തിരുവനന്തപുരം: ബിജെപി കോർകമ്മിറ്റിയിൽ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനം. സംസ്ഥാന ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഫണ്ട് തട്ടിപ്പിൽ നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാകില്ലെന്നും വിമർശനമുയർന്നു. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും എസ്. സുരേഷിനെ മാറ്റിയേ തീരൂ എന്ന് വി. മുരളീധരൻ യോഗത്തിൽ ആവശ്യപ്പെട്ടു.
ബിജെപിയിലെ തിരഞ്ഞെടുപ്പുകാല ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കുന്നതിന് വേണ്ടി കോർകമ്മിറ്റി യോഗം വിളിച്ചു ചേർക്കണമെന്ന് ബിജെപി നേതാക്കൾ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നായിരുന്നു ഇന്ന് ബിജെപി കോർകമ്മിറ്റി വിളിച്ചു ചേർത്തത്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ വി. മുരളീധര പക്ഷത്ത് നിന്ന് ശക്തമായ എതിർപ്പുയർന്നു. പുറത്തുവന്ന തെളിവുകളും പരാതികളും അടക്കം വി. മുരളീധരൻ ശക്തമായി ഉന്നയിച്ചു.
തിരഞ്ഞെടുപ്പിന്റെ മുഴുവൻ സംഘടനാ ചുമതലയും സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനായിരുന്നു. തട്ടിപ്പുകാണിച്ച പലരേയും നിയമിച്ചത് അദ്ദേഹമാണ്. അതുകൊണ്ട് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്നാണ് വി. മുരളീധരൻ ഉന്നയിച്ചത്.
തൃശ്ശൂരിലെ ഫണ്ട് മാറ്റിയതുമായി ബന്ധപ്പെട്ട വിഷയം ബി. ഗോപാലകൃഷ്ണനും പത്മജ വേണുഗോപാലും യോഗത്തിൽ ഉന്നയിച്ചു. പാർട്ടിയുടെ പണം എവിടെ പോയി എന്ന് അറിയണം എന്ന് ബി. ഗോപാലകൃഷ്ണൻ യോഗത്തിൽ ഉന്നയിച്ചു. ഇൻകം ടാക്സ് റെയിഡിന്റെ പേരിൽ സംസ്ഥാന നേതൃത്വം നിർദേശം നൽകിയിരുന്നോ എന്നും ബി. ഗോപാലകൃഷ്ണൻ യോഗത്തിൽ ചോദിച്ചു. പണം മാറ്റിയ വിവരം അറിഞ്ഞിരുന്നോ എന്ന് പത്മജ വേണു ഗോപാൽ യോഗത്തിൽ ഉന്നയിച്ചു. കുറ്റക്കാർക്കെതിരേ നടപടി ഉണ്ടായില്ലെങ്കിൽ പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന് വട്ടിയൂർകാവ് മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്നു. കൂടാതെ തിരുവനന്തപുരത്തിന്റെ പ്രഭാരിയും ആയിരുന്നു അദ്ദേഹം. ബ്ലാങ്ക് ബില്ല് വാങ്ങിയതുമായി ബന്ധപ്പെട്ട കെ. സോമന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയം വൈസ് പ്രസിഡന്റ് സുധീർ ഉന്നയിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ക്രമക്കേടിനെതിരേ ആർ. ശ്രീലേഖ ഔദ്യോഗികമായി പരാതി നൽകിയിട്ടും നടപടി എന്തുകൊണ്ട് ഉണ്ടായില്ല എന്നും അദ്ദേഹം ചോദിച്ചു. സോമനെതിരേ വ്യക്തമായ തെളിവുണ്ടായെന്നും സുധീർ പറഞ്ഞു. മോദി കൊണ്ടുവന്ന ജി.എസ്.ടി. വെട്ടിക്കാൻ ശ്രമിച്ചവരാണ് എന്ന് ജനം പറയും എന്ന വിമർശനവും യോഗത്തിൽ ഉണ്ടായി.
കഴിഞ്ഞ നേതൃത്വത്തിന്റെ കാലത്ത് കൊടകര കുഴൽപ്പണം വന്നപ്പോൾ പാർട്ടി ഒന്നടങ്കം രംഗത്തിറങ്ങി പ്രതിരോധിച്ചു. എന്നാൽ ഇത്തവണ അങ്ങനെ പ്രതിരോധിക്കാൻ ഇറങ്ങിയില്ല. രാഷ്ട്രീയ എതിരാളികൾക്ക് ഇട്ടുകൊടുക്കുകയാണ് ചെയ്തത് എന്ന് കെ. സോമൻ യോഗത്തിൽ പരിഭവം പറഞ്ഞു.
ആരാണ് ഉത്തരവാദി, അവർ അനുഭവിക്കും. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല എന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. അച്ചടക്ക സമിതിക്ക് മുമ്പാകെ പരാതി നൽകിയിട്ടുണ്ട്. അവർ പരിശോധിച്ച ശേഷം നടപടി ഉണ്ടാകും. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖരിന്റെ മറുപടി. നിങ്ങളെല്ലാവരും കൂടി പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Content Highlights: Intense criticism over election fund fraud in BJP Kerala core committee meeting., V Muraleedharan faction demands removal of General Secretary S Suresh., B Gopalakrishnan and Padmaja Venugopal raise questions about diverted funds in Thrissur., State President Rajeev Chandrasekhar states that the disciplinary committee will investigate and action will be taken against those responsible.
Published: 10 Aug 2026, 06:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented