തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ അമിത പലിശ വാ​ഗ്ദാനംചെയ്ത് നിക്ഷേപകരിൽനിന്ന് കോടികൾ തട്ടി. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യൺ ബീസ് എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത്. കേരളത്തിൽ ആകെ 100 കോടിയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമികവിവരം. സ്ഥാപനത്തിനെതിരെ നിരവധി പരാതികളും പോലീസിന് ലഭിച്ചു. സ്ഥാപന ഉടമകൾ മുങ്ങിയിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

To advertise here,

ട്രേഡിം​ഗിലൂടെ അമിതമായ പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് വലിയ സാമ്പത്തിക നിക്ഷേപം സ്വീകരിക്കുകയായിരുന്നു ബില്യൺ ബീസ് എന്ന സ്ഥാപനം. 2020-മുതലാണ് തട്ടിപ്പ് ആരംഭിച്ചത്. സ്ഥാപന ഉടമ വിപിൻ ആയിരുന്നു ഈ നിക്ഷേപ സമാഹരണം നടത്തിയത്. വാ​ഗ്ദാനത്തിൽ വീണ നിരവധിപേർ നിക്ഷേപം നടത്തി. ഇവർക്ക് ആദ്യത്തെ അഞ്ച് മാസത്തോളം സ്ഥാപനം നൽകാമെന്ന് പറഞ്ഞ പലിശ ലഭിച്ചിരുന്നു. പലിശ ലഭിച്ചവർ വീണ്ടും ഇതേ സ്ഥാപനത്തിൽത്തന്നെ നിക്ഷേപം നടത്തി. രണ്ടുകോടിയോളം രൂപ നിക്ഷേപം നടത്തിയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. 

എന്നാൽ പിന്നീട് ഇത് മുടങ്ങുകയായിരുന്നു. നിലവിൽ 32 പേരാണ് ഇരിങ്ങാലക്കുടയിൽ  മാത്രം സ്ഥാപനത്തിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. 2024 ഡിസംബറിലാണ് ആദ്യ പരാതി ഇരിങ്ങാലക്കുട പോലീസിന് ലഭിച്ചത്. ഇതിൽ പോലീസ് കേടസെടുത്തു. തട്ടിപ്പിനിരയായ മറ്റുള്ളവരുടെ  പരാതികൾ സ്വീകരിച്ചുവരികയാണിപ്പോൾ.

ഇരിങ്ങാലക്കുടയിൽ ആരംഭിച്ച തട്ടിപ്പ് പിന്നീട് കേരളത്തിന്റെ പല ഭാ​ഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കേരളത്തിന് പുറത്തും ദുബായിലുമുൾപ്പെടെ ഈ സ്ഥാപനത്തിന് ശാഖകളുണ്ട്. ദുബായിലും നിരവധി പേർ ഇതേ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.