നീലേശ്വരം: വിശ്വാസംനേടാൻ മധുരയിൽ വ്യാജ വൈദ്യപരിശോധന, തപാലിൽ വ്യാജരേഖകൾ അയക്കൽ. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് എൻജിനിയറിങ് ബിരുദധാരിണിയിൽനിന്ന് 15.90 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതിമാർ നടത്തിയത് ആസൂത്രിത നാടകങ്ങൾ. ഇതുമായി ബന്ധപ്പെട്ട് കിനാനൂർ-കരിന്തളം വേളൂർ കുന്നത്ത് ഹൗസിലെ കെ. ആതിരയുടെ പരാതിയിൽ തൃക്കരിപ്പൂരിലെ ബാബു തിരുവാരത്ത്, ഭാര്യ സജിതാ ബാബു എന്നിവരുടെപേരിൽ നീലേശ്വരം പോലീസ് കേസെടുത്തു.

To advertise here,

ബന്ധുവഴിയെത്തിയ 'വിശ്വസനീയ' വിവരമാണ് പരാതിക്കാരിയെയും ഭർത്താവിനെയും തട്ടിപ്പിന്റെ ഊരാക്കുടുക്കിൽപ്പെടുത്തിയത്. വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് നല്ല ജോലി റെയിൽവേയിൽ ലഭിക്കാൻ തൃക്കരിപ്പൂർ സ്വദേശിയായ ഒരാൾ വിചാരിച്ചാൽ നടക്കുമെന്നും നിരവധിപേർക്ക് ഇയാൾ ജോലി വാങ്ങിക്കൊടുത്തതായും ബന്ധു പറഞ്ഞതോടെ ഇവർക്കും വിശ്വാസമായി. തൃക്കരിപ്പൂർ തലിച്ചാലത്ത് ചെന്ന് ബന്ധു നിർദേശിച്ചവരെ കണ്ടു. 2025 ജനുവരിയിലായിരുന്നു ഇത്.

ആദ്യ കാഴ്ചയിൽതന്നെ യുവതിക്കും ഭർത്താവിനും ഇവരിൽ വിശ്വാസമായി. നിരവധിപേർക്ക് വർഷങ്ങളായി ജോലിവാങ്ങിക്കൊടുത്തുവെന്നും നിലവിൽ നിരവധി ഒഴിവുകളിലേക്ക് നിയമനനടപടികൾ തുടങ്ങിയതായും ഇവർ പറഞ്ഞു.

ഇത്രയും യോഗ്യതയുള്ളയാൾക്ക് നിഷ്പ്രയാസം റെയിൽവേയിൽ ജോലി ലഭിക്കുമെന്നും വിശദീകരിച്ചു. നിയമനനടപടികൾ രണ്ടുമാസം നീളുമെന്നും ഇതിനിടയിൽ മെഡിക്കൽ ടെസ്റ്റ്, എഴുത്തുപരീക്ഷ, ഇന്റർവ്യൂ, തുടർന്ന് ട്രെയിനിങ് എല്ലാം വേണ്ടിവരുമെന്നും വിശ്വസിപ്പിച്ചു.

സീറ്റ് ഉറപ്പിക്കാൻ മൂന്നരലക്ഷം രൂപയാണ് ആദ്യം ചോദിച്ചത്. ഇതനുസരിച്ച് 2025 ജനുവരി 11-ന് മൂന്നരലക്ഷം രൂപ ദമ്പതിമാർ ആവശ്യപ്പെട്ട അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. ഫിറ്റ്നസ് ഉറപ്പാക്കാൻ വൈദ്യപരിശോധന വേണ്ടിവരുമെന്നാണ് പിന്നീട് വിശ്വസിപ്പിച്ചത്. ഇതിനായി ദിവസങ്ങൾക്കകം ആറുലക്ഷം രൂപ കൂടി വാങ്ങി. അതേമാസം 13-നായിരുന്നു ഇത്. 17-ന് വൈദ്യപരിശോധനയ്ക്കായി മധുരയിൽ എത്താൻ നിർദേശിച്ചു. ഇതേ തീയതിയിൽ മെഡിക്കൽ ടെസ്റ്റിനായി ആറുലക്ഷം രൂപ വീണ്ടും വാങ്ങി.

റെയിൽവേ ഡിവിഷണൽ ഓഫീസർ എന്ന് പരിചയപ്പെടുത്തി കാണാൻ വന്ന ഒരാൾ മുഖേന സംസാരിച്ച് ഉടൻ നടക്കാനിരിക്കുന്ന ഇന്റർവ്യൂ, പരിശീലനം എന്നിവയുടെ കാര്യംകൂടി വിശ്വസിപ്പിച്ചു. തിരിച്ച് വീട്ടിലെത്തിയ ഇവരോട് ട്രെയിനിങ്ങിന് മുന്നോടിയായി 40,000 രൂപ കൂടി വാങ്ങി. അതേ വർഷം മാർച്ചിനിടെ പല വ്യാജരേഖകളും തയ്യാറാക്കി തപാലിൽ അയച്ചുകൊടുത്തിരുന്നു. തുടർനടപടികൾ നീണ്ടുപോയതോടെ പരാതിക്കാരിക്ക് സംശയമായി.

റെയിൽവേ ഇങ്ങനെയൊരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയോ നിയമന നടപടികൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് മനസ്സിലായതോടെ പണം തിരികെ ആവശ്യപ്പെട്ടു. ഇവർ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോയതോടെയാണ് നീലേശ്വരം പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് പ്രതികൾക്കായി അന്വേഷണം തുടങ്ങി. തട്ടിപ്പിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഇവർക്കെതിരേ സമാനമായ കേസുകൾ ഉണ്ടോയെന്നും പരിശോധിക്കുമെന്ന് നീലേശ്വരം പോലീസ് പറഞ്ഞു.