കൊച്ചി: ''വേഗം കുറയ്ക്കണമെന്ന് ഒരു വാക്ക് അന്നു പറഞ്ഞിരുന്നെങ്കിൽ... പക്ഷേ, അതു പറയാൻ ആർക്കും തോന്നിയില്ല...'' -തന്റെ ജീവിതത്തിൽ ഇരുട്ടുവീണ ആ രാത്രിയെക്കുറിച്ച് ഓർക്കുകയാണ് മിർഷാദ്. റോഡപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതോടെ കഴുത്തിന് താഴെ ചലനമറ്റു. വർഷങ്ങൾക്കിപ്പുറം മിർഷാദ് ഇപ്പോൾ റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ മുന്നണിയിലുണ്ട്. കളമശ്ശേരി എസ്.സി.എം.എസിൽ വ്യാഴാഴ്ച ആരംഭിക്കുന്ന അന്താരാഷ്ട്ര റോഡ് സുരക്ഷാ സമ്മേളനത്തിലും വീൽച്ചെയറിൽ മിർഷാദ് എത്തും.

To advertise here,

2022 ജൂൺ 29-നായിരുന്നു ആ അപകടം. പെരുമ്പിലാവ് കുറ്റിമൂച്ചിക്കൽ മുസ്തഫയുടെയും റസിയയുടെയും മകനായ മിർഷാദ് അന്ന് ഗൾഫിൽ സ്വിമ്മിങ് പൂൾ ടെക്‌നീഷ്യനായിരുന്നു. 29 വയസ്സ്. വിവാഹം കഴിഞ്ഞ് ഒന്നര വർഷമായതേയുള്ളൂ. അവധിക്ക് നാട്ടിൽ വന്നതായിരുന്നു. രാത്രി ചായ കുടിക്കാൻ സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയതാണ്- മിർഷാദ് ഓർക്കുന്നു.

'പെരുമ്പിലാവിലേക്ക് മടങ്ങിവരുമ്പോൾ കൊങ്ങണൂരിൽ വെച്ച് സൈഡ് റോഡിൽ നിന്നു പെട്ടെന്ന് വന്ന വാഹനം തൊട്ടു മുന്നിൽ. 120 കിലോമീറ്ററായിരുന്നു ഞങ്ങളുടെ സ്പീഡ്. ചവിട്ടിയിട്ട് നിന്നില്ല. കാറിന്റെ പിൻസീറ്റിലായിരുന്നു ഞാൻ. സീറ്റ് ബെൽറ്റ് ഇടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലായിരുന്നു. അപകടത്തിൽ തെറിച്ച് മുതുക് കാറിന്റെ മുകളിൽ ചെന്നിടിച്ചു. അതോടെ നട്ടെല്ലിന് പരിക്കേറ്റു. മുന്നിലിരുന്നവർ സീറ്റ് ബെൽറ്റിട്ടിരുന്നതിനാൽ പ്രശ്‌നമുണ്ടായില്ല.'

തുടർന്ന് പലതരം ചികിത്സകൾ നടത്തി. 26 ദിവസം ആശുപത്രിയിൽ കിടന്നു. 70 ശതമാനമാണ് ഇപ്പോൾ ഭിന്നശേഷി. ശരീരത്തിലെ ഞരമ്പുകൾക്കുള്ളിൽ അസഹ്യമായ വേദനയുണ്ട്. കുറച്ചുകാലം മുൻപ് സുഹൃത്തുകൾ ചേർന്ന് വീൽച്ചെയർ വാങ്ങിനൽകി. അവർ സഹായിച്ച് പെരുമ്പിലാവിൽ ഹെവൻ കിച്ചൺ സ്റ്റോഴ്‌സ് എന്നൊരു ചെറിയ കട തുടങ്ങി. ഭാര്യ ജസീറ എല്ലാത്തിനും കൂടെ നിന്നു. കടുത്ത വേദനയുടെ നാളുകളിൽ പെങ്ങൾ അയിഷയും ഒപ്പം നിന്നു. അയിഷയുടെ കുഞ്ഞ് ഇശൽ ഇപ്പോഴും എവിടെപ്പോയാലും ഞങ്ങൾക്കൊപ്പമുണ്ടാകും.

മിർഷാദ് എന്ന അറബിവാക്കിന്റെ അർഥം വഴികാട്ടുന്നവൻ എന്നാണ്. റോഡ് സുരക്ഷയിൽ വഴി കാട്ടുമ്പോൾ മിർഷാദ് സ്വന്തം ജീവിതം പറയും. ക്ലാസുകളിൽ മിർഷാദ് സംസാരിക്കുമ്പോൾ ആളുകൾ നിശബ്ദം കേട്ടിരിക്കും. ചിലരുടെ കണ്ണുകൾ ഈറനണിയും. 'റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. കുട്ടിക്കാലത്തു തന്നെ പഠിക്കണം. എന്നെപ്പോലെ അനുഭവം ആർക്കും ഉണ്ടാകരുത്. അതാണെന്റെ പ്രാർഥന'- മിർഷാദ് പറയുന്നു.