അനന്തപുർ (ആന്ധ്ര പ്രദേശ്): പത്താംക്ലാസ് വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളെ യന്ത്രവാൾ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതിയെ വെടിവെച്ചു വീഴ്ത്തി പോലീസ്. പ്രതി ഹേമന്തിന് (21) ആണ് പോലീസിന്റെ വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റത്. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്.

To advertise here,

സ്കൂളിലെ ആക്രമണത്തിനുശേഷം ഒളിവിൽപോയ ഹേമന്ത്, വനപ്രദേശത്ത് കഴിയുന്നതായി പോലീസിന് രഹസ്യവിവിരം ലഭിച്ചിരുന്നു. കസ്റ്റഡിയിലെടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോൾ, ഹേമന്ത് കത്തി കാണിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസുകാർക്കുനേരെ കല്ലെറിയുകയും ചെയ്തതിനെ തുടർന്നാണ് വെടിവെപ്പുണ്ടായത്. പോലീസ് ഇയാൾക്കുനേരെ ആറു തവണ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പ്രതിക്കും ഏതാനും പോലീസുകാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച അനന്തപുർ ജില്ലയിലെ റാപ്താഡു ജില്ലാ പരിഷത്ത് ഹൈസ്കൂളിലെ ക്ലാസ്സ് മുറിയിൽ അതിക്രമിച്ചുകയറിയ ഹേമന്ത്, യന്ത്രവാൾ ഉപയോഗിച്ച് രണ്ട് വിദ്യാർത്ഥിനികളെ ആക്രമിച്ചിരുന്നു. ഇതിലൊരു വിദ്യാർത്ഥിനിയുടെ വലംകൈ പൂർണമായും അറ്റുപോയി. സഹപാഠികളുടെയും അധ്യാപകരുടെയും മുന്നിൽ നടന്ന ഈ സംഭവം വിദ്യാർത്ഥികളെ പരിഭ്രാന്തരാക്കി.

ആക്രമണത്തിനിരയായ പെൺകുട്ടികളെ അനന്തപുരിലെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരാളുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിക്ക് ഒന്നിലധികം അവയവങ്ങൾക്ക് ആഴത്തിലുള്ള ക്ഷതമേൽക്കുകയും എല്ലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്.