കോഴിക്കോട്: ചെറുവണ്ണൂർ ആസിഡ് ആക്രമണക്കേസിലെ പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്. മുൻ ഭാര്യ പ്രവിഷയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് മുഖം വിരൂപമാക്കാനെന്നാണ് പ്രശാന്ത് പോലീസിന് മൊഴി നൽകിയത്. കൂടെ താമസിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ആസിഡ് ഒഴിക്കാനുള്ള തീരുമാനമെടുത്തത്.
പരീക്ഷണം നടത്തിയ ശേഷമാണ് ആസിഡ് ഒഴിച്ചതെന്നും പ്രശാന്ത്. ആദ്യം സ്വന്തം കയ്യിൽ ഒഴിച്ചാണ് തൊലി കരിയുമോ എന്ന് നോക്കിയത്. ഗുരുതരപൊള്ളലേൽക്കുമെന്ന് മനസ്സിലായതോടെയാണ് കൃത്യം ചെയ്യാൻ തീരുമാനിച്ചത്. ആദ്യം മൂത്തമകനെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാൽ മകൻ തയ്യാറായില്ല.
തുടർന്നാണ് ആസിഡ് കുപ്പിയുമായി പ്രവിഷ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തിയത്. കൂടെ വരാൻ പറ്റുമോ എന്ന് അവിടെ വെച്ചും പ്രവിഷയോട് ചോദിച്ചു. എന്നാൽ അവർ വിസമ്മതിച്ചു. തുടർന്നാണ് വണ്ടിയിൽ സൂക്ഷിച്ച ആസിഡ് പുറത്തെടുത്ത് പ്രവിഷയുടെ ശരീരത്തിൽ ഒഴിച്ചതെന്നും പ്രതി. മേപ്പയ്യൂരിലെ കടയിൽ നിന്നാണ് ആസിഡ് വാങ്ങിച്ചതെന്നും പ്രതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 9.30-ഓടെയാണ് ചെറുവണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്ന യുവതിക്കുനേരേ മുന്‍ഭര്‍ത്താവ് ആസിഡ് ആക്രമണം നടത്തിയത്. നടുവണ്ണൂര്‍ കൂട്ടാലിട പൂനത്ത് കാരടിപറമ്പില്‍ പ്രവിഷയുടെ (29) മുഖത്തും നെഞ്ചിനും പുറത്തുമാണ് പൊള്ളലേറ്റത്.
പ്രവിഷ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട മുന്‍ ഭര്‍ത്താവ് നടുവണ്ണൂര്‍ തിരുവോട് കാരടിപറമ്പില്‍ പ്രശാന്ത് (36) മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിക്കടിമയാണ് പ്രശാന്തെന്നാണ് പ്രവിഷയുടെ കുടുംബം പറയുന്നത്.
നടുവേദനയ്ക്ക് ചികിത്സയ്ക്കായി 18-നാണ് പ്രവിഷ ആശുപത്രിയിലെത്തിയത്. ഒരുകാര്യം സംസാരിക്കാനുണ്ടെന്നുപറഞ്ഞ് പ്രശാന്ത് വാര്‍ഡിനുമുന്നിലെ വരാന്തയിലേക്ക് പ്രവിഷയെ വിളിക്കുകയായിരുന്നു. കൈയില്‍ സ്റ്റീല്‍കുപ്പിയില്‍ കരുതിയിരുന്ന ആസിഡ് പ്രവിഷയുടെ മുഖത്തേക്കും ശരീരത്തിലേക്കും ഒഴിച്ചു. പൊള്ളലേറ്റ് നിലവിളിയോടെ പിന്‍തിരിഞ്ഞോടവേ ശരീരത്തിന്റെ പിന്‍ഭാഗത്തേക്കും ആസിഡൊഴിച്ചു. രക്ഷപ്പെടാനായി വാര്‍ഡിലെ ബാത്ത്റൂമിലേക്ക് പ്രവിഷ ഓടിക്കയറി. ഈസമയം പ്രശാന്ത് റോഡരികില്‍ നിര്‍ത്തിയ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു.
ആശുപത്രി ജീവനക്കാരും ഓടിയെത്തിയവരും പ്രവിഷയെ ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ശരീരത്തിന്റെ 20 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റതായും അപകടനില തരണംചെയ്തതായുമാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. മാറാട് കോടതി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പ്രവിഷയുടെ മൊഴി രേഖപ്പെടുത്തി.
മൂന്നുവര്‍ഷം മുന്‍പാണ് കുടുംബക്കോടതിവഴി ഇവര്‍ ബന്ധം വേര്‍പിരിഞ്ഞത്. ഇവരുടെ രണ്ട് ആണ്‍കുട്ടികള്‍ അച്ഛനൊപ്പമാണ്. ഒരുവര്‍ഷം മുന്‍പ് വീട്ടില്‍ക്കയറി പ്രവിഷയെയും അമ്മയെയും അടിച്ച് പരിക്കേല്‍പ്പിച്ചതിന് പ്രശാന്തിനെതിരേ ബാലുശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായുണ്ടായ നടുവേദനയ്ക്കാണ് ആയുര്‍വേദചികിത്സ നടത്തിയതെന്നും പറയുന്നു. രണ്ടുദിവസം മുന്‍പ് പ്രശാന്ത് പ്രവിഷയെ കാണാനെത്തിയിരുന്നു. കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ജീവനക്കാരിയാണ് പ്രവിഷ. പ്രശാന്ത് തൃശ്ശൂരില്‍ ടാക്‌സി ഡ്രൈവറാണ്.
Content Highlights: acid attack cheruvannur accused statement
Published: 26 Mar 2025, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented