ചെന്നൈ: തായ്‌ലൻഡിൽ നിന്ന് കടത്തിയ 23 കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് ചെന്നൈ കസ്റ്റംസ് ആണ് പിടികൂടിയത്. പിടിയിലായവർ ഐടി ജീവനക്കാരാണെന്നാണ് വിവരം. കാസർകോട്-കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് പിടിയിലായത്.
രണ്ടുവിമാനങ്ങളിലായാണ് ഇവർ എത്തിയത്. ബാങ്കോക്കിൽ നിന്നാണ് നാലുപേരടങ്ങുന്ന ഒരുസംഘം എത്തിയത്. വിനോദ സഞ്ചാരത്തിനായി തായ്‌ലൻഡിൽ പോയി മടങ്ങി വരുകയാണെന്നാണ് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ തായ്‌ലൻഡിൽ എത്തിയതിന്റെ പിറ്റേ ദിവസം തന്നെ തിരികെ നാട്ടിലേക്ക് വിമനം കയറിയതിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ കസ്റ്റംസ് ഓഫീസിലെത്തിച്ച് വിശദമായി പരിശോധിക്കുകയായിരുന്നു. 15 കിലോ ഉയർന്ന് ഗ്രേഡ് ഹൈഡ്രോപോണിക് കഞ്ചാവാണ് ഈ സംഘത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിയത്. അന്താരാഷ്ട്രവിപണിയിൽ 15 കോടിയോളം രൂപ വിലവരുമിതിന്.
വെള്ളിയാഴ്ചയായിരുന്നു മറ്റൊരു സംഭവം. ബാങ്കോക്കിൽ നിന്ന് പുലർച്ചെയോടെ എത്തിയ വിമാനത്തിലായിരുന്നു രണ്ടാമത്തെ സംഘം ഉണ്ടായിരുന്നത്. രണ്ടുപേരായിരുന്നു ബാങ്കോക്കിൽ നിന്ന് എത്തിയത്. ആദ്യത്തേതിന് സമാനമായിരുന്നു രണ്ടാമത്തേതും. തായ്‌ലൻഡിൽ എത്തിയതിന് പിറ്റേദിവസം തന്നെ ഇവർ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇവരിൽ നിന്ന് 8 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് ആണ് പിടികൂടിയത്. 8 കോടിയോളം രൂപ അന്താരാഷ്ട്ര വിപണിയിൽ വിലവരുമിതിന്.
ആറുപേരും കേരളത്തിൽ നിന്നുള്ള ബിരുദധാരികളാണ്. വിദഗ്ധ സോഫ്റ്റ്വെയർ എഞ്ചിനിയർമാരും ഇവരിൽ ഉണ്ടെന്ന് കസ്റ്റംസ് പറയുന്നു. തങ്ങളുടെ വിദ്യാഭ്യാസത്തിനനുസരിച്ച് അനുയോജ്യമായ ജോലി ലഭിക്കാത്തതിനെത്തുടർന്നാണ് തങ്ങൾ ഇതിന് മുന്നിട്ടിറങ്ങിയതെന്നാണ് ചോദ്യം ചെയ്യലിൽ പ്രതികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. നിലവിലെ ജോലിക്ക് തുച്ഛം വരുമാനമേയുള്ളൂ. ആഢംബര ജീവിതത്തിന് ഇത് തികയില്ല. പെട്ടെന്ന് പണം കണ്ടെത്താനുള്ള വഴിയായി ഇത് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും പ്രതികൾ പറയുന്നു.
Content Highlights: 23 Crore Hydroponic Ganja Seized: Six Malayalis Apprehended at Chennai Airport
Published: 07 Feb 2026, 11:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented