അടൂർ: പോക്‌സോ കേസ് പ്രതിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച രണ്ട് വ്‌ലോഗർമാർ അറസ്റ്റിൽ. കൊല്ലം അഞ്ചൽ അഗസ്തികോട് പൂവാനുംവിള അഗ്‌നി ജുവൽ (33), തിരുവനന്തപുരം മംഗലപുരം തോന്നയ്ക്കൽ രോഹിണിയിൽ അനീഷ് വിജയൻ (35) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. അടൂർ പോലീസ് മേയിൽ രജിസ്റ്റർചെയ്ത പോക്‌സോ കേസിലെ ഒന്നാം പ്രതിയുടെ അച്ഛനെയാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്.

To advertise here,

ശ്രീ വ്‌ലോഗ് എന്ന ചാനലിന്റെ ഉടമ ശ്രീജിത്ത്, ഭാര്യ, പുനലൂർ, അഞ്ചൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള വിസ്മയ യുറ്റിയൂബ് ചാനലിൽ പ്രവർത്തിക്കുന്ന അഗ്‌നിജുവൽ, അനീഷ് വിജയൻ, റഹീം എന്നിവർ പോക്‌സോ കേസിൽ അറസ്റ്റിലായ യുവാവിന്റെ ഫോണിലെ വീഡിയോകൾ പോലീസുകാർ മുഖേന തങ്ങൾക്ക് കിട്ടിയിട്ടുണ്ടെന്ന് അയാളുടെ പിതാവിനെ അറിയിച്ചു.

ഈ വീഡിയോകൾ തങ്ങളുടെ ചാനലിലൂടെ പ്രചരിപ്പിക്കാതെയിരിക്കണമെങ്കിൽ പത്തുലക്ഷം രൂപ തരണം എന്നുപറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. അത്രയും വലിയ തുക തരാൻ ഇല്ലെന്ന് പിതാവ് അറിയിച്ചു. തുടർന്ന് രണ്ടരലക്ഷം രൂപ കൊടുക്കാമെന്ന് സമ്മതിച്ചു.വിവരം പിതാവ് അടൂർ പോലീസിനെ അറിയിച്ചു. പണം വാങ്ങാൻ അടൂരിലെത്തിയ പ്രതികളെ പോലീസ് കുടുക്കുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

അടൂർ ഡിവൈ.എസ്.പി. വി.എസ്. പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എസ്.എച്ച്.ഒ. ജെ.അജയൻ, എസ്.ഐ.മാരായ എ.ആർ.അഭിലാഷ്, ജി.എസ്.ദീപു, രാധാകൃഷ്ണൻ, അനൂപ് രാഘവൻ, സി.പി.ഒമാരായ രാജഗോപാൽ, നിധിൻ, അർജുൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.