മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മാനേജർ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ എഫ്.ഐ.ആറിൽ പ്രതികരണവുമായി ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. വിഷയത്തിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
യാതൊരു തെളിവുകളുമില്ലാതെയാണ് വിഷയത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നത്. തന്നെ വ്യക്തിഹത്യചെയ്യാനുള്ള രാഷ്ട്രീയ എതിരാളികളുടെ ബോധപൂർവ്വ ശ്രമങ്ങളുടെ ഭാഗമാണ് ഇത്. അന്വേഷണം നടക്കട്ടെ. ജനങ്ങൾക്കുവേണ്ടി പോരാടുന്നതിൽ നിന്ന് പിന്മാറില്ല, ആദിത്യ താക്കറെ പറഞ്ഞു.
"ബഹളങ്ങൾ ഒഴിവാക്കി വസ്തുതകൾ മാത്രം സംസാരിക്കാം. ഞാൻ ദിശ സാലിയനെ ഇതുവരെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. ദാരുണമായ സംഭവത്തിലേക്ക് കഴിഞ്ഞ ആറ് വർഷത്തോളമായി എന്റെ പേര് വലിച്ചിഴക്കുകയാണ്. രാഷ്ട്രീയ-വ്യക്തിഗത ലക്ഷ്യങ്ങളുള്ള ചില വ്യക്തികൾ യാതൊരു തെളിവുകളുമില്ലാതെ നടത്തുന്ന ബോധപൂർവ്വമായ വ്യക്തിഹത്യയാണ് ഇത്.
സത്യത്തിന്റെയോ തെളിവുകളുടെയോ ഒരു തരിപോലുമില്ലാതെ സ്വാർത്ഥ താൽപ്പര്യക്കാർ നടത്തുന്ന നിരന്തരമായ വ്യാജ പ്രചാരണം തികച്ചും ദൗർഭാഗ്യകരമാണ്. ടിവി ചർച്ചകൾക്കും മാധ്യമ വിചാരണകൾക്കും വസ്തുതകളെ മാറ്റാൻ കഴിയില്ല. രാഷ്ട്രീയ ലക്ഷ്യങ്ങൾച്ചുവെച്ചുള്ള വ്യക്തിഹത്യകളില്ലാതെ ഔദ്യോഗികമായ പുനരന്വേഷണം വരട്ടെ.
രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇത്തരം ദുരുദ്ദേശപരമായ ശ്രമങ്ങൾ, സത്യത്തിനും സഹപൗരന്മാർക്കും വേണ്ടി പോരാടുന്നതിൽനിന്ന് നമ്മെ പിന്നോട്ടടിക്കുമെന്ന് കരുതുന്ന ആ ചുരുക്കം ചിലരോട് ഒന്നുകൂടി പറയട്ടെ, അത് നിങ്ങളുടെ പരാജയപ്പെട്ട തന്ത്രമാണ്. ഞങ്ങൾ എപ്പോഴും സത്യത്തിനൊപ്പം നിലകൊള്ളുകയും അതിനായി പോരാടുകയും ചെയ്യും, ആദിത്യ താക്കറെ എക്സിൽ കുറിച്ചു.
ദിശ സാലിയന്റെ മരണത്തിൽ ശിവസേനാ (ഉദ്ധവ് താക്കറെ) നേതാവും എം.എൽ.എയുമായ ആദിത്യ താക്കറെ, അഭിനേതാക്കളായ ഡിനോ മോറിയ, സൂരജ് പഞ്ചോളി, റിയ ചക്രവർത്തി എന്നിവരടക്കമുള്ളവരുടെ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെട്ടിരുന്നു. കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴായിരുന്നു നടപടി.
കൊലപാതകം, കൂട്ടബലാത്സംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ ഗൂഢാലോചനയിലും തുടർന്നുള്ള തെളിവ് നശിപ്പിക്കലിലും അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും മകൻ ആദിത്യ താക്കറെയ്ക്കും പ്രധാന പങ്കുണ്ടെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. കേസ് ഫയലുകളും ഔദ്യോഗിക രേഖകളും നശിപ്പിക്കൽ, സർക്കാരിന്റെ പണവും പോലീസിനെയും ദുരുപയോഗം ചെയ്ത് കുറ്റവാളികളെ സംരക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും സി.ബി.ഐ. ആവശ്യപ്പെടുന്നു.
Content Highlights: CBI filed an FIR in Disha Salian's death case including charges of murder, conspiracy, and destruction of evidence., Aditya Thackeray denied all allegations, calling them politically motivated defamation., Thackeray stated he never met or knew Disha Salian., The Bombay High Court recently ordered a CBI probe into the case.
Published: 16 Sept 2026, 07:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented