കൊച്ചി: കവിയൂര്‍ കേസില്‍ ഇനിയും അന്വേഷിക്കാനില്ലെന്ന് സി.ബി.ഐ. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇനി അന്വേഷിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. നാല് തവണ അന്വേഷിച്ചിട്ടും ആരാണ് പീഡിപ്പിച്ചതെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ കണ്ടെത്താനായിട്ടില്ലെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു. 

To advertise here,

കഴിഞ്ഞ ജനുവരിയിലാണ് തിരുവനന്തപുരം സി.ബി.ഐ. കോടതി കവിയൂര്‍ കൂട്ടആത്മഹത്യാക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.  സി.ബി.ഐ. സംഘം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ കേസില്‍ ഇനിയും അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്നാണ് സി.ബി.ഐ.യുടെ നിലപാട്. 

കേസില്‍ വി.ഐ.പികൾ ഇല്ലെന്നും വി.ഐ.പി. ആരോപണം അന്വേഷിച്ച് തള്ളിയതാണെന്നും സി.ബി.ഐ. പറയുന്നു. പെണ്‍കുട്ടി മരണത്തിന് മുമ്പ് വീട് വിട്ട് പോയിട്ടില്ല. ലതാനായര്‍ പെണ്‍കുട്ടിയെ ഒരിടത്തും കൊണ്ടുപോയിട്ടില്ല. ഇക്കാര്യങ്ങള്‍ നുണപരിശോധന നടത്തി സ്ഥിരീകരിച്ചതാണെന്നും സി.ബി.ഐ. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

അതേസമയം, പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും സി.ബി.ഐ. പറയുന്നു. എന്നാല്‍ ആരാണ് പീഡിപ്പിച്ചതെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ ഉറപ്പാക്കാനായിട്ടില്ല. സംഭവം നടന്ന് ഏറെനാള്‍ കഴിഞ്ഞാണ് കേസ് സി.ബി.ഐ.ക്ക് കിട്ടിയത്. അതിനാല്‍ ഡി.എന്‍.എ. സാമ്പിളുകള്‍ കണ്ടെത്താനായില്ല. ഡി.എന്‍.എ. സാമ്പിളുകള്‍ കണ്ടെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടെന്നും ഇനി അത് കണ്ടെത്താനാവില്ലെന്നും സി.ബി.ഐ. ഹര്‍ജിയില്‍ പറയുന്നു. മുന്‍ റിപ്പോര്‍ട്ടുകളിലേത് പോലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനോ ബന്ധുക്കളോ ആകാമെന്ന സംശയമാണ് സി.ബി.ഐ. ഇപ്പോഴും ചൂണ്ടിക്കാണിക്കുന്നത്. ചില മൊഴികളുടെ അടിസ്ഥാനത്തില്‍ സംശയമുന അച്ഛനിലേക്കാണെന്നും എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കാനായിട്ടില്ലെന്നുമാണ് സി.ബി.ഐ.യുടെ റിപ്പോര്‍ട്ട്. 

2004 സെപ്റ്റംബര്‍ 28-നാണ് കവിയൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏകപ്രതി. കുടുംബനാഥന്റെ മകളെ ലതാനായര്‍ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉന്നതര്‍ക്ക് കൈമാറിയെന്നായിരുന്നു ആരോപണം.

Content Highlights:cbi against re investigation in kaviyoor rape case