ബെംഗളൂരു: കര്‍ണാടക സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അന്വേഷണ ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ). സ്വര്‍ണവുമായി പിടിയിലായ കന്നഡ നടി രന്യയും കേസില്‍ അറസ്റ്റിലായ അവരുടെ സുഹൃത്ത് തരുണ്‍ രാജുവും ഒരുമിച്ച് 26 ദുബായ് യാത്രകള്‍ നടത്തിയതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഡിആര്‍ഐ കോടതിയെ അറിയിച്ചു. ഈ യാത്രകളില്‍ ഇവര്‍ സ്വര്‍ണക്കടത്ത് നടത്തിയെന്നാണ് ഡിആര്‍ഐ വ്യക്തമാക്കുന്നത്.
പലയാത്രകളും രാവിലെ ദുബായിലേക്ക് പോയി വൈകീട്ട് തിരിച്ചെത്തുന്നതായിരുന്നുവെന്നും ഡിആര്‍ഐ പറയുന്നു. തരുണ്‍ രാജു സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് അന്വേഷണ ഏജന്‍സി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് രന്യ റാവുവിനെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തരുണ്‍ രാജുവിനെയും അറസ്റ്റ് ചെയ്തത്.
രന്യക്കും തരുണിനും ഇടയിലുണ്ടായിട്ടുള്ള കൂടുതല്‍ സാമ്പത്തിക ബന്ധങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമായിരുന്നു തരുണ്‍ രാജു എന്ന വാദത്തിന് പിന്തുണ നല്‍കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഡിആര്‍എ പറയുന്നു. അറസ്റ്റിന് മുമ്പ് തരുണ്‍ രാജു രാജ്യംവിടാനുള്ള ശ്രമം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടത്തിയ സ്വര്‍ണ്ണവുമായി ജനീവയിലേക്കോ ബാംങ്കോക്കിലേക്കോ പോകാനായിരുന്നു തരുണിന്റെ പദ്ധതിയെന്നും ഡിആര്‍ഐ വ്യക്തമാക്കുന്നു.
ഇതിനിടെ രന്യയുമായി താന്‍ ബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അവരുടെ ഭര്‍ത്താവ് ജതിന്‍ ഹുക്കേരി കോടതിയെ അറിയിച്ചതും കേസില്‍ വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്. രന്യയുടെ കേസില്‍, അറസ്റ്റില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് ജിതിന്‍ ഹുക്കേരി ഇക്കാര്യം കോടതിയെ അറിയിച്ചത്. 2024 നവബംറിലാണ് രന്യയുടെയും ജതിന്‍ ഹുക്കേരിയുടെ വിവാഹം നടന്നത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം ഡിസംബറില്‍തന്നെ ഇവര്‍ പിരിഞ്ഞതായി ജതിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ ഭര്‍ത്താവും ആര്‍ക്കിടെക്റ്റുമായ ജതിന്‍ ഹുക്കേരിയും അന്വേഷഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചോദ്യംചെയ്യലുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് സംരക്ഷണംതേടി ജതിന്‍ കോടതിയെ സമീപിച്ചത്.
Content Highlights: 26 Dubai round-trips with actor friend Tarun-New probe details in Ranya Rao case
Published: 18 Mar 2025, 07:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented