തിരുവനന്തപുരം: ''ആ രഹസ്യം ഈ ഭൂമിയിൽ രണ്ടാമതൊരാൾ അറിയില്ല. അത് എന്നോടൊപ്പം മണ്ണിൽ അലിഞ്ഞില്ലാതാകും...''-പിടിക്കപ്പെടില്ലെന്ന അത്രയും ആത്മവിശ്വാസത്തോടെ പറഞ്ഞ 'ദൃശ്യ'ത്തിലെ ജോർജുകുട്ടിയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു, ഇത്രയും വർഷം രവീന്ദ്രൻ നായർ. പോലീസ് ഏറെ അകലെയാണെന്ന് അയാൾ കരുതി. പക്ഷേ, ക്രൈംബ്രാഞ്ച് സംഘം അയാളുടെ തൊട്ടടുത്തുതന്നെ എപ്പോഴുമുണ്ടായിരുന്നു. കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരുടേതുൾപ്പെടെയുള്ള ദുരൂഹമരണങ്ങളിൽ പ്രതി രവീന്ദ്രനാണെന്ന് ആദ്യമേ ഉറപ്പിച്ചിട്ടും പോലീസിന് തെളിവുകളോടെ പിടികൂടാൻ വേണ്ടിവന്നത് ഒൻപത് വർഷങ്ങൾ.

To advertise here,

സിനിമയിലെ കഥാപാത്രം ചെന്നുപെട്ടത് അവിചാരിതമായ ഒരു കൊലപാതകത്തിലേക്കായിരുന്നുവെങ്കിൽ, ഇവിടെ തെളിവ് അവശേഷിപ്പിക്കാത്ത കൊലപാതകങ്ങൾക്ക് വർഷങ്ങളുടെ ആസൂത്രണമായിരുന്നു രവീന്ദ്രൻ നടത്തിയത്. സമാനമായ കേസുകൾ പഠിച്ചും ജോർജുകുട്ടിയെപ്പോലെ ക്രൈം സിനിമകൾ കണ്ടും വായിച്ചും ഇയാൾ വർഷങ്ങളോളം കൂടത്തിൽ കുടുംബത്തിന് പിന്നാലെയുണ്ടായിരുന്നു. ഇയാളുടെ മുറിയിൽനിന്ന് പോലീസ് കണ്ടെടുത്തതിൽ അധികവും ക്രൈം സംബന്ധിയായ പുസ്തകങ്ങൾ.

ഇയാളിലേക്ക് പലപ്പോഴും പോലീസ് എത്തിയെങ്കിലും കൃത്യമായ തെളിവുകൾ ഇല്ലാതെ അവസാനനിമിഷം പ്രതി രക്ഷപ്പെടുകയായിരുന്നു.

പോലീസ് ജോലി ഉപേക്ഷിച്ച് കോടതിയിൽ കയറിപ്പറ്റിയ രവീന്ദ്രൻ

കൂടത്തിൽ കുടുംബത്തിന്റെ കോടികളുടെ ആസ്തി തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു രവീന്ദ്രന്റെ ജീവിതംതന്നെ. വിദ്യാസമ്പന്നനും കുശാഗ്രബുദ്ധിക്കാരനുമായ രവീന്ദ്രൻനായർക്ക് ആദ്യം ഇറിഗേഷൻ വകുപ്പിലും പിന്നീട് പോലീസിലും ജോലി ലഭിച്ചിരുന്നു. പോലീസിൽ ട്രെയിനിങ് പൂർത്തിയാകുംമുൻപ് രാജിവെച്ച് കോടതിയിൽ ഗുമസ്തൻ തസ്തികയിൽ ചേരുകയായിരുന്നു. രേഖകൾ സൂക്ഷിക്കുന്ന റെക്കോഡ് സെക്ഷൻ തന്നെ ചോദിച്ചുവാങ്ങുകയും ചെയ്തു. സീനിയർ സൂപ്രണ്ടായാണ് വിരമിച്ചത്.

വഞ്ചിയൂർ കോടതിയിലെത്തുന്ന സമാനമായ കേസുകളെല്ലാം ഇയാൾ കൃത്യമായി പഠിച്ചു. നിയമങ്ങളും പഴുതുകളും നടപടികളുമെല്ലാം ഹൃദിസ്ഥമാക്കി. കുറ്റകൃത്യങ്ങൾക്ക് കൃത്യമായ 'ടൈം ടേബിൾ' ഉണ്ടാക്കിയായിരുന്നു ഇയാൾ നടപ്പാക്കിയിരുന്നതെന്ന് പോലീസ് പറയുന്നു.

സ്വത്ത് തട്ടിയെടുക്കാൻ ഇയാൾ തയ്യാറാക്കിയത് വ്യാജ വിൽപ്പത്രമായിരുന്നുവെന്ന് തെളിയിക്കാൻപോലും പോലീസിന് രണ്ടരവർഷം വേണ്ടിവന്നു. വിൽപ്പത്രം ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടര വർഷത്തിനുശേഷമാണ് കോടതി പോലീസിന് അനുകൂലമായ വിധിപറഞ്ഞതും പരിശോധനയിൽ വ്യാജ ഒപ്പാണെന്ന് കണ്ടെത്തിയതും.

തിടുക്കപ്പെട്ട് മൃതദേഹങ്ങൾ സംസ്‌കരിച്ചു

കൂടത്തിൽ തറവാട്ടിലെ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്ഠന്മാരായ നാരായണപിള്ളയുടെയും വേലുപ്പിള്ളയുടെയും മക്കളായ ജയമാധവൻ, ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരാണ് പലപ്പോഴായി ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഇവരുടെയെല്ലാം മൃതദേഹങ്ങൾ വളരെ പെട്ടെന്നുതന്നെ കാര്യസ്ഥനായ രവീന്ദ്രൻനായർ മുൻകൈയെടുത്ത് ഈ പുരയിടത്തിൽ തന്നെ ദഹിപ്പിച്ചു.

പക്ഷേ, ജയമാധവൻ നായർ മരിച്ച അന്നുതന്നെ അസ്വാഭാവികമരണത്തിനു കരമന പോലീസ് കേസെടുത്തിരുന്നുവെങ്കിലും തുടരന്വേഷണങ്ങൾ നടന്നില്ല. പോസ്റ്റ്മോർട്ടം കഴിഞ്ഞയുടൻതന്നെ തിടുക്കപ്പെട്ട് ഈ മൃതദേഹവും തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കുകയായിരുന്നു.

പക്ഷേ, ഇദ്ദേഹത്തിന്റെ 100 കോടിയോളം വിലമതിക്കുന്ന സ്വത്തുക്കൾ മരണശേഷം കാര്യസ്ഥൻ രവീന്ദ്രൻനായരും അകന്ന ചില ബന്ധുക്കളും ചേർന്നു പങ്കിട്ടെടുത്തതോടെയാണ് ദുരൂഹതയുണ്ടായത്. പൊതുപ്രവർത്തകനായ അനിൽകുമാറും വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

ചുവരിൽ തലയിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; നിലവിളിച്ചപ്പോൾ തലയിണ തിരുകി

കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരെ പ്രതി രവീന്ദ്രൻ നായർ തല ചുവരിലിടിപ്പിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന കണ്ടെത്തലിലാണ് ക്രൈംബ്രാഞ്ച്. ജയമാധവൻ നായർ ഉച്ചത്തിൽ നിലവിളിച്ചതോടെ പ്രതി തലയിണകൊണ്ട് ഇയാളുടെ വായും മൂക്കും പൊത്തിപ്പിടിച്ചു. അങ്ങനെ ശ്വാസംമുട്ടിയാണ് ഇയാൾ മരിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കൂടത്തിൽ കുടുംബത്തിലെ കാര്യസ്ഥനായിരുന്നു രവീന്ദ്രൻ നായരെ(60) ഒൻപതുവർഷങ്ങൾക്കുശേഷം ചൊവ്വാഴ്ചയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.ഐ.ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ബ്രെയിൻ മാപ്പിങ്ങിലൂടെയായിരുന്നു ഒടുവിൽ ഇയാളെ പോലീസ് കുടുക്കിയത്.

2017 ഏപ്രിലിലാണ് അവിവാഹിതനായ ജയമാധവൻ നായർ മരിച്ചത്. വിശാലമായ വളപ്പിനുള്ളിലെ പഴയ കെട്ടിടത്തിൽ ഇയാൾ ഒറ്റയ്ക്കു കഴിയുകയായിരുന്നു. വീട്ടിൽവെച്ച് കട്ടിലിൽനിന്ന് താഴെ വീണ് പരിക്കേൽക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച രവീന്ദ്രൻ നായർ മൊഴി നൽകിയിരുന്നത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നറിയാനാണ് ഫൊറൻസിക് പരിശോധന നടത്തിയത്.

ജയമാധവൻ നായരുടെ തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. കൂടാതെ ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായി. കട്ടിലിൽനിന്നു തറയിൽ വീണപ്പോഴല്ല തലയിൽ പരിക്കേറ്റതെന്ന് ആദ്യപരിശോധനയിൽ വ്യക്തമാവുകയും ചെയ്തു.

ആശുപത്രിയിൽ കൊണ്ടുപോയെന്ന് ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ സുമേഷ്, കള്ളമൊഴി നൽകാൻ രവീന്ദ്രൻ നായർ പ്രേരിപ്പിച്ചതാണെന്നു പിന്നീടു പോലീസിനോടു സമ്മതിച്ചു. രക്തക്കറ പുരണ്ട തടിക്കഷണവും കട്ടിലിലെ രക്തക്കറയുമാക്കെ പിന്നീട് വീണ്ടെടുക്കാനായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തെ സഹായിച്ചു.

ദൈവത്തിന്റെ കയ്യൊപ്പായി രക്തക്കറ

ജയമാധവൻ നായരുടെ ദുരൂഹ മരണം നടന്ന് രണ്ടരവർഷം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതെങ്കിലും ആ തെളിവ് മായാതെ അവശേഷിച്ചു. മരിച്ച ജയമാധവന്റെ രക്തക്കറ ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തത് മൂന്ന് ഇടങ്ങളിൽനിന്ന്.

ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ച സജുവിന്റെ കാർ ഇയാൾ വിൽക്കുകയും മൂന്ന് കൈമറിഞ്ഞ് അപ്പോഴേക്കും കാസർകോട് എത്തുകയും ചെയ്തിരുന്നു. പോലീസ് ഈ കാർ വീണ്ടെടുത്ത് പരിശോധിച്ചപ്പോൾ കാർെപറ്റിൽ രക്തക്കറ കണ്ടെത്തി. പരിശോധനയിൽ ഇത് പുരുഷന്റേതാണെന്ന് തെളിയുകയും ചെയ്തു. കേസന്വേഷണത്തിൽ ഭാഗ്യം തങ്ങൾക്കൊപ്പമാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് ഇതോടെ ആത്മവിശ്വാസമായി.

മരണം നടന്ന കാലടിയിലെ വീട്ടിൽ രണ്ടരവർഷത്തിനുശേഷം നടന്ന ഫൊറൻസിക് പരിശോധനയിലും 'ദൈവത്തിന്റെ കൈയൊപ്പു'പോലെ ചോരക്കറ മായാതെ കിടന്നിരുന്നു. കട്ടിലിൽ ആണ് ആദ്യം രക്തക്കറ കണ്ടെത്തിയത്. വീട്ടിലെ വരാന്തയിൽ കണ്ട ചെറിയ പലകക്കഷണത്തിലും ചോരക്കറ മാഞ്ഞില്ല. കൂടാതെ വീടിനു മുന്നിൽനിന്നു കിട്ടിയ പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത പ്രതിമയിൽനിന്നും രക്തക്കറ ക്രൈംബ്രാഞ്ചിനു ലഭിച്ചു.

രക്തക്കറയടക്കമുള്ള തെളിവുകളൊന്നും മതിയായിരുന്നില്ല ഇയാളെ കുടുക്കാൻ. കോടതി ജീവനക്കാരനായിരുന്ന പ്രതിക്കും ഇക്കാര്യം അറിയാമായിരുന്നു. എന്നിട്ടും പിടിക്കപ്പെടാതായതോടെ ഇയാളുടെ ആത്മവിശ്വാസം ഏറി. എന്നാൽ, ക്രൈംബ്രാഞ്ച് സംഘം ഇയാൾക്ക് പിന്നാലെതന്നെ ഉണ്ടായിരുന്നു.

സജുവിനെ അറിയാം: ബ്രെയിൻ മാപ്പിങ്ങിൽ തരംഗങ്ങൾ ഉത്തരം പറഞ്ഞു

കേരള പോലീസിന്റെ ചരിത്രത്തിലെതന്നെ ആദ്യ ബ്രെയിൻ മാപ്പിങ്ങിലൂടെയാണ് രവീന്ദ്രൻനായർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്. ബ്രെയിൻ മാപ്പിങ് നടത്തണമെങ്കിൽ പ്രതി അനുവാദം നൽകണമായിരുന്നു. ആദ്യം ഇതിനു വിസമ്മതിച്ച ഇയാൾ ഇല്ലെങ്കിൽ തന്റെമേൽ സംശയമേറുമെന്നും അറസ്റ്റ് ചെയ്യപ്പെടുമെന്നും ഭയന്നാണ് ഒടുവിൽ സമ്മതിച്ചത്.

പ്രതികളുടെയോ സാക്ഷികളുടെയോ ഓർമ്മയിൽ ഒരു സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതാണ് മാപ്പിങ്. തലച്ചോറിലെ 30 ഭാഗങ്ങളെ സ്പർശിക്കുന്ന ക്ലിപ്പുകൾ ഘടിപ്പിക്കും. ഇവ കംപ്യൂട്ടറുമായി ബന്ധപ്പെടുത്തിയിരിക്കും. ചോദ്യങ്ങളോടുള്ള തലച്ചോറിന്റെ പ്രതികരണം അനുസരിച്ച് കംപ്യൂട്ടർ തന്നെ ഉത്തരങ്ങൾ കണ്ടെത്തുന്ന രീതിയാണിത്. ഡ്രൈവർ സജുവിനെ അറിയില്ല എന്ന് രവീന്ദ്രൻ നായർ ആദ്യം പറഞ്ഞിരുന്നത് കള്ളമായിരുന്നു എന്നതുൾപ്പെടെയാണ് ബെംഗളൂരുവിൽ നടന്ന ബ്രെയിൻ മാപ്പിങ്ങിൽ വെളിവായത്.