പത്തനംതിട്ട: 2011 ഓഗസ്റ്റ് 20 ശനിയാഴ്ച രാത്രി. മെഴുവേലി സർവീസ് സഹകരണബാങ്കിന്റെ കുറിയാനിപ്പള്ളിയിലെ പ്രധാനശാഖയുടെ പിൻഭാഗത്തെ ജനലിന്റെ ഇരുമ്പഴികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നു. ഇതിലൂടെ അകത്തുകടന്ന മോഷ്ടാക്കൾ സുരക്ഷിതമുറിയുടെ ഷട്ടറും തകർത്തു. എന്നാൽ, അന്ന് നിരാശയായിരുന്നു ഫലം. സ്വർണവും പണവും സൂക്ഷിച്ചിരുന്ന ലോക്കർ അറുത്തുമാറ്റാൻ കഴിയാതെ പുറത്തിറങ്ങി. ഏറെ നാളത്തെ ആസൂത്രണം തൊട്ടടുത്തദിനം നടപ്പാക്കാൻ തീരുമാനിച്ചു.

To advertise here,

ഞായറാഴ്ച പകൽ. ഒന്നാംപ്രതി വിനു അന്ന് ബാങ്ക് പരിസരത്തുണ്ടായിരുന്നു. ആരും വരുന്നില്ലെന്ന് ഉറപ്പാക്കി മോഷ്ടാക്കൾ അന്ന് രാത്രി ലക്ഷ്യംനേടി. 501 പവൻ സ്വർണവും നാല് ലക്ഷത്തോളം രൂപയും കവർന്ന് കടന്നു.

ബാങ്കിന്റെ സുരക്ഷിതത്വക്കുറവും സെക്യൂരിറ്റി ജീവനക്കാരൻ ഇല്ലാത്തതും മോഷ്ടാക്കൾക്ക് തുണയായി. തിങ്കളാഴ്ച രാവിലെ നാട് ഞെട്ടിത്തരിച്ചു. ഒരുകോടിയിലേറെ രൂപയുടെ സ്വർണം നഷ്ടപ്പെട്ടിരിക്കുന്നു. പോലീസ് അതിവേഗം കരുക്കൾ നീക്കി.

വലിയ പ്ലാൻ

കുറിയാനിപ്പള്ളി കവലയ്ക്ക് സമീപമുള്ള കെട്ടിടത്തിന്റെ ഒന്നാംനിലയിലാണ് ബാങ്ക് പ്രവർത്തിച്ചിരുന്നത്. സംഭവത്തിനുപിന്നിൽ വൻ കവർച്ചസംഘമാണെന്ന് പോലീസ് ആദ്യമേ സ്ഥിരീകരിച്ചിരുന്നു. വളരെനാളായി നിരീക്ഷണം നടത്തിയശേഷമാണ് ഇവർ റബ്ബർതോട്ടത്തിലൂടെയും കാടുകയറിയ സ്ഥലത്തുകൂടിയും ഗ്യാസ് സിലിൻഡറും മറ്റ് സാധനങ്ങളും ബാങ്കിന്റെ പിന്നിലെത്തിച്ചത്. ബാങ്കിലേക്ക് കയറുന്ന ഭാഗത്തും ഉള്ളിലും മോഷ്ടാക്കൾ കയറിയ ഭാഗത്തുമെല്ലാം മുളകുപൊടി വിതറി.

ഗ്യാസ് കട്ടറുപയോഗിച്ച് ജനൽക്കമ്പിയും ഉള്ളിലെ ഷട്ടറും ലോക്കറും മുറിച്ചുമാറ്റുമ്പോൾ ജനാലയിലൂടെ പ്രകാശം പുറത്തുകാണാതിരിക്കാനായി നിലത്തുകിടന്ന ചകിരിമെത്ത ജനലിൽ തൂക്കിയിട്ടു. വായുസഞ്ചാരത്തിനുള്ള എയർ ഹോളുകളും തുണി ഉപയോഗിച്ച് അടച്ചിരുന്നു.

ലോക്കറും ഷട്ടറും മുറിക്കുമ്പോൾ ചൂടാകുന്നത് തടയാൻ ബക്കറ്റിൽ വെള്ളവും ചൂടുള്ള ഭാഗത്ത് പിടിക്കാനായി ഒരുകിലോയോളം വെയ്സ്റ്റ് തുണിയും മോഷ്ടാക്കൾ കരുതിയിരുന്നു. മോഷണം നടന്ന ബാങ്കിന് സമീപത്തായി നാല് വീടുണ്ടെങ്കിലും അസാധാരണമായി ഒരുശബ്ദംപോലും അവർ കേട്ടില്ല.

കൈയെത്തുംദൂരത്ത് പ്രതി

ബാങ്കിനെപ്പറ്റിയും പരിസരത്തെപ്പറ്റിയും നല്ലപോലെ അറിഞ്ഞാണ് വിനു, സുരേഷ് കുമാർ, സന്തോഷ്, സുധീഷ്, ഗിരീഷ് എന്നിവർ മോഷണത്തിന് പദ്ധതിയിട്ടത്. സംഭവം നടന്ന് ഏഴാംദിവസം ഒന്നാംപ്രതി വിനുവിനെ പിടികൂടി.

മോഷണം പോയ 4.220 കിലോ സ്വർണത്തിൽ മൂന്നുകിലോയോളം വിനുവിനെ പിടികൂടുമ്പോൾ പോലീസ് കണ്ടെത്തിയിരുന്നു. ബാങ്കിൽ പോലീസ് അന്വേഷണം നടത്തുമ്പോൾ വിനുവും അവിടെയുണ്ടായിരുന്നു. പരിസരവാസികളിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചപ്പോഴാണ് വിനുവിന്റെ വിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.

അബ്കാരി കേസുകളിൽ പ്രതിയായിരുന്നു വിനു. ബാങ്കിൽ ഇയാൾക്ക് അക്കൗണ്ടും ഉണ്ടായിരുന്നു. മോഷണം നടന്നതിന്റെ തലേദിവസം രാത്രി 11.30 വരെ വിനു അവിടെ ഉണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തി. വിനുന്റെ മൊബൈൽ ഫോൺ വിവരങ്ങൾ പിന്തുടർന്നാണ് പോലീസ് ഇയാളുടെ നീക്കങ്ങൾ അറിഞ്ഞത്. തൂത്തുക്കുടിയിലും തിരുനെൽവേലിയിലും നടന്ന ബാങ്ക് കവർച്ചയുമായി സാമ്യമുള്ള മോഷണമാണ് മെഴുവേലിയിലും നടന്നതെന്ന വിവരം അറിഞ്ഞ് തമിഴ്‌നാട് പോലീസും ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.

പന്തളം ടു സൂറത്ത്

രണ്ടാംപ്രതി സുരേഷ് കുമാറിനെ ഗുജറാത്തിലെ സൂറത്തിൽനിന്നാണ് അറസ്റ്റുചെയ്തത്. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായിരുന്നു സുരേഷ്. നാട്ടിൽനിന്നുഇയാൾ സൂറത്തിലേക്ക് കാറിൽ കടന്നുകളഞ്ഞതായി പന്തളം പോലീസ് സി.ഐ. ആയിരുന്ന എസ്. നന്ദകുമാറിന് വിവരം ലഭിച്ചു. സുരേഷിനെ കൊണ്ടുവിട്ട് തിരിച്ചെത്തിയ അതേകാറിൽ ഉദ്യോഗസ്ഥരെയും കൂട്ടി നന്ദകുമാർ സൂറത്തിന്പുറപ്പെട്ടു. ഗുജറാത്തിലെ കൊസമ്പ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

സുരേഷ് നേരത്തെ ഗുജറാത്തിലായിരുന്നെന്നും 1998-ൽ ഫാക്ടറിയിൽ മോഷണം നടത്തിയതിന് ഇയാളുടെ പേരിൽ കൊസമ്പ സ്റ്റേഷനിൽ കേസുള്ളതായും പോലീസ് കണ്ടെത്തി. ബാങ്ക് കവർച്ച നടത്തി 20 ദിവസങ്ങൾക്കുള്ളിൽ സുരേഷ് കുമാർ പോലീസിന്റെ വലയിലായി. എസ്. നന്ദകുമാറിന്റെ അന്വേഷണമികവും പ്രതികളെ പിടികൂടാൻ പ്രധാനകാരണമായി. ഇപ്പോൾ പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ഡിവൈ.എസ്.പി.യാണ് നന്ദകുമാർ.

ഇപ്പോഴത്തെ ജില്ല അഡീഷണൽ എസ്.പി.യുംഅന്നത്തെ പന്തളം സർക്കിൾ ഇൻസ്‌പെക്ടറും ആയിരുന്ന ആർ. ജയരാജ് ആണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്. തുടർന്ന്നന്ദകുമാർ അന്വേഷണം പൂർത്തിയാക്കി. അടൂർ ഡിവൈ.എസ്.പി. ആയിരുന്ന അനിൽദാസ് ആണ് അന്വേഷണം മേൽനോട്ടം വഹിച്ചത്.

പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥരായ അജി സാമുവൽ, പ്രസന്നൻപിള്ള, സന്തോഷ്, വിനോദ് എന്നിവരും പ്രതികളെ പിടികൂടുന്നതിൽ മുഖ്യ പങ്കുവഹിച്ചു. എസ്.സി.പി.ഒ. അനുരാജ് വിചാരണയിൽ പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു. ബാങ്കിൽനിന്ന് കവർന്നെടുത്ത സ്വർണ്ണത്തിൽ നാല് കിലോയോളം പ്രതികളിൽനിന്ന് വീണ്ടെടുക്കുന്നതിനും സാധിച്ചിരുന്നു.

ഷർട്ടിൽ കുടുങ്ങി, വാനിൽ വീണു

വിരലടയാളം ലഭിക്കാതിരിക്കാൻ പ്രതികൾ ഗ്ലൗസ് ധരിച്ചതിനാലും പോലീസ്നായ മണം പിടിക്കാതിരിക്കാൻ സംഭവസ്ഥലത്ത് മുളകുപൊടി വിതറിയതിനാലും ആദ്യം യാതൊരു തെളിവും ലഭിച്ചില്ല. പിന്നീട് ബാങ്ക് പരിസരത്തുനിന്ന്ഷർട്ട് ലഭിച്ചു. അതിന്റെ കോളറിൽനിന്ന് ഷർട്ട് തുന്നിയത് അമ്പലപ്പുഴയിലെ തയ്യൽകടയിലാണെന്ന് കണ്ടെത്തി. പ്രത്യേകരീതിയിൽ ബട്ടൺപടിയുള്ളതായിരുന്നു ഷർട്ട്.

12 പേർക്ക്അത്തരത്തിൽ അവിടെ ഷർട്ട് തുന്നിയിരുന്നു. അതിൽനിന്ന് ഷർട്ടിന്റെ ഉടമയെ കണ്ടെത്തി.ആളിനെ കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് അയാളുടെ വാൻ ഒരുമാസം മുമ്പ് മോഷണംപോയ വിവരം അറിയുന്നത്.

വലിയവാൻ ബാങ്ക് പരിസരത്ത് പലതവണ കണ്ടതായി മുമ്പ് ചിലർ പോലീസിന് മൊഴി നൽകി. വാനിലേക്ക് നീണ്ട അന്വേഷണം പ്രതികളിലേക്ക് വഴിതെളിച്ചു.

ചെങ്കോട്ടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാൻ പന്തളം പോലീസ് കണ്ടെത്തി. ഇതിന്റെ നമ്പറും വ്യാജമായിരുന്നു. വ്യാജനമ്പർ ഉണ്ടാക്കിയയാളെ പോലീസ് പ്രതി ചേർത്തെങ്കിലും കോടതി ഇയാൾ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു.