'ഹായ്.... എന്നെ മറന്നോ, ജൂനിയറായി തുറവൂര്‍ സ്‌കൂളില്‍ പഠിച്ചതാണ്, ഇപ്പോള്‍ ചെന്നൈയിലെ ഐ.ടി. കമ്പനിയില്‍ ജോലിചെയ്യുന്നു.' ചെങ്ങന്നൂര്‍ സ്വദേശിയായ യുവാവിന് കഴിഞ്ഞ ഫെബ്രുവരിയില്‍ ലഭിച്ച ഫെയ്സ്ബുക്ക് സന്ദേശമാണിത്. ചിത്രവും കണ്ടാല്‍ ഒറിജിനലെന്ന് തോന്നുന്ന ഫെയ്സ്ബുക്ക് പ്രൊഫൈലും. എന്തായാലും യുവതിയുമായി യുവാവ് ചാറ്റിങ് തുടര്‍ന്നു. പതിയെപ്പതിയെ സൗഹൃദവും വളര്‍ന്നു.

അങ്ങനെയിരിക്കെയാണ് താന്‍ ചെങ്ങന്നൂരില്‍ വരുന്നുണ്ടെന്നും നേരിട്ടു കാണാമെന്നും യുവാവിനോട് യുവതി പറഞ്ഞത്. ഇതു പ്രകാരം ചെങ്ങന്നൂരിലെ ലോഡ്ജിലെത്തിയ യുവാവിന് യുവതിയുടെ കൈയില്‍നിന്ന് ബിയര്‍ വാങ്ങികുടിച്ചത് മാത്രമേ ഓര്‍മയുണ്ടായിരുന്നുള്ളൂ. മണിക്കൂറുകള്‍ കഴിഞ്ഞ് ലോഡ്ജ് ജീവനക്കാര്‍ വന്ന് വിളിച്ചപ്പോഴാണ് ബോധം തെളിഞ്ഞത്. നോക്കിയപ്പോള്‍ മൂന്നൂ പവന്റെ സ്വര്‍ണമാലയും ഒന്നര പവന്റെ കൈച്ചെയിനും ഒരു പവന്‍ മോതിരവും മൊബൈല്‍ ഫോണുമായി യുവതി സ്ഥലം വിട്ടിരുന്നു.

പിടിയിലായത് ദമ്പതിമാര്‍, തട്ടിപ്പ് പതിവെന്ന് പോലീസ്

ചെങ്ങന്നൂരിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട സ്വദേശി രതീഷ് എസ്. നായര്‍, ഭാര്യ രാഖി എന്നിവരെ പോലീസ് പഴനിയില്‍നിന്ന് പിടികൂടി. 13 വര്‍ഷമായി ഒരുമിച്ച് കഴിയുന്ന ദമ്പതിമാര്‍ ഇത്തരം തട്ടിപ്പ് നടത്തുന്നത് പതിവാക്കിയിരുന്നതായാണ് പോലീസ് പറയുന്നത്. ഇരയാകുന്നവരില്‍ പലരും നാണക്കേട് ഭയന്ന് പരാതിപ്പെടാന്‍ തയ്യാറാകാത്തതിനാല്‍ ഇവര്‍ക്ക് രക്ഷയാവുകയായിരുന്നു. എന്നാലും ഓച്ചിറയിലും പാലാരിവട്ടത്തും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതിന് നേരത്തെ ഇവര്‍ക്കെതിരേ കേസുണ്ട്. സ്വര്‍ണമാലയും ഐഫോണുകളുമാണ് ഇവിടങ്ങളില്‍നിന്ന് കവര്‍ന്നത്.

സൗഹൃദം സ്ഥാപിക്കുന്നത് യുവതി, ആഡംബരജീവിതം

പഴയ സഹപാഠിയാണെന്നും കലോത്സവത്തിന് കണ്ടിട്ടുണ്ടെന്നുമെല്ലാം പറഞ്ഞാണ് രാഖി യുവാക്കള്‍ക്ക് സന്ദേശം അയക്കുന്നത്. പെണ്‍കുട്ടിയുടെ സന്ദേശമായതിനാലും പഴയ സഹപാഠി ആണെന്ന് കരുതിയും പലരും കെണിയില്‍ വീഴും. ഇത്തരത്തില്‍ ചാറ്റിങ് തുടര്‍ന്ന ചെങ്ങന്നൂര്‍ സ്വദേശിയെ ഇവര്‍ ഒരുദിവസം ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. 

ചെങ്ങന്നൂരില്‍ ഒരുവിവാഹത്തില്‍ പങ്കെടുക്കാന്‍ വരുന്നുണ്ടെന്നും അന്നേ ദിവസം നേരിട്ടു കാണാമെന്നുമായിരുന്നു പറഞ്ഞിരുന്നത്. തുടര്‍ന്ന് ഒരു ലോഡ്ജില്‍ താനുണ്ടെന്ന് പറഞ്ഞ് അവിടേക്ക് ക്ഷണിച്ചു. ഉച്ചയോടെ ലോഡ്ജിലെത്തിയ യുവാവിന് യുവതി കുടിക്കാനായി ബിയര്‍ നല്‍കി. ഇത് കുടിച്ചതിന് പിന്നാലെ ഉറങ്ങിപ്പോയ യുവാവിന് രാത്രി പത്ത് മണിക്കാണ് ബോധം വന്നത്. അതും ലോഡ്ജ് ജീവനക്കാര്‍ വന്ന് വിളിച്ചപ്പോള്‍.

social media
Photo: AFP

യുവാവില്‍നിന്ന് സ്വര്‍ണവും ഫോണും കൈക്കലാക്കി മുങ്ങിയ രാഖിയെയും ഭര്‍ത്താവിനെയും പഴനിയിലെ ആഡംബര ഹോട്ടലില്‍നിന്നാണ് പോലീസ് പിടികൂടിയത്. ആഡംബരജീവിതം ലക്ഷ്യമിട്ടായിരുന്നു ദമ്പതിമാര്‍ ഈ ഓണ്‍ലൈന്‍ ചൂണ്ടയെറിഞ്ഞിരുന്നതെന്നും പോലീസ് പറയുന്നു. ചൂണ്ടയില്‍ ആരെങ്കിലും കുരുങ്ങിയാല്‍ പിന്നീട് അവരെ അടിമുടി ഊറ്റിയെടുത്തിട്ടേ വിടുകയുള്ളൂ..

അശ്വതി അച്ചു, ഫേക്ക് അക്കൗണ്ടിന്റെ 'രാജാവ്'

ഫെയ്സ്ബുക്കിലെ ആസ്ഥാന വ്യാജ അക്കൗണ്ടാണ് 'അശ്വതി അച്ചു' എന്ന പേരിലുള്ളതെന്നാണ് ട്രോളന്മാരുടെ ഭാഷ്യം. ഈ പേരു കാരണം ട്രോളുകളേറ്റു വാങ്ങുന്ന യഥാര്‍ഥ അശ്വതിമാരും നിരവധി. എന്തായാലും ട്രോളന്മാരുടെ അവകാശവാദം ശരിയാണെന്ന് തോന്നിക്കുന്ന ഒരു സംഭവമാണ് അടുത്തിടെ കൊല്ലത്തുണ്ടായത്. അശ്വതി അച്ചു, അനുശ്രീ അനു തുടങ്ങിയ പേരുകളില്‍ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡികളുണ്ടാക്കി യുവാക്കളെ കബളിപ്പിച്ച യുവതിയെയാണ് കൊല്ലം ശൂരനാട് പോലീസ് കൈയോടെ പിടികൂടിയത്. ശൂരനാട് മാവിലത്തറ സ്വദേശി അശ്വതിയായിരുന്നു കേസിലെ പ്രതി.

കൊച്ചി കാക്കനാട് സ്വദേശിയായ പ്രഭയുടെയും സഹോദരി രമ്യയുടെയും ഫെയ്സ്ബുക്ക് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് അശ്വതി ഫെയ്സ്ബുക്കില്‍ വ്യാജ ഐ.ഡികള്‍ നിര്‍മിച്ചിരുന്നത്. സഹോദരിമാര്‍ പോസ്റ്റ് ചെയ്ത എല്ലാ ചിത്രങ്ങളും അശ്വതി അച്ചു, അനുശ്രീ അനു എന്ന പ്രൊഫൈലുകളിലും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് യുവാക്കളുമായി ചാറ്റിങ് സൗഹൃദം ആരംഭിക്കുകയും പലരോടും പണം വാങ്ങിക്കുകയും ചെയ്തു. 

AlsoRead: തന്റെയും സഹോദരിയുടേയും ചിത്രങ്ങളുമായി 'അശ്വതി അച്ചുവും അനുശ്രീ അനുവും'; പ്രഭ വിട്ടുകൊടുത്തില്ല, തട്ടിപ്പുകാരി വലയില്‍....

തന്റെ ചിത്രങ്ങള്‍ ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട പ്രഭയാണ് സംഭവത്തില്‍ ആദ്യം പോലീസില്‍ പരാതി നല്‍കുന്നത്. പിന്നീട് സൈബര്‍ പോലീസ് നിസംഗത കാണിച്ചതോടെ പ്രഭ തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ 'അശ്വതി അച്ചു'വിനെ കണ്ടെത്തി. പ്രഭയുടെ പരാതിയില്‍ അശ്വതിക്കെതിരേ ശൂരനാട് പോലീസ് കേസെടുക്കുകയും ചെയ്തു. ഒട്ടേറെ യുവാക്കളില്‍നിന്ന് ഇവര്‍ പണം തട്ടിയെടുത്തിട്ടുണ്ടെങ്കിലും ഇവരാരും പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല.

 

നാളെ: ഓണ്‍ലൈനിലെ പെണ്‍കൊടിക്ക് മുന്നില്‍ നിയന്ത്രണംവിട്ടു, പണവും മാനവും കപ്പല്‍ കയറി. കൊല്ലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സംഭവിച്ചതെന്ത്?

(തുടരും)