അടൂർ: എം.ഡി.എം.എ. കേസിലെ പ്രതികൾക്ക് പണം അയച്ചുനൽകിയെന്നാരോപിച്ച് യുവാവിനെ ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുമണിക്കൂറോളം കസ്റ്റഡിയിൽ വെച്ചശേഷം, അന്വേഷിക്കുന്നയാൾ ഇയാളല്ലെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടയച്ചു. കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലീസ് മർദിച്ചതായും യുവാവ് പരാതിപ്പെട്ടു. അടൂർ പറക്കോട് സുബൈർ മൻസിലിൽ അഫ്സലിനെയാണ് (28), പാലാരിവട്ടം പോലീസ് ബുധനാഴ്ച രാവിലെ 10.30-ന് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. 2025-ൽ പാലാരിവട്ടം പോലീസ് പിടികൂടിയ എം.ഡി.എം.എ. കേസിലെ പ്രതികൾക്ക് അഫ്സലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 34,000 രൂപ അയച്ചുനൽകിയെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ, അത്തരമൊരു ബാങ്ക് അക്കൗണ്ട് തനിക്കില്ലെന്ന് വ്യക്തമാക്കിയിട്ടും, പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വീട്ടിൽനിന്ന് വിലങ്ങണിയിച്ച് കൊണ്ടുപോകുന്നതിനിടെ, പോലീസിനൊപ്പമുണ്ടായിരുന്ന അടൂർ സ്റ്റേഷനിലെ സി.പി.ഒ. മർദിച്ചെന്നും തന്റെ അമ്മയെ പിടിച്ചുതള്ളിയെന്നും അഫ്സൽ പറഞ്ഞു. അടൂർ സ്റ്റേഷനിലെത്തിച്ചശേഷം നൂറനാട് ഭാഗത്തെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി. ഇതിനിടെയാണ്, പോലീസ് അന്വേഷിക്കുന്ന വ്യക്തിയല്ല അഫ്സലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നൂറനാട് സ്റ്റേഷനിലെത്തിച്ച്, ഉപദ്രവിച്ചിട്ടില്ലെന്ന് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു.
അവശനിലയിലായതോടെ, അടൂരിലുള്ള സുഹൃത്തുക്കളെ നൂറനാട്ടേക്ക് വിളിച്ചുവരുത്തി അവരുടെ വാഹനത്തിൽ അടൂർ ജനറൽ ആശുപത്രിയിലെത്തി ചികിത്സതേടി. മർദനത്തിൽ കാലിനും മുഖത്തും പരിക്കേറ്റതായും അഫ്സൽ പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും ജില്ലാ പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്നും, ഡി.വൈ.എഫ്.ഐ. പറക്കോട് മേഖലാ കമ്മിറ്റിയംഗംകൂടിയായ അഫ്സൽ അറിയിച്ചു. സമാനപേരുള്ളയാളെ അന്വേഷിച്ചാണ് പോലീസ് എത്തിയതെന്നാണ് വിവരം.
Content Highlights: Afsal (28) from Adoor was wrongfully detained by Palarivattom police in an MDMA case., Police falsely claimed money was transferred from his account to drug accused persons., He was detained for five hours, handcuffed, and allegedly assaulted by the police., His mother was pushed, and he later sought medical treatment at Adoor General Hospital., The victim plans to file complaints with the Chief Minister, Home Department, and Human Rights Commission.
Published: 15 Oct 2026, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented