സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റായിരുന്നു അരുണിമ (യഥാര്‍ഥ പേരല്ല). പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മുന്നിട്ടുനിന്നവള്‍. ഒരു സാധാരണ കുടുംബത്തില്‍നിന്നുള്ള പെണ്‍കുട്ടി. കോവിഡിനെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈനായതോടെയാണ് അരുണിമയ്ക്ക് മാതാപിതാക്കള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കിയത്. പത്താം ക്ലാസിലായതിനാല്‍ പഠനത്തില്‍ ബുദ്ധിമുട്ടു നേരിടരുതെന്നും അവര്‍ കരുതിയിരുന്നു. 

സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും കൈപ്പിടിയിലെത്തിയതോടെ അവള്‍ പുതുതലമുറയുടെ ആവേശമായ ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ട് തുറന്നു. പക്ഷേ, ആ പതിനാറുകാരിയെ അവിടെ കാത്തിരുന്നത് വന്‍കെണിയായിരുന്നു. കോളേജ് വിദ്യാര്‍ഥിയെന്ന വ്യാജേന അവളോട് അടുപ്പം സ്ഥാപിച്ചത് കൊച്ചിയിലെ നാല്‍പ്പത്തഞ്ചുകാരന്‍. സൗഹൃദം പ്രണയത്തിലേക്കും നഗ്നചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള ഭീഷണിയിലേക്കും വഴിമാറിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഒടുവില്‍ കാമുകന്‍ തന്നെ തന്ത്രപൂര്‍വം ഒഴിവാക്കാന്‍ ശ്രമിച്ചതും അയാള്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതും അരുണിമയുടെ മനസിനെ പിടിച്ചുലച്ചു. അവള്‍ ജീവനൊടുക്കി.

അരുണിമയുടെ മരണത്തിന് പിന്നാലെയാണ് അവളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ അരുണിമയുടെ കാമുകനായ കോളേജ് വിദ്യാര്‍ഥി കൊച്ചിയിലെ നാല്‍പ്പത്തഞ്ചുകാരനായ ദിലീപ്കുമാര്‍ എന്നയാളാണെന്ന് കണ്ടെത്തിയതോടെ പോലീസും ഞെട്ടി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. യുവാക്കളായ പലരുടെയും ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു ഈ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരുന്നത്. 

അരുണിമയുമായി ബന്ധം സ്ഥാപിച്ച അക്കൗണ്ടില്‍ തന്റെ ബന്ധുവായ യുവാവിന്റെ ചിത്രങ്ങളാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഓണ്‍ലൈന്‍ വഴി അടുപ്പം സ്ഥാപിച്ച് പെണ്‍കുട്ടികളുമായി അശ്ലീലചാറ്റുകളും നഗ്നചിത്രങ്ങള്‍ സ്വന്തമാക്കുകയുമായിരുന്നു ഇയാളുടെ രീതി. പക്ഷേ, ഇയാളുടെ വ്യാജ ഇന്‍സ്റ്റഗ്രാം കെണിയില്‍വീണ ഒരു പെണ്‍കുട്ടിയുടെ ജീവനാണ് പൊലിഞ്ഞത്. മരിക്കുന്നതുവരെയും തന്റെ കാമുകന്‍ വ്യാജനാണെന്നും തന്റെ രണ്ടിരട്ടി പ്രായമുള്ള ആളാണെന്നും ആ പെണ്‍കുട്ടി അറിഞ്ഞതുപോലുമില്ല.

കൊച്ചിയിലെ കോളേജ് വിദ്യാര്‍ഥി, അച്ഛന്‍ ബാങ്ക് മാനേജര്‍

കൊച്ചിയിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിയാണെന്നും അച്ഛന്‍ ബാങ്ക് മാനേജരാണെന്നും അമ്മ പി.ഡബ്യൂ.ഡി. ഉദ്യോഗസ്ഥയാണെന്നുമാണ് നാല്‍പ്പത്തഞ്ചുകാരന്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. ഇയാളുടെ സ്നേഹസല്ലാപത്തില്‍ വീണുപോയ കുട്ടി ഇതെല്ലാം വിശ്വസിച്ചു. സ്നേഹത്തോടെ കണ്ണേട്ടന്‍ എന്ന് കാമുകനെ വിളിച്ചു.

കുട്ടിയുടെ മരണശേഷം ഫോണ്‍ പരിശോധിച്ചതോടെയാണ് ഇയാളുടെ തട്ടിപ്പിലേക്ക് ചാലിശ്ശേരി പോലീസിന്റെ അന്വേഷണം എത്തിയത്. ഏറെ സംഭവബഹുലമായിരുന്നു ആ അന്വേഷണം. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് അക്കൗണ്ടുകളില്‍നിന്ന് മൂവായിരത്തോളം സന്ദേശങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഒരു നമ്പറിലേക്കുള്ള ഫോണ്‍കോള്‍ വിവരങ്ങളും കിട്ടി. എന്നാല്‍ ഈ സിംകാര്‍ഡ് എറണാകുളത്തെ ഒരു സ്ത്രീയുടെ പേരിലായിരുന്നു. 

social media
Photo: AFP

ഇവരെ കണ്ടെത്താന്‍ എറണാകുളത്തെ വിലാസത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇവര്‍ അവിടെനിന്ന് താമസം മാറിയതിനാല്‍ ഫലമുണ്ടായില്ല. ഈ സ്ത്രീയുടെ മകനായിരിക്കും കുട്ടിയുമായി പ്രണയത്തിലായത് എന്നായിരുന്നു പോലീസിന്റെ വിശ്വാസം. പക്ഷേ, പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് മറ്റൊരു നമ്പറിലേക്കുള്ള ഫോണ്‍വിളികളും ഇതിനിടെ പോലീസ് പരിശോധിച്ചു. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

പ്രതിയുടെ ഭാര്യയുടെ പേരിലുള്ള സിം കാര്‍ഡായിരുന്നു ഇത്. അന്വേഷണവുമായി പോലീസ് സംഘം ഇവരുടെ വീട്ടിലെത്തിയപ്പോള്‍ തന്നെ ഭാര്യയ്ക്ക് കാര്യം പിടികിട്ടി. പെണ്ണുകേസാണോ സാറേ എന്നായിരുന്നു ഇവരുടെ ചോദ്യം. ഒരു കടയിലെ ജീവനക്കാരനായ ഭര്‍ത്താവ് മുഴുവന്‍ സമയവും ഫോണിലാണെന്നും ചാറ്റിങ്ങാണെന്നും ഇവര്‍ പോലീസിനോട് തുറന്നുപറഞ്ഞു. രാത്രി മുഴുവന്‍ ചാറ്റിങ്ങായിരുന്നു ഇയാളുടെ വിനോദം. ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഭാര്യ വെളിപ്പെടുത്തി. എന്തായാലും വീട്ടില്‍ കാത്തിരുന്ന പോലീസ് സംഘം ഇയാളെ കൈയോടെ പിടികൂടി. പ്രാഥമിക ചോദ്യംചെയ്യലില്‍തന്നെ കാമുകന്‍ താനാണെന്നും ഇന്‍സ്റ്റഗ്രാമിലേത് വ്യാജ അക്കൗണ്ടാണെന്നും പ്രതി സമ്മതിച്ചു.

സിം ഉടമ കൂട്ടുകാരിയെന്ന്, സംശയം തീരുന്നില്ല

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയില്‍നിന്ന് നഗ്‌നചിത്രങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് പ്രതി പോലീസിനോട് പറഞ്ഞിരുന്നു. ചാറ്റിങ്ങിന് പുറമേ ഇടയ്ക്ക് ഫോണ്‍വിളിയും ഉണ്ടായിരുന്നു. കൂട്ടുകാരിയുടെ പേരിലെടുത്ത സിം കാര്‍ഡ് ഉപയോഗിച്ചാണ് കുട്ടിയെ വിളിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇടയ്ക്ക് ഈ സ്ത്രീയെ കൊണ്ടും കുട്ടിയെ വിളിപ്പിച്ചിരുന്നു. തന്റെ അമ്മയാണെന്ന് പരിചയപ്പെടുത്തിയാണ് വിളിച്ചത്. വിവാഹം ആലോചിക്കാന്‍ വരുമെന്നും ഇവര്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു.

cyber case info

എന്നാല്‍, പ്രതിയുടെ സുഹൃത്തായ സ്ത്രീ ഇതെല്ലാം പോലീസിനോട് നിഷേധിക്കുകയാണ് ചെയ്തത്. പ്രതിയെ പരിചയമുണ്ടെന്നും സിം കാര്‍ഡ് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരുകാര്യവും തനിക്കറിയില്ലെന്നാണ് ഇവരുടെ നിലപാട്. ഇവരെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഭീഷണിക്ക് വഴങ്ങാതിരുന്നതോടെ ആത്മഹത്യാനാടകം

പെണ്‍കുട്ടിയുമായി വ്യാജ അക്കൗണ്ടിലൂടെ അടുപ്പം സ്ഥാപിച്ച ഇയാള്‍ നിരവധി നഗ്‌നചിത്രങ്ങളാണ് കുട്ടിയില്‍നിന്നു സ്വന്തമാക്കിയിരുന്നത്. പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടി ചിത്രങ്ങളെല്ലാം അയച്ചുകൊടുക്കുകയും ചെയ്തു. ഇടയ്ക്ക് പെണ്‍കുട്ടി ഇതിന് തയ്യാറാകാതിരുന്നതോടെ കാമുകന്‍ ഭീഷണിപ്പെടുത്തലും ആരംഭിച്ചു. പക്ഷേ, പെണ്‍കുട്ടി വീണ്ടും വിസമ്മതിച്ചതോടെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായി ഇയാളുടെ ചിന്ത. ഇതിനായി മറ്റൊരു കഥയും അവതരിപ്പിച്ചു.

കോളേജില്‍ മദ്യപിച്ചതിന് തന്നെ പിടിച്ചെന്നും കോളേജില്‍നിന്ന് പുറത്താക്കിയെന്നും ഇയാള്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. വീട്ടിലാകെ നാണക്കേടായതിനാല്‍ താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞു. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫാക്കി. തന്റെ പ്രിയതമന്‍ ജീവനൊടുക്കിയെന്ന് കരുതി തൊട്ടുപിന്നാലെ പതിനാറുകാരിയും ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

കഥ നേരത്തെയും, സ്ഥിരം കേന്ദ്രം കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍

ഓണ്‍ലൈന്‍ പ്രണയിനികളുടെയും വ്യാജകാമുകന്മാരുടെയും സ്ഥിരം സങ്കേതമായിരുന്നു ഒരുകാലത്ത് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍. ഓണ്‍ലൈനിലൂടെയും ഫോണ്‍ വിളിയിലൂടെയും പരിചയപ്പെടുന്ന പലരും ആദ്യമായി കണ്ടുമുട്ടാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലമായിരുന്നു കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍. ഇവിടെയെത്തി കാമുകനെ കാണാതെ നിരാശരായി മടങ്ങിയവരും കാമുകനെ നേരിട്ടു കണ്ട് ഞെട്ടി മടങ്ങിയവരുമുണ്ട്. ഫെയ്സ്ബുക്ക് കാമുകന്‍ അവഗണിക്കുന്നതില്‍ മനം നൊന്ത് റെയില്‍വേ ട്രാക്കില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമുണ്ടായി.

ഹായ് എന്നെ ഓര്‍മ്മയുണ്ടോ, സ്‌കൂളില്‍ ജൂനിയറായിരുന്നു... യുവതിയുടെ സന്ദേശത്തില്‍ യുവാവ് വീണു. യുവതിയുടെ ക്ഷണപ്രകാരം ലോഡ്ജിലെത്തി ബിയറും കുടിച്ചു. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം ബോധം തിരിച്ചുകിട്ടിയപ്പോഴാണ് തനിക്ക് സംഭവിച്ച അമളിയും നഷ്ടവും യുവാവിന് മനസിലായത്. ചെങ്ങന്നൂരില്‍ നടന്ന ആ സംഭവത്തെക്കുറിച്ച് നാളെ.

(തുടരും)