പന്തീരാങ്കാവ്: സ്വകാര്യ ബാങ്ക് ജീവനക്കാരിൽനിന്ന് 40 ലക്ഷംരൂപ കവർച്ചചെയ്ത കേസിലെ പ്രതി പന്തീരാങ്കാവ് പള്ളിപ്പുറം മനിയിൽപറന്പിൽ ഷിബിൻലാലിനെ (മനു-37) പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂരിൽനിന്ന് പാലക്കാട്ടേക്ക് പോവുന്നതിനിടെ ബസിൽവെച്ചാണ് വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ കെ. ഷാജു, എസ്ഐ ആർ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
55,000 രൂപ മാത്രമേ ഇയാളുടെ കൈയിൽനിന്ന് കിട്ടിയുള്ളൂ. ബാക്കിത്തുക കണ്ടെത്താനായില്ല. മറ്റാരെയെങ്കിലും ഏൽപ്പിച്ചതാണോ എവിടെയെങ്കിലും ഒളിപ്പിച്ചതാണോ എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരുകയാണ്.
ഷിബിൻലാലുമായി ബന്ധമുള്ള മറ്റ് മൂന്നുപേരെ പോലീസ് നിരീക്ഷണത്തിലാക്കിയെങ്കിലും അറസ്റ്റുവിവരം പുറത്തുവന്നതോടെ അവർ മുങ്ങി.
ബാഗിൽ ഒരു ലക്ഷം രൂപമാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബാഗ് ഉപേക്ഷിച്ചെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്. ബാക്കിത്തുക കണ്ടെത്താനായി കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഇൻസ്പെക്ടർ കെ. ഷാജു പറഞ്ഞു.
കവർച്ചനടത്തിയ ദിവസംതന്നെ പ്രതി പാലക്കാട്ടേക്ക് പോയിരുന്നു. ബൈക്കിലാണ് കോഴിക്കോട് വിട്ടതെന്നാണ് ലഭിച്ച വിവരം. അവിടെനിന്ന് തൃശ്ശൂരെത്തി പാലക്കാട്ട് തിരിച്ചെത്തുമ്പോഴാണ് വിവരമറിഞ്ഞെത്തിയ പോലീസ് ബസിൽനിന്ന് പിടികൂടുന്നത്.
ബന്ധുവിന്റെ കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് ഷിബിൻലാൽ പാലക്കാട്ടുപോകുന്ന പതിവുണ്ട്. അങ്ങനെയാണ് പാലക്കാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.
പ്രതിയിൽനിന്ന് മൂന്ന് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു. കവർച്ചയിൽ ബാങ്കുമായി ബന്ധമുള്ള ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പന്തീരാങ്കാവിൽ പ്രവർത്തിക്കുന്ന ഒളവണ്ണ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയിലാണ് സ്വർണം പണയം വെച്ചതെന്നാണ് ഷിബിൻലാൽ പറഞ്ഞതെന്നാണ് ഇസാഫ് ബാങ്ക് അധികൃതർ പോലീസിനോട് വ്യക്തമാക്കിയത്. അക്ഷയ ഫൈനാൻസിയേഴ്സിൽ എന്നാണ് സംഭവദിവസം പറഞ്ഞിരുന്നത്. അക്ഷയ ഫൈനാൻസിയേഴ്സിനടുത്തുള്ള ബാങ്ക് എന്ന് പറഞ്ഞത് തെറ്റിദ്ധരിച്ചതാകാം എന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കവർച്ചനടന്നത്. പന്തീരാങ്കാവ് മണക്കടവ് റോഡിലെ ബാങ്കിൽ പണയംവെച്ച സ്വർണം മാറ്റിവെക്കാനാണെന്ന കള്ളക്കഥയുണ്ടാക്കി ഷിബിൻലാൽ രാമനാട്ടുകരയിലെ ഇസാഫ് ബാങ്കിലെത്തി 40 ലക്ഷം രൂപ ആവശ്യപ്പെടുകയും ഷിബിൻലാലിന്റെ വിശദവിവരങ്ങൾ അന്വേഷിച്ചറിഞ്ഞശേഷം പണവുമായി ഇസാഫ് ബാങ്ക് ജീവനക്കാർ ബാങ്കിന് സമീപമെത്തുകയുമായിരുന്നു. പണവുമായി ജീവനക്കാരൻ അരവിന്ദൻ പന്തീരാങ്കാവിലെ ബാങ്കിലേക്ക് നടക്കുന്നതിനിടെ കൈവശമുള്ള പണമടങ്ങുന്ന ബാഗ് തട്ടിയെടുത്ത് പ്രതി സ്കൂട്ടറിൽ രക്ഷപ്പെട്ടു.
പ്രതി കവർന്ന പണവുമായി കടന്ന സ്കൂട്ടർ വീടിന് സമീപമുള്ള കോഴിക്കോടൻ കുന്നിൽനിന്ന് ബുധനാഴ്ച രാത്രിയോടെ പോലീസ് കണ്ടെത്തിയിരുന്നു. കൂടുതൽ പേർക്ക് കവർച്ചയിൽ പങ്കുണ്ടോയെന്നും ബാക്കി പണം എവിടെയെന്നും കണ്ടെത്താൻ തുടർന്നുള്ള അന്വേഷണത്തിലൂടെമാത്രമേ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
Content Highlights: Accused, who robbed 40 lakhs from bank officials in Pantheerankavu, held
Published: 14 Jun 2025, 06:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented