ബെംഗളൂരു: ടെക്കി യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു. ബെംഗളൂരു എച്ച്എഎൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന റിട്ട. നേവി ക്യാപ്റ്റനായ നവീൻ ചന്ദ്ര ഭട്ട് (60), ദന്തഡോക്ടറായ ശ്യാമള ഭട്ട് (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദമ്പതിമാരുടെ മകനും ഐടി ജീവനക്കാരനുമായ രോഹൻ ചന്ദ്രഭട്ടിനെ (33) പോലീസ് കസ്റ്റഡിയിലെടുത്തു.

To advertise here,

കുടുംബവഴക്കും സാമ്പത്തിക തർക്കവുമാണ് അതിദാരുണമായ ഇരട്ടക്കൊലയിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. എന്താണ് കൊലപാതകത്തിന്റെ യഥാർഥ കാരണമെന്ന് വ്യക്തമല്ല. അതേസമയം, കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതി മാതാപിതാക്കളെ ആക്രമിച്ചതെന്നും പോലീസ് പറഞ്ഞു.

ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ദമ്പതിമാരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ എട്ടേകാലോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതിയായ രോഹനെ ഉടൻ കസ്റ്റഡിയിലെടുക്കുകയുംചെയ്തു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമേരിക്കയിലുള്ള ദമ്പതിമാരുടെ മകൾ നാട്ടിലെത്തിയശേഷമേ പോസ്റ്റ്‌മോർട്ടം നടപടികളുണ്ടാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.