ഡീപ്പ് ഫേക്ക് ഉപയോഗിച്ച് നെതര്‍ലന്‍ഡ്‌സ് കിരീടാവകാശി കാതറീന അമാലിയ രാജകുമാരിയുടെ നഗ്‌ന ദൃശ്യങ്ങള്‍ നിര്‍മിച്ച സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതം. കാതറീനയ്ക്കൊപ്പം രാഷ്ട്രീയത്തിലും മറ്റ് ഉന്നത സ്ഥാനങ്ങളിലുള്ള സ്ത്രീകളുൾപ്പെടെ എഴുപതുപേരാണ് ഡീപ്ഫേക് പോർണോ​ഗ്രാഫിയുടെ ഇരകളായത്. എഐ ഉപയോ​ഗിച്ച് നീലച്ചിത്ര നടിമാരുടെ ശരീരത്തിൽ കാതറീനയുടെ മുഖം വെച്ചാണ് വീഡിയോകൾ നിർമിച്ചത്. 

To advertise here,

നിലവിൽ പ്രവർത്തനരഹിതമായ മിസ്റ്റർ ഡീപ്ഫേക്സ് ഉൾപ്പെടെയുള്ള നിരവധി വെബ്സൈറ്റുകളിലൂടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. നെതർലന്റ്സ് അധികൃതർ, എഫ്ബിഐ, മറ്റു രാജ്യങ്ങളിലെ പോലീസ് എന്നിവർ സംയുക്തമായി വീഡിയോകളിലേറെയും നീക്കം ചെയ്തിട്ടുണ്ട്. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും നൂർദ് ഹോളണ്ടിൽ നിന്നുള്ള എഴുപത്തിമൂന്നുകാരനെ കേന്ദ്രീകരിച്ച് അന്വേഷണം
നടക്കുന്നുണ്ട്.

ഇത് രണ്ടാംതവണയാണ് കാതറീന ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്. 2022-ലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അണ്ടർ​ഗ്രാജ്വേറ്റ് തീസിസിന്റെ വിഷയമായി കാതറീന തിരഞ്ഞെടുത്തതും ഡീപ്ഫേക് വിവാദമായിരുന്നു.

2003-ൽ നെതർലന്റ്സിലെ ദി ഹെയ്​ഗിലാണ് കാതറീന അമാലിയയുടെ ജനനം. വില്യം അലക്സാണ്ടർ രാജാവിന്റെയും മാക്സിമ രാജ്ഞിയുടെയും മൂത്ത പുത്രിയാണ് കാതറീന. ആംസ്റ്റർ‍ഡാം സർവകലാശാലയിൽ നിന്ന് ഡി​ഗ്രി പൂർത്തിയാക്കിയ കാതറീന ഡച്ച് ലോയിൽ അതേ സർവകലാശാലയിൽ നിന്ന് ബിരുദമെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്തുണയില്‍ കൃത്രിമമായി നിര്‍മിക്കപ്പെട്ട യഥാര്‍ഥമെന്ന് തോന്നുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദം ഉള്‍പ്പടെയുള്ള ഉള്ളടക്കങ്ങളെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്. എഐയെ പ്രതിനിധീകരിക്കുന്ന ഡീപ്പ് ലേണിങ് എന്ന വാക്കും വ്യാജം എന്നര്‍ത്ഥം വരുന്ന ഫേക്ക് (Fake) എന്ന വാക്കും സംയോജിപ്പിച്ചതാണ് ഡീപ്പ് ഫേക്ക് എന്ന പേര്.

ഡീപ്പ് ഫേക്കുകളെ എങ്ങനെ കണ്ടെത്താം?

ഡീപ്പ് ഫേക്കുകളുടെ കാലത്ത് വീഡിയോ, ഓഡിയോ, ചിത്രങ്ങള്‍ എന്നിവയെ വിശ്വസിക്കുന്നതില്‍ ജാഗ്രത പാലിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അസ്വാഭാവികതയുണ്ടെന്ന് സംശയം തോന്നിയാല്‍ അത് പരിശോധിക്കാതിരിക്കരുത്. 

നഗ്ന ചിത്രങ്ങളാണ് പ്രധാനമായും അപകടകാരികള്‍, സിനിമ, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലയില്‍ പ്രശസ്തരായ ആളുകളുടെ നഗ്ന, അര്‍ധനഗ്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ വഴി ലഭിക്കുമ്പോള്‍ തീര്‍ച്ചയായും അത് ഒരു വ്യാജ വീഡിയോ ആണെന്ന് സംശയിക്കുക.

ഡീപ്പ് ഫേക്ക് വീഡിയോകളിലെ മുഖങ്ങളുടെ കൺചലനം സാധാരണ നിലയിലായിരിക്കില്ലെന്ന് 2008-ൽ ചില അമേരിക്കന്‍ ഗവേഷകര്‍ നിരീക്ഷിക്കുകയുണ്ടായി. ഡീപ്പ് ഫേക്ക് വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ അത് നമുക്കും കാണാം. കണ്ണുകള്‍ ചിമ്മുന്നത് പഠിച്ചെടുക്കാന്‍ അല്‍ഗൊരിതത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്ന് സാരം. പക്ഷെ അത് പഠിച്ചെടുക്കുന്നതോടെ ഡീപ്പ് ഫേക്ക് തിരിച്ചറിയാനുള്ള ആ വഴി അടയും.
ഗുണമേന്മയില്ലാത്ത ഡീപ്പ് ഫേക്ക് വീഡിയോകള്‍ തിരിച്ചറിയുക എളുപ്പമാണ്. ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മില്‍ ചേര്‍ച്ചയുണ്ടാവില്ല. അതുപോലെ ചര്‍മ്മം, മുടി, ആഭരണങ്ങള്‍ എന്നിവയിലെല്ലാം ചില പ്രശ്‌നങ്ങളും കാണാനാവും. മുഖഭാവങ്ങളിലും അസ്വാഭാവികത തോന്നാം.
യഥാര്‍ത്ഥ വ്യക്തിയുടെ ശരീര ഘടനയും വീഡിയോയിലെ ശരീര ഘടനയും തമ്മില്‍ താരതമ്യം ചെയ്യാം. വസ്ത്രധാരണ രീതിയും സംശയം ജനിപ്പിക്കാം. 

വീഡിയോ സ്ലോമോഷനില്‍ സൂക്ഷിച്ച് നോക്കുക. യഥാര്‍ത്ഥ വീഡിയോയില്‍ നിന്നുള്ള രംഗങ്ങള്‍ ചിലപ്പോള്‍ മിന്നി മായുന്നത് ശ്രദ്ധില്‍ പെടാം. 

അഡോബി കണ്ടന്റ് ഒതന്റിസിറ്റി ഇനിഷ്യേറ്റീവ്, മൈക്രോസോഫ്റ്റ് വീഡിയോ ഓതന്റിക്കേറ്റര്‍ തുടങ്ങിയ ധാരാളം സോഫ്റ്റ് വെയര്‍ സംവിധാനങ്ങള്‍ ഉള്ളടക്കങ്ങളുടെ വിശ്വാസ്യത പരിശോധിക്കുന്നതിനായി ലഭ്യമാണ്. സംശയമുള്ള ഉള്ളടക്കങ്ങള്‍ ഇതില്‍ പരിശോധിക്കാം. എന്നാല്‍, അവയ്ക്ക് ഡീപ്പ് ഫേക്കുകളെ തിരിച്ചറിയാനാകും എന്ന് 100 ശതമാനം ഉറപ്പിക്കാനാവില്ല.