കൊല്‍ക്കത്ത: നീലച്ചിത്ര റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളില്‍ രാഷ്ട്രീയവിവാദം. നീലച്ചിത്രക്കേസിലെ മുഖ്യപ്രതിയായ ശ്വേതാ ഖാനൊപ്പമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തില്‍ രാഷ്ട്രീയവിവാദങ്ങളും ഉടലെടുത്തിരിക്കുന്നത്. ഇതോടെ ശ്വേത ഖാനും കേസിലെ മറ്റൊരു പ്രതിയായ ഇവരുടെ മകനും തൃണമൂല്‍ നേതാക്കളുമായി അടുത്തബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. 

To advertise here,

നീലച്ചിത്രക്കേസ് വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെയാണ് ശ്വേത ഖാനും തൃണമൂല്‍ നേതാക്കളും ഒരുമിച്ചുള്ള ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഫെയ്‌സ്ബുക്കില്‍ ശ്വേത ഖാത്തൂന്‍ എന്ന പേരിലുള്ള പ്രൊഫൈലിലാണ് ഈ ചിത്രങ്ങളെല്ലാം പോസ്റ്റ് ചെയ്തിരുന്നതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മന്ത്രി അരൂപ് റോയ്, എംപി സുദീപ് ബന്ധോപാധ്യായ്, മുന്‍ മന്ത്രി രാജിബ് ബാനര്‍ജി തുടങ്ങിയ തൃണമൂല്‍ നേതാക്കള്‍ക്കൊപ്പമുള്ള ശ്വേതാ ഖാന്റെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ശ്വേതാ ഖാനും ഭരണകക്ഷിയായ തൃണമൂലിന്റെ നേതാക്കളും തമ്മില്‍ അടുത്തബന്ധമാണുള്ളതെന്നാണ് ബിജെപിയുടെ ആരോപണം. ഇത്രയും ആരോപണങ്ങളുയര്‍ന്നിട്ടും കേസില്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ലെന്നും പ്രതികള്‍ക്ക് തൃണമൂല്‍ നേതാക്കളുമായി അടുത്തബന്ധമുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്നും ബിജെപി നേതാവ് പ്രിയങ്ക തിബ്രെവാള്‍ ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. അതേസമയം, സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

സോഡേപുര്‍ സ്വദേശിയായ 23-കാരി പരാതിയുമായി രംഗത്തെത്തിയതോടെയാണ് ശ്വേത ഖാന്റെ നേതൃത്വത്തിലുള്ള നീലച്ചിത്ര റാക്കറ്റിനെക്കുറിച്ച് പുറംലോകമറിയുന്നത്. ശ്വേത ഖാനും മകനും ചേര്‍ന്ന് ഇവന്റ് മാനേജ്‌മെന്റ് ഏജന്‍സിയുടെ മറവില്‍ നീലച്ചിത്ര നിര്‍മാണവും സെക്‌സ് റാക്കറ്റും നടത്തിവരികയാണെന്നും നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന് തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി.

ബാര്‍ ഡാന്‍സറായും നീലച്ചിത്രത്തിലെ അഭിനേതാവായും പ്രവര്‍ത്തിക്കണമെന്നായിരുന്നു ശ്വേത ഖാന്റെയും മകന്റെയും ആവശ്യം. ഇതിന് വിസമ്മതിച്ചതോടെ കെട്ടിയിട്ട് മര്‍ദിച്ചെന്നും സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ്ദണ്ഡ് കയറ്റി മാരകമായി പരിക്കേല്‍പ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ഗുരുതരമായി പരിക്കേറ്റ യുവതി സാഗര്‍ദത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, പോലീസ് കേസെടുത്തതിന് പിന്നാലെ കേസിലെ മുഖ്യപ്രതികളായ ശ്വേതാ ഖാനും മകനും ഒളിവില്‍പോയി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം.