സംസ്ഥാനത്ത് കുറച്ച് മാസങ്ങളായി വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പുകളും അതുമായി ബന്ധപ്പെട്ട പരാതികളും വര്‍ധിച്ചു വരുന്നുവെന്ന് പോലീസ് പറയുന്നു. രണ്ടു തരം വ്യാജന്മാരാണ് തട്ടിപ്പുകള്‍ക്കായി വല വിരിക്കുന്നത്. കൂടുതല്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥരും വ്യക്തികളും സുഹൃത്തുക്കളായുള്ള ആളുകളെ തിരഞ്ഞുപിടിച്ച് അവരുടെ വ്യാജ അക്കൗണ്ട് ഒറിജിനലിനെ വെല്ലുന്ന തരത്തില്‍ സൃഷ്ടിക്കലാണ് ഒരു കൂട്ടര്‍ ചെയ്യുന്നത്. ഇത്തരക്കാര്‍ യഥാര്‍ഥ അക്കൗണ്ട് ഉടമയുടെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കള്‍ക്ക് വ്യാജ അക്കൗണ്ട് വഴി റിക്വസ്റ്റ് അയക്കുന്നു. സ്വാഭാവികമായും പരിചയമുള്ള ആളിന്റെ പേരില്‍ വരുന്നതായതിനാല്‍ അവര്‍ അത് സ്വീകരിക്കുകയും ചെയ്യുന്നു.

ഇനിയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടം. ഇങ്ങനെ സുഹൃത്തായി മാറിയ ആളിന്റെ അടുത്ത് ദിവസങ്ങള്‍ക്ക് ശേഷം മെസഞ്ചര്‍ മുഖേനെ സഹായം അഭ്യര്‍ഥിക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. പരിചയമുള്ള ആള്‍ സഹായം ചോദിക്കുമ്പോള്‍ സ്വാഭാവികമായും പണം കൈമാറാന്‍ ആരായാലും സന്നദ്ധരാകും. ഇത്തരത്തില്‍ അധികം വലിയ തുകകള്‍ തട്ടിപ്പുകാര്‍ ഒരാളില്‍ നിന്ന് ആവശ്യപ്പെടില്ല. പതിനായിരങ്ങള്‍ ആവശ്യപ്പെടുമെങ്കിലും അത് 25,000 രൂപയ്ക്ക് മുകളില്‍ ആവശ്യപ്പെട്ട കേസുകള്‍ അധികം ഉണ്ടായിട്ടില്ല.

പണം അയയ്ക്കാന്‍ യു.പി.ഐ. ഐ.ഡിയോ, അല്ലെങ്കില്‍ പേയ്‌മെന്റ് വാലറ്റുകളിലെ അക്കൗണ്ട് വിവരങ്ങളുമാണ് തട്ടിപ്പുകാര്‍ കൈമാറുക. പണം നല്‍കി കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും യഥാര്‍ഥ വ്യക്തിയോട് കാര്യം അന്വേഷിക്കുമ്പോഴാണ് പലരും തട്ടിപ്പിനിരയായത് അറിയുക. പലരും പിന്നീട് പരാതിപ്പെടാന്‍ പോകാറില്ല. ചിലര്‍ തങ്ങള്‍ തട്ടിപ്പിനിരയായതോ വ്യാജ അക്കൗണ്ടുകളെപ്പറ്റി ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട് നിര്‍വൃതി അടയും.

ഇതിനു പുറമെ അടുത്തറിയാവുന്ന ആളിനെ പറ്റിക്കുന്നതിനോ ആളുകളെ പറ്റിച്ച് പണം തട്ടാനോ സ്ത്രീയായും പുരുഷനായും വേഷം മാറുന്ന ലോക്കല്‍ മാരീചന്മാരും നാട്ടിലുണ്ട്. അവരൊക്കെ ഒരിക്കല്‍ പിടിയിലാകുകയും ചെയ്യും. ഇത്തരക്കാര്‍ പണം വാങ്ങാന്‍ ഉപയോഗിക്കുന്നത് മിക്കപ്പോഴും നാട്ടിലെ തന്നെ അക്കൗണ്ടുകളാണ് എന്നതാണ് അന്വേഷണം എളുപ്പമാക്കുന്നത്. എന്നാല്‍, പലരും കേസിന് പോകാന്‍ താത്പര്യപ്പെടാറില്ല.

തട്ടിപ്പ് വരുന്നത് അന്യസംസ്ഥാനങ്ങളില്‍നിന്ന്

യു.പി.ഐ. ഐ.ഡി. വഴി പണം ആവശ്യപ്പെടുന്നത് പിടിക്കപ്പെടുന്നത് ഒഴിവാക്കാനാണ്. പരാതി ലഭിച്ച കേസുകള്‍ അന്വേഷിക്കവെ ഇത്തരം യു.പി.ഐ. ഐ.ഡിയുമായി ബന്ധപ്പെട്ട ഫോണ്‍ നമ്പരുകളും ബാങ്ക് അക്കൗണ്ടുകളും ഹരിയാന, രാജസ്ഥാന്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പണം ലഭിക്കുന്ന അക്കൗണ്ടുകള്‍ പോലും യഥാര്‍ഥ ഉടമയല്ല കൈകാര്യം ചെയ്യുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ട് തുറന്ന പാവപ്പെട്ടവരുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്കാകും പണം എത്തിയിരിക്കുക. എന്നാല്‍, ഇവര്‍ക്ക് തുച്ഛമായ തുക കൊടുത്ത് എ.ടി.എം. കാര്‍ഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈക്കലാക്കിയാണ് തട്ടിപ്പ് നടക്കുന്നത്. നിരക്ഷരരായ ഇത്തരക്കാരെ പറ്റിക്കാനും എളുപ്പമാണ്. തുടരന്വേഷണം വന്നാല്‍ പോലും അത് ഈ പാവങ്ങള്‍ക്ക് മുന്നിലെത്തി വഴിമുട്ടും. തട്ടിപ്പുകാര്‍ അപ്പോഴേക്കും അടുത്തയാളെ വലയിലാക്കിയിട്ടുണ്ടാകും. 

social media
Photo: AFP

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ അടുത്തിടെ ഇത്തരം സംഘത്തെ പോലീസ് പിടികൂടിയിരുന്നു. സാധാരണക്കാരുടെ പേരില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങി അതിലൂടെ ഇത്തരം തട്ടിപ്പു നടത്തി പണം കൈക്കലാക്കുന്നതായിരുന്നു ഇവരുടെ രീതി. അതുപോലെ, അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ തരപ്പെടുത്തിയിരിക്കുന്നതും മറ്റാരുടെയെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാകും. ഇതൊക്കെ പോലീസ് അന്വേഷണം പരമാവധി വൈകിപ്പിക്കാനുദ്ദേശിച്ചാണ്. മാത്രമല്ല തട്ടിപ്പ് നടത്തുന്നത് മറ്റേതെങ്കിലും സംസ്ഥാനത്ത് വെച്ചായിരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍  പോയി കേസ് അന്വേഷിക്കുന്നതിനുള്ള പരിമിതികള്‍ ഓരോ സംസ്ഥാനങ്ങളിലെയും പോലീസിനുള്ളതും തട്ടിപ്പുകാര്‍ക്ക് വളമായി മാറുന്നു

ഓണ്‍ലൈനിലെ പെണ്‍കൊടിക്ക് മുന്നില്‍ നിയന്ത്രണം വിട്ടു

ഫെയ്‌സ്ബുക്ക് വഴി പരിചപ്പെട്ട് സൗഹൃദം കടുത്ത് സെക്‌സ് ചാറ്റിലേക്ക് പോയി പണം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. കൊല്ലം സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യുവാവിന് വിനയായത് ഫെയ്‌സ്ബുക്കില്‍ വ്യാജനുമായുണ്ടായ വഴിവിട്ട സൗഹൃദമാണ്. തനിക്ക് വന്ന ഫ്രണ്ട്‌സ് റിക്വസ്റ്റ് മുന്‍പിന്‍ നോക്കാതെ സ്വീകരിച്ച ഇദ്ദേഹത്തിന് ആദ്യം സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. പതിയെ സൗഹൃദം ഇടവേളകളില്‍ മെസഞ്ചര്‍ ചാറ്റിലേക്ക് എത്തി. ഇവിടെവെച്ച്് യുവാവില്‍നിന്ന് പെണ്‍കുട്ടി ഫോണ്‍ നമ്പര്‍ വാങ്ങി. സൗഹൃദം ഫെയ്‌സ്ബുക്കില്‍നിന്ന് വാട്ട്‌സ്ആപ്പിലേക്ക് വളര്‍ന്നു. ആഴ്ചകള്‍ക്കൊണ്ട് അവളുമായി ചാറ്റ് ചെയ്യാത്ത ഒരു ദിവസവും ഇല്ലെന്ന അവസ്ഥയിലെത്തി.

പരസ്പരം ഇഷ്ടങ്ങളും അഭിരുചികളും പങ്കുവെച്ച് അത് പിന്നീട് ലൈംഗിക താത്പര്യങ്ങളിലേക്ക് വഴിതിരിഞ്ഞു. പിന്നീട് സെക്‌സ് ചാറ്റിലേക്കും വീഡിയോ കോളിലേക്കും എത്തിയത് വളരെ വേഗമായിരുന്നു. വസ്ത്രം മാറ്റി വീഡിയോ കോളില്‍ എത്താന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് യുവാവ് നിറയെ സ്വപ്നങ്ങളുമായി വീഡിയോ കോളില്‍ എത്തി. മറുവശത്ത് പെണ്‍കുട്ടി മുഖം കാണിച്ചിരുന്നില്ല. എന്നാല്‍ യുവാവിന്റെ ശരീരഭാഗങ്ങളേപ്പറ്റി കമന്റുകള്‍ പറഞ്ഞ് നന്നായി ഉത്തേജിപ്പിക്കുകയും ചെയ്തു. കാര്യങ്ങള്‍ കൂടുതല്‍ മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായി കോള്‍ ഡിസ്‌കണക്ടായി.

ആദ്യം വേണ്ടത് ശ്രദ്ധ, അന്വേഷണം നേരിട്ടു വേണം

എത്ര പരിചയമുള്ള ആളായാലും ഓണ്‍ലൈന്‍ വഴി പണം ചോദിച്ചാല്‍ നേരിട്ട് വിളിച്ച് അന്വേഷിക്കാനാകുമെങ്കില്‍ അത് ഉചിതമാകും. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന പ്രശ്‌നങ്ങളാണ് ഇതൊക്കെ. സ്വന്തം പ്രൊഫൈല്‍ ലോക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ ചിത്രങ്ങളും മറ്റും കോപ്പി ചെയ്യുന്നത് ഒഴിവാക്കാനാകും.

ബിജുമോന്‍, അഡീഷണല്‍ എസ്.പി., ഹൈടെക് സൈബര്‍ ക്രൈം എന്‍ക്വയറി സെല്‍

നിരാശനായ യുവാവ് പല തവണ ശ്രമിച്ചിട്ടും കോള്‍ കണക്ടായതുമില്ല. എന്നാല്‍, പിറ്റേന്ന് തനിക്ക് വന്ന പെണ്‍കുട്ടിയുടെ മെസേജ് കണ്ട ടിയാന്റെ സകല വീര്യവും ചോര്‍ന്നു പോയിരുന്നു. തലേന്ന് നടത്തിയ വീഡിയോകോളില്‍ പൂര്‍ണ നഗ്നനായി കാണിച്ചുകൂട്ടിയ വീരസ്യങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളായിരുന്നു അതൊക്കെ. അതിനൊപ്പം പണം ആവശ്യപ്പെട്ട് യു.പി.ഐ. ഐ.ഡിയും ഇതിനൊപ്പമുണ്ടായിരുന്നു. പറ്റിക്കപ്പെട്ടുവെന്ന് മനസിലായ ഇദ്ദേഹം ആദ്യം പണം കൈമാറാന്‍ തയ്യാറായില്ല. എന്നാല്‍, അടുത്ത ദിവസം വന്നത് യുട്യൂബ് വീഡിയോയുടെ ലിങ്കാണ് മെസ്സേജായി വന്നത്. അതില്‍ കയറി നോക്കി ഇദ്ദേഹം ഞെട്ടി. ആരുമറിയാതെ അടച്ചിട്ട മുറിയില്‍ രഹസ്യമായി കാട്ടിയതൊക്കെ പരസ്യമായി ലോകം കാണുന്ന തരത്തില്‍ കിടക്കുന്നു.

പണം തന്നില്ലെങ്കില്‍ അടുത്ത നടപടിയുണ്ടാകുമെന്ന് ഭയന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട പണം നല്‍കി പ്രശ്‌നത്തില്‍നിന്ന് തലയൂരുകയാണ് യുവാവ് ചെയ്തത്. എന്നാല്‍ വീണ്ടും ഇത് തുടര്‍ന്നതോടെ അവസാനം യുവാവ് പോലീസിനെ സമീപിച്ചു.

തട്ടിപ്പുകാര്‍ക്ക് പണം കൊടുക്കരുത്

എത്രയൊക്കെ പ്രകോപനം ഉണ്ടായാലും പണം ആവശ്യപ്പെട്ട് വരുന്ന തട്ടിപ്പുകാര്‍ക്ക് പണം നല്‍കുന്നതിന് മുമ്പ് തന്നെ അവര്‍ നല്‍കിയ വിവരങ്ങള്‍ വെച്ച് വിവരം പോലിസിനെ അറിയിക്കുകയാണ് വേണ്ടത്. ഇരകളെ ഭയപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണ് സ്‌ക്രീന്‍ഷോട്ടുകളും ലിങ്കുകളും അയക്കുന്നത്. പോലീസില്‍ പരാതിപ്പെട്ടെന്ന് അറിഞ്ഞാല്‍ അവര്‍ ആ നിമിഷം വിളിയും നിര്‍ത്തി അടുത്ത തട്ടിപ്പിന് കളമൊരുക്കാന്‍ പുതിയ ഇരയെ തേടിയിറങ്ങും.

ഇത്തരത്തില്‍ ചിത്രങ്ങളും വീഡിയോകളും പബ്ലിഷ് ചെയ്ത കേസുകള്‍ വളരെ കുറവാണ്. ഇരകളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിച്ച് പരമാവധി പണം തട്ടുക എന്നത് മാത്രമാണ് തട്ടിപ്പുകാരുടെ ലക്ഷ്യം അതിനാല്‍ പറ്റിക്കപ്പെട്ടുവെന്ന് മനസിലായാല്‍ പതറാതെ പണം നല്‍കാതിരിക്കുക. വിവരം ഉടന്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫെയ്‌സ്ബുക്കില്‍ വരുന്ന അറിയപ്പെടാത്ത ഫ്രണ്ട്‌സ് റിക്വസ്റ്റുകള്‍ അവഗണിക്കുക. അങ്ങനെ ചെയ്താല്‍ പോലും തട്ടിപ്പുകാരല്ലാതെ ഇത്തരത്തില്‍ മറ്റൊരു വ്യക്തിയോട് പെരുമാറില്ലെന്ന് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതനുസരിച്ച് ചാറ്റിങ്ങില്‍ ഏര്‍പ്പെടാതിരിക്കുക. പറ്റിക്കപ്പെട്ടുവെന്ന് മനസിലായാല്‍ അവര്‍ വിളിക്കുന്ന നമ്പരുകള്‍, മെസ്സേജുകള്‍ സേവ്് ചെയ്ത് വെച്ച് പോലീസിന് നല്‍കുക.

online fraud
Photo: Mathrubhumi

പല സംസ്ഥാനങ്ങളില്‍ ഇരുന്നാണ് തട്ടിപ്പുകാര്‍ ഇരകളെ ചൂണ്ടയിട്ട് പിടിക്കുന്നത്. ഇപ്പോള്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ദേശീയതലത്തില്‍ ഏകീകൃതമായ സഹകരണമുണ്ട്. അതിനാല്‍ തട്ടിപ്പുകാര്‍ വിളിച്ചതും നല്‍കിയതുമായ വിവരങ്ങള്‍ ഇത്തരത്തില്‍ പ്രതികളെ ലൊക്കേറ്റ് ചെയ്യാന്‍ ഉപകരിക്കും. തട്ടിപ്പുകാര്‍ ആ നമ്പര്‍ ഇനി ഉപയോഗിക്കാതിരിക്കാന്‍ അത് ബ്ലോക്ക് ചെയ്യാനും സാധിക്കും.

പരിചിതരായുള്ള ആളിന്റെ ഫ്രണ്ട് റിക്വസ്റ്റാണ് വരുന്നതെങ്കില്‍ പോലും അവര്‍ ഫെയ്‌സ്ബുക്ക് പേജ് ക്രിയേറ്റ് ചെയ്തത് എന്നാണെന്ന് പരിശോധിക്കുക. ഫെയ്‌സ്ബുക്ക് പ്രചാരത്തിലായിട്ട് നാലു വര്‍ഷത്തിനിടെ തന്നെ മിക്ക ആളുകളും അക്കൗണ്ട് എടുത്തിട്ടുണ്ടാകണം. അതിനാല്‍ പെട്ടെന്ന് അറിയപ്പെടുന്ന ഒരാള്‍ അക്കൗണ്ട് തുടങ്ങിയതിലെ സാംഗത്യം എന്തെന്ന് ചിന്തിച്ചു നോക്കിയാല്‍ തന്നെ തട്ടിപ്പുകളില്‍നിന്ന് രക്ഷപ്പെടാം. ഇത്തരക്കാരുടെ അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്കില്‍ തന്നെ തിരഞ്ഞാല്‍ യഥാര്‍ഥ അക്കൗണ്ട് കണ്ടുപിടിക്കാനാകും. നിരവധി ഫ്രണ്ട്‌സുള്ള അറിയുന്നവര്‍ പരസ്പരം കമന്റുകള്‍ ചെയ്തിട്ടുള്ള പോസ്റ്റുകളും ധാരാളം കാണാനാകും.

(തുടരും) 

Content Highlights: cheating chatting series money fraud through fake online social media profiles