ചെന്നൈ: പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത മുന്മാനേജര് അഴകപ്പന്‍(64) വീണ്ടും അറസ്റ്റില്‍. ഗൗതമിയുടെയും സഹോദരന് ശ്രീകാന്തിന്റെയും പേരിലുള്ള 25 കോടിയോളംരൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഡിസംബറില്‍ ചെന്നൈ പോലീസ് അഴകപ്പനെ കേരളത്തില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു. ശ്രീപെരുംപുദൂരിലുള്ള സ്വത്ത് തട്ടിയെടുത്തതിന്റെപേരിലുള്ള പുതിയ കേസില്‍ കാഞ്ചീപുരം പോലീസാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
19 വര്ഷംമുന്പ് സ്തനാര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കുമ്പോഴാണ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനായി അഴകപ്പന്റെ പേരില്‍ ഗൗതമി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയത്. തുടര്‍ന്ന് ഗൗതമിയുടെയും സഹോദരന്റെയും പേരിലുള്ള പലയിടങ്ങളിലെ സ്ഥലം വില്‍ക്കുകയും ഇതില്‍നിന്ന് ലഭിച്ച പണമുപയോഗിച്ച് അഴകപ്പന്‍ തന്റെ കുടുംബാംഗങ്ങളുടെപേരില്‍ സ്ഥലം വാങ്ങുകയുമായിരുന്നു. ചില വില്പ്പനകളില് പണത്തട്ടിപ്പും നടത്തി.ഗൗതമിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത ചെന്നൈ പോലീസ് കഴിഞ്ഞവര്‍ഷം കേരളത്തില്‍നിന്നാണ് അഴകപ്പനെയും ഭാര്യയെയുമടക്കം ആറുപേരെ അറസ്റ്റ് ചെയ്തത്.
കുന്ദംകുളത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു ഇവര്‍. പിന്നീട് ഇവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെ സ്ഥലം നഷ്ടമായ കാഞ്ചീപുരം, തിരുവണ്ണാമലൈ, രാമനാഥപുരം എന്നിവിടങ്ങളില്‍ ഗൗതമി പരാതി നല്കി. ഇതില്‍ കാഞ്ചീപുരം ക്രൈംബ്രാഞ്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വേളാച്ചേരിയിലുള്ള വീട്ടില്‍നിന്ന് അഴകപ്പന്‍ പിടിയിലായത്. ഇതേ കേസില്‍ ഇയാളുടെ കൂട്ടാളി ബാലരാമന് നേരത്തേ അറസ്റ്റിലായിട്ടുണ്ട്.
ബി.ജെ.പി.യിലായിരുന്ന ഗൗതമി പാര്‍ട്ടിവിടാനുള്ള പ്രധാനകാരണവും ഈ സ്വത്ത് തട്ടിപ്പ് കേസായിരുന്നു. അഴകപ്പനെ ചില ബി.ജെ.പി. നേതാക്കള്‍ സഹായിച്ചെന്ന് ഗൗതമി ആരോപിച്ചിരുന്നു. കേരളത്തില്‍ ഒളിവില്‍ താമസിച്ചതുപോലും ഇവരുടെ സഹായത്തിലായിരുന്നെന്നാണ് ആരോപണം. ബി.ജെ.പി. വിട്ട ഗൗതമി നിലവില്‍ അണ്ണാ ഡി.എം.കെ.യിലാണ്
Content Highlights: actress gautami property cheating case accused manager arrested
Published: 17 Jul 2024, 10:21 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented