ചണ്ഡീഗഢ്: ഹരിയാണ മലിനീകരണ നിയന്ത്രണ ബോർഡിലെ 169 കോടി രൂപയുടെ സർക്കാർ ഫണ്ട് വകമാറ്റി ചെലവാക്കിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ശാഖയിലേക്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ എന്ന വ്യാജേന ഫണ്ട് മാറ്റിയാണ് ഈ വൻ സാമ്പത്തിക ക്രമക്കേട് നടത്തിയത്. ഹരിയാണ സർക്കാരിന്റെ ചരിത്രത്തിൽ ഒരു ബാങ്കിങ് തട്ടിപ്പിലൂടെ ഒരു വകുപ്പിനുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണിതെന്ന് കേന്ദ്ര അന്വേഷണ ഏജൻസി ചൂണ്ടിക്കാട്ടുന്നു.

To advertise here,

നിശ്ചിത പരിധി ലംഘിച്ചുകൊണ്ട് ബാങ്കിലേക്ക് വലിയ തുകകൾ മാറ്റാൻ പ്രദീപ് കുമാർ നേരിട്ട് അനുമതി നൽകുകയായിരുന്നു. എന്നാൽ വകുപ്പിന്റെ അനുമതിയോ ഔദ്യോഗിക രേഖകളോ ഇല്ലാതെയാണ് ഈ ബാങ്ക് അക്കൗണ്ട് തുറന്നതെന്ന് സിബിഐ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഫിക്സഡ് ഡിപ്പോസിറ്റുകൾ ഒന്നും തന്നെ യഥാർത്ഥത്തിൽ ആരംഭിച്ചിരുന്നില്ലെന്നും പകരം വ്യാജ ഡെബിറ്റ് ഇടപാടുകളിലൂടെ 169 കോടി രൂപ ഇവർ തട്ടിയെടുക്കുകയായിരുന്നുവെന്നും ഷെൽ കമ്പനികളിലൂടെയാണ് ഈ പണം പിന്നീട് വകമാറ്റി മാറ്റിയതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

വിരമിക്കൽ ദിനത്തിലാണ് പ്രദീപ് കുമാർ പിടിയിലാകുന്നത്. സിബിഐയുടെ നിരവധി നോട്ടീസുകൾ ലഭിച്ചിട്ടും ഹാജരാകാതെ അദ്ദേഹം ഒളിവിൽ കഴിയുകയായിരുന്നു. പഞ്ച്കുള കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി ഇരിക്കെയാണ് സിബിഐ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹരിയാണ സർക്കാരിലെ എട്ട് വകുപ്പുകളെ ഉൾപ്പെടുത്തി നടന്നിട്ടുള്ള 504 കോടി രൂപയുടെ വൻ ബാങ്കിങ് തട്ടിപ്പിന്റെ ഭാഗമാണ് ഈ മലിനീകരണ നിയന്ത്രണ ബോർഡ് കേസ്. വ്യാജ ഫിക്സഡ് ഡിപ്പോസിറ്റുകൾ വഴി പൊതുപണം കൊള്ളയടിച്ച കേസിൽ ഇതുവരെ 17 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെയും എയു സ്മോൾ ഫിനാൻസ് ബാങ്കിലെയും ആറ് ഉദ്യോഗസ്ഥരും മൂന്ന് സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പ്രദീപ് കുമാറിന് മുൻപ് തന്നെ രണ്ട് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെ സിബിഐ ഈ കേസിൽ കസ്റ്റഡിയിലെടുത്തിരുന്നു.

ഈ തട്ടിപ്പുമായി ബന്ധപ്പെട്ട ചണ്ഡീഗഢിലെ മറ്റ് രണ്ട് കേസുകളും സിബിഐ ഇപ്പോൾ അന്വേഷിച്ചു വരികയാണ്. ചണ്ഡീഗഢ് സ്മാർട്ട് സിറ്റി ലിമിറ്റഡ്, ക്രെസ്റ്റ് എന്നീ സൊസൈറ്റികളുമായി ബന്ധപ്പെട്ട ഫണ്ട് തട്ടിപ്പുകളാണ് ഇവ. ക്രെസ്റ്റ് കേസിലും ഒരു മുതിർന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ നേരത്തെ അറസ്റ്റിലായിട്ടുണ്ട്.