തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയ്ക്കിടെ ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺഹാളിന് സമീപം ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ഘോഷയാത്ര ടൗൺഹാളിന് സമീപത്തെത്തിയപ്പോഴാണ് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും ഉണ്ടായത്. ഓണാഘോഷ സമാപന പരിപാടികളിൽ ആറ്റിങ്ങൽ നഗരസഭയിലെ ഏഴ് ബിജെപി കൗൺസിലർമാരെ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് ബിജെപി പ്രവർത്തകർ ടൗൺഹാളിന് സമീപം പ്ലക്കാർഡുകളുമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നഗരത്തിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായിരുന്ന മുനിസിപ്പൽ ടൗൺഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾ വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നതിലും ബിജെപി പ്രതിഷേധം രേഖപ്പെടുത്തി.
ടൗൺഹാൾ നവീകരണത്തിനായി അനുവദിച്ച ഫണ്ട് അപര്യാപ്തമായതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ പൂർണമായി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. ടൗൺഹാൾ നവീകരണം വൈകുന്നതിനെതിരെ ബിജെപി നേരത്തെയും നിരവധി സമരപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഔദ്യോഗിക ഉദ്ഘാടനം പോലും നടത്താത്ത ടൗൺഹാളിൽ ഓണാഘോഷ സമാപന പരിപാടി സംഘടിപ്പിച്ചതിനെയും ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തു.
ആറ്റിങ്ങൽ ഐടിഐക്ക് സമീപത്തുനിന്ന് ആരംഭിച്ച ഓണാഘോഷ ഘോഷയാത്ര ടൗൺഹാളിന് സമീപം എത്തിയതോടെ കൊല്ലം ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. ഇതിനിടെ ഫുട്പാത്തിന് സമീപം പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്ന ബിജെപി പ്രവർത്തകരെ മറയ്ക്കുന്നതിനായി ഗതാഗതക്കുരുക്കിൽപ്പെട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ചെങ്കിലും സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ ബസ് തടഞ്ഞതായാണ് ആരോപണം.
തുടർന്ന് ഓണാഘോഷ ഘോഷയാത്രയുടെ ഫ്ലക്സ് ബാനർ ഉപയോഗിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം മറയ്ക്കാനും ശ്രമിച്ചതായും ആരോപിക്കുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഇരുവിഭാഗവും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ആറ്റിങ്ങൽ എസ്.എച്ച്.ഒ. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ ഇടപെട്ട് ഇരുവിഭാഗത്തെയും മാറ്റിനിർത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പിന്നീട് നടന്ന ഓണാഘോഷ സമാപന സമ്മേളനം ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു.
Published: 02 Sept 2026, 11:38 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented