കൊച്ചി: തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ചസംഭവത്തില്‍ അഭിഭാഷകന്‍ അഡ്വ. ബെയ്‌ലിന്‍ ദാസിനെതിരേ ബാര്‍ കൗണ്‍സിലിന്റെ നടപടി. അഡ്വ. ബെയ്‌ലിന്‍ ദാസിന് സംസ്ഥാന ബാര്‍ കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തി. ഇയാള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. 

To advertise here,

കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനാണ് ബെയ്‌ലിന്‍ ദാസിന് ഇന്നുമുതല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അച്ചടക്കസമിതിയുടെ അന്തിമതീരുമാനം വരുന്നതുവരെയാണ് വിലക്ക്. ബെയ്‌ലിന്‍ ദാസിന്റേത് നിന്ദ്യമായ നടപടിയാണെന്നും ബാര്‍ കൗണ്‍സില്‍ വിലയിരുത്തി. 

അതേസമയം, ബാര്‍ അസോസിയേഷനിലെ ആരും ബെയ്‌ലിന്‍ ദാസിനെ സഹായിച്ചിട്ടില്ലെന്ന് ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആരും അറസ്റ്റ് തടഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസിന് സ്വതന്ത്രമായ അന്വേഷണം നടത്താമെന്നും ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. 

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയായ പാറശ്ശാല കോട്ടവിള പുതുവല്‍പുത്തന്‍വീട്ടില്‍ ശ്യാമിലി(26)യെയാണ് സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് ക്രൂരമായി മര്‍ദിച്ചത്. അടിയേറ്റ് കണ്ണിനും താടിയെല്ലുകള്‍ക്കും പരിക്കേറ്റ ശ്യാമിലി കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. കൈകൊണ്ടും നിലംതുടയ്ക്കാന്‍ ഉപയോഗിക്കുന്ന മോപ്സ്റ്റിക്കുകൊണ്ടും സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് ശ്യാമിലിയുടെ പരാതി. 

ചൊവ്വാഴ്ച രണ്ടരയോടെ വഞ്ചിയൂര്‍ ത്രിവേണി ആശുപത്രി റോഡിലെ വക്കീല്‍ ഓഫീസിലായിരുന്നു സംഭവം. മൂന്നുവര്‍ഷമായി ബെയ്ലിനൊപ്പം ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന ശ്യാമിലിയെ ഒരാഴ്ച മുന്‍പ് പുറത്താക്കിയതായി അറിയിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് വീണ്ടും വിളിച്ച ബെയ്ലിന്‍, ഇവരോട് ക്ഷമ ചോദിക്കുകയും തിരികെ ജോലിക്കുവരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ജോലിക്കെത്തിയ ശ്യാമിലി തന്നെ പുറത്താക്കാനുള്ള കാരണം ചോദിച്ചതാണ് കൊടുംമര്‍ദനത്തില്‍ കലാശിച്ചത്. ഒടുവില്‍ ശ്യാമിലിയുടെ ഭര്‍ത്താവെത്തിയാണ് വിവരം പോലീസില്‍ അറിയിച്ചത്. സംഭവത്തിന് പിന്നാലെ ബെയ്‌ലിന്‍ ദാസ് ഒളിവില്‍പോയിരിക്കുകയാണ്. 

ഗര്‍ഭിണിയായിരുന്ന സമയത്തും ബെയ്‌ലിന്‍ ദാസ് മര്‍ദിച്ചിരുന്നതായും പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തടഞ്ഞതായും ശ്യാമിലി ആരോപിച്ചിരുന്നു. വക്കീല്‍ ഓഫീസില്‍നിന്ന് ബെയ്‌ലിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ബാര്‍ അസോസിയേഷന്‍ ഭാരവാഹികളുടെ നിലപാടെന്നും ശ്യാമിലി പറഞ്ഞു.

അതിനിടെ, വനിതാ കമ്മീഷനടക്കം സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ബുധനാഴ്ച വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ശ്യാമിലിയെ സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തി. മന്ത്രി പി. രാജീവും ശ്യാമിലിയെ സന്ദര്‍ശിക്കാനെത്തി. അഭിഭാഷകയ്ക്ക് മര്‍ദനമേറ്റത് ഗൗരവതരമായ സംഭവമാണെന്നും കടുത്ത നടപടി വേണമെന്നും മന്ത്രി പറഞ്ഞു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും കുറ്റവാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.