തിരുവനന്തപുരം: തിരുവനന്തപുരം ചാലയിൽ സ്വർണ കവർച്ച. വൈഷ്ണവി എന്ന ജൂവലറിയുടെ ഉടമയിൽനിന്ന് സ്വർണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചതായാണ് പരാതി. വ്യാഴാഴ്ച രാത്രി പത്തരയോടെ ജൂവലറി അടച്ച് വീട്ടിലേക്ക് മടങ്ങുംവഴിയാണ് കവർച്ച നടന്നതെന്ന് ഉടമ പറഞ്ഞു. ബൈക്കിലെത്തിയ രണ്ടുപേർ സ്വർണം കവരുകയായിരുന്നുവെന്നാണ് പരാതി. മഹാരാഷ്ട്ര സ്വദേശികളുടേതാണ് വൈഷ്ണവി ജൂവലറി. പഴയ സ്വർണം എടുക്കുന്ന കടയാണിത്. കവർന്ന സ്വർണത്തിന്റെ തൂക്കം സംബന്ധിച്ച് അവ്യക്ത നിലനിൽക്കുന്നുണ്ട്. 250 ഓളം പവൻ സ്വർണമുണ്ടായിരുന്നുവെന്നാണ് പോലീസിൽനിന്നുള്ള വിവരം. ഉടമയും ആദ്യം ഇങ്ങനെയാണ് പ്രതികരിച്ചത്. എന്നാൽ കുറച്ച് സ്വർണമേ ഉള്ളൂവെന്നാണ് ഉടമ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

To advertise here,

മറ്റു കടകളിൽനിന്നടക്കം കൊണ്ടുവരുന്ന സ്വർണം ഉരുക്കിയെടുക്കുന്നവരാണ് വൈഷ്ണവി ജൂവലറിയുടെ ഉടമകളെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു.

പതിവായി ഇത്തരത്തിൽ വീട്ടിലേക്ക് സ്വർണം കൊണ്ടുപോകാറുണ്ടെന്നും വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കട അടച്ച് ഇറങ്ങിയതെന്നും ജൂവലറി ഉടമ പറഞ്ഞു. രണ്ട് ബൈക്കുകളിലായി കവർച്ചാ സംഘം എത്തിയത്. പിന്നിൽനിന്ന് ബാഗ് പിടിച്ചുപറിക്കുകയായിരുന്നുവെന്നും ഉടമ വ്യക്തമാക്കി.