തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനെ മറ്റൊരു 17-കാരൻ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന സൂചനയാണ് ലഭിക്കുന്നതെന്ന് തിരുവനന്തപുരം ഡിസിപി ഷഹൻ ഷാ പറഞ്ഞു. മൂന്നാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളതായും ഒന്നാം പ്രതിയായ 17 വയസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായും അദ്ദേഹം പറഞ്ഞു.
'അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാംപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്യുന്ന നടപടിക്രമങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒന്നാംപ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുകയും ഇയാളെ 10-ാം തീയതി വരെ ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.' ഡിസിപി ഷഹൻ ഷാ മാധ്യമങ്ങളോട് പറഞ്ഞു.
തെളിവുകൾ സ്‌ട്രോങ്ങാണ്, അതുകൊണ്ടുതന്നെ പ്രായത്തിന്റെ പേരിൽ, ജുവനൈൽ ആണെന്ന പരിഗണനയിൽ പ്രതിക്ക് കേസിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്നും ഡിസിപി വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള പെൺകുട്ടിക്ക് 18 വയസായതാണെന്നും കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാം എന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞു.
കൗമാരക്കാർക്കിടയിലെ പ്രണയത്തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഒന്നാംപ്രതിയായ 17-കാരന്റെ മുൻകാമുകിയുടെ ഇപ്പോഴത്തെ ആൺസുഹൃത്ത് അഭിരാമിന്റെ കൂട്ടുകാരനാണ്. ഈ പെൺകുട്ടിയും പ്രതിയായ കൗമാരക്കാനും തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. പെൺകുട്ടിയുടെ ആൺസുഹൃത്തിനെ തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് എത്തിക്കാനാണ് പ്രതി അഭിരാമിനെ വിളിച്ചുവരുത്തിയത്.
പാങ്ങോടുള്ള ഈ ആളൊഴിഞ്ഞ പ്രദേശത്ത് അഭിരാമിനെ എത്തിച്ചശേഷം അയാളെക്കൊണ്ട് സുഹൃത്തിനെ വിളിച്ചുവരുത്താനായിരുന്നു പ്രതിയുടെ ഉദ്ദേശം. എന്നാൽ ഇയാൾ അവിടേക്ക് എത്താതായതോടെ അഭിരാമും പ്രതിയും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. പിന്നാലെയാണ് കൊലപാതകം നടന്നത്. അഭിരാമിനെ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയത് എന്നാണ് പ്രതിയുടെ മൊഴി.
സംഘർഷത്തിനിടെ ഒരു കല്ലെടുത്ത് അഭിരാമിന്റെ തലയ്ക്കടിച്ചുവെന്നും ബെൽറ്റുകൊണ്ട് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ശേഷം ചാക്കിലാക്കി വാഴത്തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രതിയായ 17-കാരന്റെ മൊഴി. എന്നാൽ ഇത് വിശ്വസിക്കാൻ പോലീസ് കൂട്ടാക്കിയിട്ടില്ല. ഇയാൾക്കൊപ്പം ഒരു കൂട്ടാളികൂടി ഉണ്ടായിരുന്നു എന്ന സംശയത്തിൽ പോലീസ് നടത്തിയ അന്വേഷണമാണ് ഉമറിലേക്ക് എത്തിച്ചത്.
ശ്രീകാര്യം പോലീസ് സ്‌റ്റേഷനിലെ കാപ്പ ലിസ്റ്റിലുള്ള പ്രതിയാണ് ഉമർ. ഉമറിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ രണ്ടുപേരും ചേർന്നാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നും പിന്നീട് ചാക്കിലാക്കി മൃതദേഹം മറവുചെയ്യാൻ ശ്രമിച്ചതെന്നും പോലീസ് പറയുന്നു. പാങ്ങപ്പാറയുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ചാക്കിൽകെട്ടിയ മൃതദഹേം കരിയിലമൂടി ഒളിപ്പിച്ചിരുന്നത്.
പിന്നാലെ പ്രതികൾ ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. നിലവിൽ, കേസുമായി ബന്ധപ്പെട്ട് ഒന്നാംപ്രതിയായ 17-കാരൻ, ഇയാളുടെ കാമുകിയായ പെൺകുട്ടി, ഉമർ എന്നിവരാണ് ശ്രീകാര്യം സ്റ്റേഷനിലുള്ളത്. ഉമറിന്റെ കാമുകിയേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്നാണ് വിവരം. കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ച് ഈ പെൺകുട്ടിക്ക് അറിയാമായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
Content Highlights: A 17-year-old was murdered by another 17-year-old in Pangappara, Thiruvananthapuram, due to a love dispute, with indications of more individuals involved, according to the police. The primary suspect has been presented to the Juvenile Justice Board, and a third suspect has been arrested; strong evidence suggests the juvenile suspect cannot escape charges. The murder involved a conflict over a girl, leading to the victim being lured to a secluded area, where he was killed and his body concealed; police suspect additional accomplices and have detained several individuals, including Umar, who is confirmed to be involved.
Published: 03 Nov 2026, 05:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented