കോഴിക്കോട്: തന്റെ കാമുകിയുമായി ബന്ധമുണ്ടെന്ന സംശയത്തെതുടർന്ന് സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. പുതിയകടവ് പള്ളിത്താഴം സി.വി. സർഫാസിനെയാണ്‌ (21) എലത്തൂർ അക്കരയ്ക്കകത്ത് മുഹമ്മദ് സൈഫ് (22) കുത്തിപ്പരിക്കേൽപ്പിച്ചത്. ബുധനാഴ്ച രാത്രി ആറരയോടെ തോപ്പയിൽ ബസ് സ്റ്റോപ്പിന് സമീപത്താണ്‌ സംഭവം. തലയ്ക്ക് മുൻവശത്തും ഇടതുകൈയ്ക്കും ഇടതു തോൾഭാഗത്തും പരിക്കുണ്ട്. മുറിവുകൾ ആഴത്തിലുള്ളതല്ല.

To advertise here,

കാമുകിയായ പെൺകുട്ടി കുറച്ചുകാലമായി പ്രതിയുമായി അകൽച്ചയിലാണ്. ഇതാണ് സംശയം വർധിക്കാൻ കാരണം. സുഹൃത്തായ സർഫാസിന് സന്ദേശമയക്കുന്നുണ്ടെന്നും സംശയിച്ചു. ഇതോടെ വ്യാഴാഴ്ച എലത്തൂരിൽനിന്ന് സർഫാസിനെ ലക്ഷ്യംവെച്ച് വെള്ളയിലേക്ക് എത്തുകയും വാക്തർക്കത്തിനിടെ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ബീച്ചാശുപത്രിയിൽ എത്തിച്ച സർഫാസിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മുഹമ്മദ് സൈഫിനെ തോപ്പയിൽ ഭാഗത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സർഫാസ് ഹാർബറിൽ മത്സ്യത്തൊഴിലാളിയാണ്. പ്രതി ലഹരിയുപയോഗിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒന്നിലധികം കേസുകളിൽ പ്രതിയാണ്. അറസ്റ്റിന് സബ്‌ ഇൻസ്പെക്ടർ ഹരീഷ് കുമാർ, അസിസ്റ്റന്റ് സബ്‌ ഇൻസ്പെക്ടർ നിഷ, സിവിൽ പോലീസ് ഓഫീസർമാരായ മധുസൂദനൻ, ഹോംഗാർഡ് സഞ്ജു എന്നിവർ നേതൃത്വം നൽകി.