തിരുവനന്തപുരം: കഠിനംകുളത്തെ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് ജോണ്‍സനെ കോട്ടയം ചിങ്ങവനത്തെ കുറിച്ചിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് വിഷം കഴിച്ചുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജോണ്‍സനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചിങ്ങവനത്ത് കുറിച്ചിയില്‍ ഒരു വീട്ടില്‍ ഹോം നഴ്‌സായി ജോലി ചെയ്തുവരുകയായിരുന്നു പ്രതി. പോലിസ് പിടിക്കുമെന്ന് ഉറപ്പായപ്പോള്‍ വിഷം കഴിച്ച ശേഷം ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുപ്പതുവയസ്സുള്ള ആതിരയെന്ന യുവതിയെ കഠിനംകുളത്ത് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ഭര്‍ത്താവാണ് കൊലപാതകം നടത്തിയതെന്ന സംശയത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിലാണ് പ്രതി സുഹൃത്തായ ജോണ്‍സണാണെന്ന സംശയമുയര്‍ന്നത്. ഇയാളെ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് പോലീസ് അന്വേഷണം.
ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് ജോണ്‍സണ്‍. കൊല്ലം സ്വദേശിയാണെങ്കിലും ഭാര്യയുടെ നാടായ എറണാകുളത്തെ ചെല്ലാനത്താണു താമസം. 5 വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.
കൊലപാതകത്തിന് അഞ്ച് ദിവസം മുന്‍പ് പെരുമാതുറയിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. കൊലപാതകത്തിന് ശേഷം ആതിരയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ കടന്നുകളഞ്ഞത്. പിന്നീട് ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതി ട്രെയിനില്‍ കയറി സംസ്ഥാനത്തിനു പുറത്തേക്കു കടന്നു എന്നായിരുന്നു കരുതിയിരുന്നത്.
ഏഴ് മാസം മുന്‍പ് ജോണ്‍സനെ കുറിച്ച് ആതിര പറഞ്ഞിരുന്നതായി ഭര്‍ത്താവ് രാജേഷ് പൊലീസിനോടു വെളിപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ്, കായംകുളം സ്വദേശിയായ ആതിരയെ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്കു പോയ രാജേഷ് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.
ഒരു വര്‍ഷക്കാലമായി ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയില്‍നിന്ന് പണം വാങ്ങിയിരുന്നതായാണ് വിവരം. യുവതി കൊല്ലപ്പെട്ട ദിവസം പ്രതി കത്തിയുമായി പോകുന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെ ഏകദേശം ഒരു വര്‍ഷം മുമ്പാണ് ജോണ്‍സണും ആതിരയും തമ്മില്‍ പരിചയപ്പെട്ടത്. ഇരുവരും പലയിടത്തും ഒന്നിച്ചുപോയതായും വിവരമുണ്ട്. തുടര്‍ന്ന് ആതിരയുടെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ ബ്ലാക്‌മെയില്‍ ചെയ്യാന്‍ തുടങ്ങി. ആദ്യം ഒരു ലക്ഷം രൂപ നല്‍കി. കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് 2500 രൂപ നല്‍കി. തനിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ശല്യം വര്‍ധിച്ചപ്പോള്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഇയാളുമായുള്ള ബന്ധത്തെച്ചൊല്ലി രാജീവും ആതിരയും തമ്മില്‍ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു.
സംഭവദിവസം രാവിലെ യുവതിയുടെ വീട്ടിലെത്തിയ പ്രതി അവരുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് ചായയില്‍ മയങ്ങാനുള്ള എന്തോ വസ്തു കലക്കിക്കൊടുത്തതായാണ് പോലീസ് പറയുന്നത്. ഇതിനുശേഷം കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആതിരയുടെ തന്നെ ഇരുചക്രവാഹനം ഉപയോഗിച്ചാണ് പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. കത്തിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. യുവതിയുടെ കാണാതായ സ്‌കൂട്ടര്‍ ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
Content Highlights: accused arrested in Kadinamkulam murder case
Published: 23 Jan 2025, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented