തിന് പിന്നാലെ ഇരുചക്രവാഹനത്തിൽ കാറിടിപ്പിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തി. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി(18)യാണ് കൊല്ലപ്പെട്ടത്. യാൻസിക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന 17-കാരിക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബാലമുരുകൻ(21), ജോഷ്വാ(19), കിഷോർകുമാർ(19) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറിൽവെച്ചാണ് സംഭവങ്ങളുടെ തുടക്കം. യാൻസിയും സുഹൃത്തുക്കളും ബാറിൽ നൃത്തംചെയ്യുന്നതിനിടെ ഇവിടെയുണ്ടായിരുന്ന മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. ഇരുസംഘങ്ങളും തമ്മിൽ തർക്കം രൂക്ഷമായതോടെ ബൗൺസേഴ്‌സ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ, ബാറിൽനിന്ന് പുറത്തിറങ്ങിയശേഷവും ഇരുസംഘങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും തുടർന്നു. ഇതോടെ ബൗൺസേഴ്‌സ് ഇടപെട്ട് ഇവരെ പറഞ്ഞുവിട്ടു. തുടർന്ന് രണ്ട് സംഘങ്ങളിലുള്ളവരും സ്ഥലത്തുനിന്ന് മടങ്ങി.
യാൻസിയും സുഹൃത്തുക്കളും ഇരുചക്രവാഹനങ്ങളിലാണ് ബാറിൽനിന്ന് മടങ്ങിയത്. എതിർസംഘത്തിലുള്ള യുവാക്കൾ കാറിലായിരുന്നു യാത്ര. വഴിയിൽവെച്ച് യാൻസിയും സുഹൃത്തുക്കളും യുവാക്കളുടെ കാർ കണ്ടു. പിന്നാലെ ഇവർ കാറിന് നേരേ കല്ലെറിഞ്ഞ് സ്‌കൂട്ടറിൽ കടന്നുകളഞ്ഞു. ഇതോടെ യുവാക്കൾ കാറിൽ ഇവരെ പിന്തുടരുകയും യാൻസിയും സുഹൃത്തും സഞ്ചരിച്ച സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തുകയുമായിരുന്നു.
കാറിടിച്ച് തെറിച്ചുവീണ യാൻസി തൽക്ഷണം മരിച്ചെന്നാണ് പോലീസ് പറയുന്നത്. ഒപ്പമുണ്ടായിരുന്ന 17-കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഈ പെൺകുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, തർക്കമുണ്ടായ ചെന്നൈയിലെ സ്വകാര്യ ബാർ അധികൃതർ പൂട്ടിച്ചു. 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം അനുവദിച്ചതിനാണ് നടപടി. സംഭവത്തിൽ അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെയും പോലീസ് നിയോഗിച്ചിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ഒളിവിലുള്ള ബാക്കി പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്നും പോലീസ് പറഞ്ഞു.
Content Highlights: Fatal hit-and-run incident involving a scooter and a car in Chennai., The conflict originated from a verbal altercation at a private bar., Three suspects aged 19-21 have been taken into police custody., The bar was shut down for allowing minors on the premises., Special police team formed to track remaining suspects.
Published: 01 Jun 2026, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented