ഇരിട്ടി: കൂട്ടുപുഴയിൽ 192 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിലായ കേസിൽ കൂട്ടുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പിടികിട്ടാപ്പുള്ളിയായി പോലീസ് തിരഞ്ഞിരുന്ന വടകര കരക്കാട്ടിന്റെ വീട്ടിൽ കെ. സാബിറ (36), സുഹൃത്ത് കോട്ടയം കടനാട് ചെമ്മായത്ത് മുളയ്ക്കൽ വീട്ടിൽ സാവിയോ മാത്യു (26) എന്നിവരെയാണ് ഇരിട്ടി പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം കൂട്ടുപുഴയിൽ 192 ഗ്രാം എംഡിഎംഎയുമായി ഉളിക്കൽ സ്വദേശി മുബഷീറിനെയും പെരിങ്കിരി സ്വദേശി റഹീമിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുബഷീറിന് എംഡിഎംഎ എത്തിച്ചുനൽകിയത് സാബിറയാണെന്ന് പോലീസ് കണ്ടെത്തി. ഇതിന്റെ പണം എത്തിയത് സാവിയോ മാത്യുവിന്റെ അക്കൗണ്ടിലാണെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാബിറയിലേക്കും സാവിയോ മാത്യുവിലേക്കും അന്വേഷണം എത്തിയത്. പോക്സോ കേസുമായി ബന്ധപ്പെട്ട് സാബിറ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ആധാർകാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ മാറ്റം വരുത്തി റോഷിനി സാവിയോ എന്ന പേരിൽ ആൾമാറാട്ടം നടത്തി ഇറങ്ങി നടക്കുകയായിരുന്നു. ‘ കർണാടകത്തിലും മിസോറമിലും ലഹരിസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു. കേരളത്തിൽനിന്ന് മിസോറമിലേക്ക് കടക്കുന്നതിനിടെ തൃശ്ശൂർ ജില്ലയുടെ അതിർത്തിയിൽവെച്ചാണ് ഇരുവരെയും ഇരിട്ടി പോലീസ് പിടികൂടിയത്. കണ്ണൂർ നാർക്കോട്ടിക് ഡിവൈ.എസ്.പി. എ. കുട്ടികൃഷ്ണന്റെ നിർദേശപ്രകാരം ഇരിട്ടി ഇൻസ്പെക്ടർ കെ.വി. ഉമേഷ്, പ്രൊബേഷൻ വനിതാ എസ്.ഐ. ഭവിന, കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളായ ഷൗക്കത്തലി, അനൂപ്, നിസാമുദ്ദീൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Published: 06 Oct 2026, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented