തിനേഴു വര്‍ഷം മുമ്പ് 2004-ല്‍ ഫെയ്സ്ബുക്ക് അവതരിപ്പിക്കപ്പെടുമ്പോള്‍ വിചാര-വികാര വിനിമയത്തിന്റെ അനന്തസാധ്യതകളാണ് ലോകത്തിനു മുന്നില്‍ വിടര്‍ന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ഫെയ്സ്ബുക്ക് ഇന്ത്യയിലേക്കു വരുമ്പോള്‍ അതിന്റെ സ്രഷ്ടാക്കള്‍ സ്വപ്നം കണ്ടിട്ടില്ലാത്ത തലത്തിലേക്കായിരുന്നു വളര്‍ച്ച. ഒരു പരിഷ്‌കൃത സമൂഹത്തിന്റെ സാമൂഹികവിനിമയത്തിന്റെ വിപ്ലവധാര എത്രമാത്രം അപരിഷ്‌കൃതമാക്കി ഉപയോഗിക്കാമെന്നു തെളിയിക്കുകയായിരുന്നു സമൂഹത്തിലെ ഒരു വിഭാഗം ക്രിമിനല്‍ മനസ്സുള്ളവര്‍.

ചിന്തകള്‍ക്കതീതമായ ദുരുപയോഗത്തിലൂടെ നവസാമൂഹിക മാധ്യമങ്ങളില്‍ കഞ്ചാവ് വില്‍പ്പന മുതല്‍ പെണ്‍വാണിഭം വരെ തഴച്ചു വളര്‍ന്നു. എങ്ങനെ ഒരു മാധ്യമത്തെ വികലമാക്കി ഉപയോഗിക്കാം എന്നതില്‍ ഗവേഷണം നടത്തുകയായിരുന്നു പലരും. ഫെയ്ക്ക് ഐ.ഡികളും അസംബന്ധ പ്രൊഫൈലുകളും ചേര്‍ന്ന് സമൂഹത്തില്‍ കുറ്റകൃത്യങ്ങളുടെ പരമ്പരയ്ക്ക് തുടക്കമിടുകയായിരുന്നു. കോവിഡ് കാലത്ത് സാമൂഹിക മാധ്യമങ്ങളിലെ കേരളം കണ്ടത് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യങ്ങളുടെ നീണ്ട പരമ്പരയായിരുന്നു. തിരശീലയ്ക്കു പിന്നിലിരുന്ന് ജീവിതങ്ങളെയും സ്വപ്നങ്ങളെയും എറിഞ്ഞുടച്ചു രസിക്കുന്ന ക്രിമിനലുകളെ.

എല്ലാവരെയും കുഴക്കിയ അനന്തു

ഇന്നേവരെ നേരിട്ടു കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഫെയ്സ്ബുക്ക് കാമുകനൊപ്പം ജീവിക്കാന്‍ പ്രസവിച്ചയുടന്‍ കുഞ്ഞിനെ വേണ്ടെന്നുവെച്ചു. ആ കുഞ്ഞ് മരിച്ചിട്ടും ഒന്നുമറിയാത്ത മട്ടില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ അഭിനയിച്ചു, കുഞ്ഞിന്റെ മരണത്തില്‍ പിടിക്കപ്പെട്ടിട്ടും 'അനന്തു' എന്ന കാമുകനുണ്ടെന്ന് ഉറച്ചു വിശ്വസിച്ചു. ഒടുവില്‍ എല്ലാം അറിഞ്ഞപ്പോള്‍ പോലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞു.

കൊല്ലം കല്ലുവാതുക്കലിലെ രേഷ്മ എന്ന യുവതിയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ കേട്ട് കേരളം ഞെട്ടിത്തരിച്ച ദിവസങ്ങളായിരുന്നു ജൂണ്‍ മാസം. ഉറ്റസുഹൃത്തുക്കളും ബന്ധുക്കളുമായ രണ്ട് യുവതികളുടെ തമാശയാണ് അവരുടേതടക്കം മൂന്ന് ജീവനുകള്‍ നഷ്ടമാകുന്നതിലേക്ക് നയിച്ചത്.

ഒരു കാലത്ത് കത്തുകളിലൂടെയും അജ്ഞാത ഫോണ്‍ കോളുകളിലൂടെയും നടന്ന തമാശയും പറ്റിക്കലുമാണ് രേഷ്മയുടെ ജീവിതത്തില്‍ 'അനന്തു' എന്ന വ്യാജ ഫെയ്സ്ബുക്ക് ഐ.ഡിയിലൂടെ എത്തിയത്. പാവം പാവം രാജകുമാരന്‍ എന്ന സിനിമയില്‍ നായകകഥാപാത്രത്തെ സുഹൃത്തുക്കള്‍ കത്തുകളിലൂടെയാണ് പറ്റിച്ചത്. 

Kollam Reshma case

രേഷ്മ 

കാലം ഒരുപാട് കഴിഞ്ഞിട്ടും അത്തരത്തിലുള്ള പറ്റിക്കലും തമാശയും ഇന്നും തുടരുന്നു. ഇതില്‍ പല വ്യാജന്മാരും വന്‍കെണികളുമായാണ് കാത്തിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ മുതല്‍ ഉന്നതവിദ്യാഭ്യാസവും ഉന്നതജോലിയുമുള്ള നിരവധി പേര്‍ ഈ കെണികളില്‍ വീണുകൊണ്ടിരിക്കുന്നു.

ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ്, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്... അങ്ങനെയങ്ങനെ എല്ലാ സാമൂഹികമാധ്യമങ്ങളിലും വ്യാജന്മാരുടെ വിളയാട്ടമാണ്. സൂക്ഷിച്ചും കണ്ടും ഉപയോഗിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് തീര്‍ച്ച. സൗഹൃദം സ്ഥാപിച്ച് നഗ്‌നചിത്രങ്ങള്‍ സ്വന്തമാക്കി ഭീഷണിയും പണം തട്ടിപ്പുമെല്ലാം ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറിജിനലിനെ വെല്ലുന്ന വ്യാജ പ്രൊഫൈലുകള്‍ നിര്‍മിച്ച് പണം തട്ടുന്ന സംഭവങ്ങളും നിരവധി.

ഇത്തരം കെണിയില്‍ വീണ് നാണക്കേട് ഭയന്ന് ഒന്നും പുറത്തു പറയാത്തവരാണ് ഭൂരിഭാഗം പേരും. പക്ഷേ, ഓണ്‍ലൈന്‍ കെണിയില്‍ വീണാല്‍ അത് എത്രയും വേഗം പോലീസില്‍ അറിയിക്കുക എന്നത് മാത്രമാണ് പോംവഴി. സുസജ്ജമായ സൈബര്‍ പോലീസ് സംവിധാനങ്ങള്‍ ഇന്ന് സംസ്ഥാനത്തുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ കേസുകളില്‍ നമ്മുടെ പോലീസ് സംവിധാനം കാര്യക്ഷമമായി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയിട്ടുമുണ്ട്. അതിനാല്‍ ചാറ്റിങ്ങില്‍ ചീറ്റിങ്ങാണെന്ന് മനസിലായാല്‍ ഒട്ടും ഭയക്കേണ്ടതില്ല. ധൈര്യമായി പോലീസിനെ സമീപിക്കുക.

യഥാര്‍ത്ഥത്തില്‍ എന്താണ് കല്ലുവാതുക്കലില്‍ നടന്നത്?

രേഷ്മയെ പറ്റിക്കാനായാണ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും അനന്തു എന്ന പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി. നിര്‍മിച്ചത്. രേഷ്മയുമായി 'അനന്തു' ഫെയ്സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചു. ഈ സൗഹൃദം വളര്‍ന്ന് പ്രണയമായി. ദിവസങ്ങളും മാസങ്ങളും പിന്നിട്ട് ഈ ഓണ്‍ലൈന്‍ പ്രണയം വളര്‍ന്നു. കാമുകനെ കാണാനായി രേഷ്മ വര്‍ക്കലയിലും പരവൂരിലും പോയി. പക്ഷേ, 'കാണുക'യെന്ന സ്വപ്നം മാത്രം നടന്നില്ല. എന്നിട്ടും തന്റെ 'അനന്തു' വ്യാജനാണെന്ന് മനസിലാക്കാന്‍ മാത്രം രേഷ്മയ്ക്ക് കഴിഞ്ഞില്ല. ഉറ്റവരും അടുത്തബന്ധുക്കളുമായ ആര്യയും ഗ്രീഷ്മയുമാണ് തന്നെ കബളിപ്പിക്കുന്നതെന്നും ആ യുവതി അറിഞ്ഞതേയില്ല.

Info

ഗര്‍ഭം മറച്ചുവെച്ചത് അതിവിദഗ്ധമായി

രേഷ്മയും ഭര്‍ത്താവ് വിഷ്ണുവും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ഇതിനിടെ രേഷ്മ രണ്ടാമതും ഗര്‍ഭിണിയായി. പക്ഷേ, ഭര്‍ത്താവോ വീട്ടുകാരോ ഇക്കാര്യം അറിഞ്ഞതു പോലുമില്ല. അനന്തു എന്ന കാമുകനെ മനസില്‍ പ്രതിഷ്ഠിച്ച രേഷ്മയ്ക്ക് കാമുകനൊപ്പമുള്ള ജീവിതം മാത്രമായിരുന്നു സ്വപ്നം. അതിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്ന് യുവതി ഭയന്നു. അതിനാല്‍ ഗര്‍ഭിണിയായതും അവര്‍ അതിവിദഗ്ധമായി മറച്ചുവെച്ചു. ഒടുവില്‍ ഒമ്പതാം മാസത്തില്‍ ആരുമറിയാതെ ശൗചാലയത്തില്‍ കുഞ്ഞിനെ പ്രസവിച്ച് പുരയിടത്തിലെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കുകയും ചെയ്തു. ആരോഗ്യനില മോശമായ നിലയില്‍ കണ്ടെത്തിയ ആ കുഞ്ഞ് ആ ദിവസം തന്നെ മരിച്ചു.

കുഞ്ഞിനെ ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണമായിരുന്നു പോലീസ് പിന്നീട് നടത്തിയത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ ഒരു തുമ്പും ലഭിക്കാതായതോടെ ഡി.എന്‍.എ. പരിശോധനയിലേക്ക് പോലീസ് കടന്നു. ഈ പരിശോധനയിലാണ് കുഞ്ഞ് രേഷ്മയുടേതും വിഷ്ണുവിന്റേതുമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് രേഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഫെയ്സ്ബുക്ക് കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി മൊഴി നല്‍കുകയും ചെയ്തു.

ഫെയ്സ്ബുക്ക് കാമുകനിലേക്ക്

രേഷ്മയുടെ ഫെയ്സ്ബുക്ക് കാമുകനെ കണ്ടെത്തുക എന്നതായിരുന്നു പോലീസിന്റെ അടുത്ത ഘട്ടം. ഒന്നും രണ്ടുമല്ല ഇരുപതോളം ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് രേഷ്മ കാമുകനുമായി ചാറ്റ് ചെയ്തിരുന്നത്. ഇതില്‍ പലതും ഡിലീറ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് പിടിക്കാതിരിക്കാനായിരുന്നു ഈ വ്യത്യസ്ത ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍. ഇതെല്ലാം ഡിലീറ്റ് ചെയ്തിരുന്നതിനാല്‍ പോലീസ് അന്വേഷണവും വഴിമുട്ടി. ഇതിനിടെ, രേഷ്മ ഉപയോഗിച്ചിരുന്ന സിംക ാര്‍ഡിന്റെ ഉടമ ആര്യയാണെന്ന് കണ്ടെത്തി. എന്നാല്‍, ഇവരെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതോടെയാണ് കേരളത്തെ ഞെട്ടിച്ച ആ രണ്ട് ആത്മഹത്യകള്‍ സംഭവിച്ചത്.

പോലീസ് വിളിപ്പിച്ചതിന് പിന്നാലെ ആര്യയും ബന്ധുവായ ഗ്രീഷ്മയും ആറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. രേഷ്മ വഞ്ചകിയാണെന്ന ആത്മഹത്യാ കുറിപ്പും എഴുതിവെച്ചായിരുന്നു ഇവര്‍ ജീവനൊടുക്കിയത്. ഇതോടെ രേഷ്മയുടെ കാമുകന്‍ അനന്തു ആര്യയും ഗ്രീഷ്മയുമാണെന്ന സംശയം ശക്തമായി. ഈ അനന്തു രേഷ്മയുടെ കെട്ടുകഥയാണെന്നും പോലീസ് സംശയിച്ചു. അന്വേഷണം തുടരുന്നതിനിടെ ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കണ്ടെത്തിയതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

kollam reshma case

അറസ്റ്റിലായ രേഷ്മ, ജീവനൊടുക്കിയ ആര്യ, ഗ്രീഷ്മ 

രേഷ്മയെ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡിയിലൂടെ കബളിപ്പിക്കുന്നതായി ഗ്രീഷ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. കൂടുതല്‍ അന്വേഷണത്തിലൂടെ അനന്തു എന്ന ഫെയ്സ്ബുക്ക് ഐ.ഡിക്ക് പിന്നില്‍ ആര്യയും ഗ്രീഷ്മയുമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു. കോവിഡ് ബാധിതയായതിനാല്‍ രേഷ്മയെ ഈ ദിവസങ്ങളിലൊന്നും പോലീസിന് ചോദ്യംചെയ്യാനായിരുന്നില്ല. 

അനന്തു വ്യാജനാണെന്ന് കണ്ടെത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് രേഷ്മയെ ചോദ്യംചെയ്തത്. കാമുകന്‍ വ്യാജനാണെന്നും ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞിട്ടും ആദ്യഘട്ടത്തില്‍ രേഷ്മ വിശ്വസിച്ചതു പോലുമില്ല. ഒടുവില്‍ സത്യമിതാണെന്ന് മനസിലായതോടെ പോലീസിന് മുന്നില്‍ അവര്‍ പൊട്ടിക്കരയുകയായിരുന്നു.

വലവിരിച്ച് വ്യാജന്മാര്‍, ജാഗ്രത മാത്രം രക്ഷ

ലോക്ക്ഡൗണ്‍ കാലത്ത് മിക്കവരും കൂടുതല്‍ സമയം ചെലവഴിച്ചത് ഓണ്‍ലൈനിലാണ്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് വഴിമാറിയതോടെ സ്മാര്‍ട്ട്ഫോണുകളും ഇന്റര്‍നെറ്റും ചെറിയ കുട്ടികള്‍ക്കും പോലും കൈപ്പിടിയിലായി. പക്ഷേ, ഇവിടങ്ങളിലെല്ലാം ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാരും ഏറെയാണ്. വലവിരിച്ച് കാത്തിരിക്കുകയാണ് അവര്‍. അതേക്കുറിച്ച് നാളെ...

തയ്യാറാക്കിയത്: വിഷ്ണു കോട്ടാങ്ങല്‍, അഫീഫ് മുസ്തഫ

Content Highlights: cheating chatting series kollam reshma case flashback 


WATCH VIDEO

Sudu link


പെട്രോൾ വില കൂടിയതിന് രാഗേഷിന്റെ പ്രതികാരം;
സുഡൂസ് കസ്റ്റം സ്കൂട്ടർ | POWERED BY HATERS