പത്തനംതിട്ട: മെഴുവേലി സർവീസ് സഹകരണ ബാങ്കിൽനിന്ന് സ്വർണവും പണവും കവർന്ന കേസിൽ അഞ്ച് പ്രതികൾക്ക് കഠിനതടവും പിഴയും.

To advertise here,

മെഴുവേലി പുത്തൻപറമ്പിൽ വി. വിനു, ഓമല്ലൂർ വാഴമുട്ടം പുന്തല പുത്തൻവീട്ടിൽ സുരേഷ് കുമാർ, ആലപ്പുഴ എടത്വ നൈത്യാരുപറമ്പിൽ സുധീഷ്, തലവടി പുത്തപറമ്പിൽ പി.കെ. ഗിരീഷ്, ആലപ്പുഴ താമരക്കുളം പണ്ടാരശ്ശേരിൽ ബിജു രാമകൃഷ്ണൻ എന്നിവരെയാണ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

ഒന്നാംപ്രതി വിനു, രണ്ടാംപ്രതി സുരേഷ് കുമാർ, നാലാംപ്രതി സുധീഷ്, അഞ്ചാംപ്രതി ഗിരീഷ് എന്നിവർക്ക് രണ്ടുവർഷം 11 മാസം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ഇവർ നാലുപേരും മെഴുവേലി സർവീസ് സഹകരണബാങ്കിന് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു. മോഷണമുതൽ വാങ്ങിയ ഏഴാംപ്രതി ബിജു രാമകൃഷ്ണന് ഒന്നരവർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ആറാംപ്രതി ഹാരി ജോൺ, എട്ടാംപ്രതി മനു എന്നിവരെ കോടതി വെറുതേ വിട്ടു. മൂന്നാംപ്രതി പോത്രാട് സ്വദേശി സന്തോഷ് ഇപ്പോഴും ഒളിവിലാണ്.

ജഡ്ജി ഡോ.ജോൺ വർഗീസാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ രൻജീം ഇസ്മയിൽ ഹാജരായി. ശിക്ഷ മൂന്നുവർഷത്തിൽ താഴെയായതിനാൽ പ്രതികൾക്ക് ജാമ്യം നൽകി.

2011 ഓഗസ്റ്റ് 20, 21 തീയതികളിൽ രാത്രിയിലാണ് പ്രതികൾ ബാങ്കിൽനിന്ന് 501 പവൻ സ്വർണവും (4008 ഗ്രാം) നാലു ലക്ഷത്തോളം രൂപയും കവർന്നത്. ബാങ്കിന്റെ പിൻഭാഗത്തുള്ള ജനലിന്റെ ഇരുമ്പഴികൾ ഗ്യാസ്‌കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. സ്വർണവുംപണവും സൂക്ഷിച്ചിരുന്ന ലോക്കറും ഗ്യാസ്‌കട്ടർ ഉപയോഗിച്ച് അറുത്തു. ശനി, ഞായർ ദിവസങ്ങളിൽനടന്ന മോഷണം തിങ്കളാഴ്ചയാണ് പുറംലോകം അറിയുന്നത്.

മോഷ്ടാക്കൾ സഞ്ചരിച്ച വാൻ ചെങ്കോട്ടയിൽനിന്ന് പോലീസ് കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. ഓഗസ്റ്റ് 28-ന് ഒന്നാംപ്രതി വിനുവിനെ പോലീസ് അറസ്റ്റുചെയ്തു. രണ്ടാംപ്രതി സുരേഷ്‌കുമാറിനെ സെപ്റ്റംബർ ആദ്യം പന്തളം പോലീസ്, ഗുജറാത്തിലെ സൂററ്റിൽനിന്നാണ് പിടികൂടിയത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റുപ്രതികളെയും പിടികൂടി.

പന്തളം സി.ഐ. ആയിരുന്ന എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 2012 സെപ്റ്റംബർ നാലിന് അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2015 മാർച്ചിൽ റാന്നി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ ആരംഭിച്ചു. 2019 വരെ സലീം കാമ്പിശ്ശേരിയായിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ. 2023-ൽ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് മാറ്റി. ഡി.ഡി.പി. അനിൽ ഭാനുവും പ്രോസിക്യൂഷനുവേണ്ടി ഹാജരായി.