കോവിഡ് കാലത്ത് ലോകത്ത് ഏറ്റവുമധികം ഇടപെടലുകള്‍ ഉണ്ടായത് ഓണ്‍ലൈന്‍ രംഗത്താണ്. വാര്‍ത്തകളും വിനോദങ്ങളുമായി മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍വരെ മൊബൈല്‍ ഫോണില്‍ കണ്ണും നട്ടിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ തുടര്‍ച്ചയായി ഏറെ സമയം ചിലവഴിക്കുന്ന സ്ഥിതിയുണ്ടായി. വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സാമൂഹികമാധ്യമങ്ങള്‍ക്ക് പിന്നാലെ പുതുതലമുറയെ കീഴടക്കിയ മോജ്, ജോഷ്, സ്നാപ്പ്ചാറ്റ് അങ്ങനെ ഒട്ടേറെ പുതിയ ആപ്പുകള്‍ രംഗപ്രവേശം ചെയ്തു. ഇതിനുപുറമെ, മീറ്റിങ്ങുകള്‍ക്കായി സൂം, മീറ്റ്, ടീംസ്.... എന്നിങ്ങനെ ഭൂമുഖത്തെ മനുഷ്യരുടെ ജീവിതം ഏറെക്കുറെ സമ്പൂര്‍ണമായും കംപ്യൂട്ടറും മൊബൈല്‍ ഫോണും കീഴടക്കി.

ഇന്റര്‍നെറ്റ് ലോകത്തെ ഏറെ സജീവമാക്കുന്നത് ഡെസ്‌ക് ടോപ്പുകളേക്കാറേ സ്മാര്‍ട്ട് ഫോണുകളാണ്. 4ജിയും കടന്ന് 5ജിയിലേക്ക് രാജ്യം ചുവടുവെക്കുമ്പോള്‍ സൈബര്‍ രംഗത്തും അതുമായി ബന്ധമുള്ളതുമായ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയും ചെയ്യുന്നു. സാമൂഹികമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള പണത്തട്ടിപ്പ്, ലൈംഗിക ചൂഷണങ്ങള്‍, വ്യക്തികളെ തേജോവധം ചെയ്യുക എന്നിവ വ്യാപകമായിരിക്കുകയാണ്. പല കേസുകളിലും പ്രതിസ്ഥാനത്ത് സാമൂഹികമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ ഇടംപിടിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

ആണും പെണ്ണും നിറയെ, വലവിരിച്ച് വ്യാജന്മാരുടെ ലോകം, പണവും മാനവും പോകും

ഫെയ്സ്ബുക് വഴിയുള്ള പരിചയം മുതലെടുത്ത് കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. പിന്നീടങ്ങോട്ട് പത്രത്താളുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ചാനലുകളിലും ദിനംപ്രതി സമാനസംഭവങ്ങള്‍ കേരളത്തിന്റെ പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വ്യാജ ഫെയ്സ്ബുക് ഐ.ഡി. വഴി പരിചയം നടിച്ച് ചാറ്റിങ്ങിലൂടെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നിറക്കി ക്രൂരമായി പീഡിപ്പിച്ച കേസ് വരെ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. 

കൊല്ലത്ത് രേഷ്മയെന്ന യുവതി സ്വന്തം കുഞ്ഞിനെ കൊന്നതിന് കാരണമായി പറഞ്ഞത് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ സ്വന്തമാക്കുന്നതിന് വേണ്ടിയെന്നാണ്. എന്നാല്‍ കാമുകനെന്ന് രേഷ്മ പറഞ്ഞയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടും വ്യാജനായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.

ഇതിലുമേറെ അപകടകരമായ  വസ്തുകളാണ് പുറത്തുവരുന്നത്. യുവതലമുറയില്‍ ഏറെപ്പേരും ഇന്ന് ചിലവഴിക്കുന്നത് ഇന്‍സ്റ്റഗ്രാം റീല്‍സ്, മോജ്, ജോഷ് തുടങ്ങിയ ചെറു വീഡിയോ പ്ലാറ്റ്ഫോമുകളിലാണ്. രണ്ടു വര്‍ഷത്തോളമായി ചുറ്റുപാടുകളുമായി അധികം ബന്ധമില്ലാതെ കഴിയുന്ന യുവതി യുവാക്കള്‍ മിക്കവര്‍ക്കും ഇത്തരം സാമൂഹികമാധ്യമങ്ങളില്‍ അക്കൗണ്ടുകളുണ്ട്. വീടിനുള്ളില്‍നിന്നും സ്വന്തമായി ചിത്രീകരിച്ച് പങ്കുവെക്കുന്ന ഇത്തരം വീഡിയോകള്‍ വഴി പതിഞ്ഞിരിക്കുന്ന അപകടം ആരും കാണുന്നില്ല.

CRIME DATAഇത്തരം ആപ്പുകള്‍ മുഖേനെ കൊച്ചുപെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പോലും ദുരുപയോഗം ചെയ്യപ്പെടുന്നു. അശ്ലീല ഫോണ്‍കോളുകള്‍, അശ്ലീല വിഡിയോകള്‍ തുടങ്ങിയവയില്‍ പലതിന്റെയും മുഖചിത്രമായി നല്‍കിയിരിക്കുന്നത് ഇത്തരം വിഡിയോ ആപ്പുകളിലെ പെണ്‍കുട്ടികളുടെ പെര്‍ഫോമന്‍സ്, അല്ലെങ്കില്‍ അതില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ട് എന്നിവയാകും. ഡേറ്റിങ് ആപ്പുകളെന്ന വ്യാജേന നിരവധി വ്യാജആപ്പുകളും ഓണ്‍ലൈനിലെ കാണാപ്പുറങ്ങളിലുണ്ട്. ഇവയിലും ഇത്തരം ചിത്രങ്ങളും വീഡിയോകളും എത്തുന്നു. മിക്കതും പണം തട്ടുകയെന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

പാര്‍ക്കില്‍നിന്നോ ഷോപ്പിങ് മാളുകളില്‍നിന്നോ പകര്‍ത്തുന്ന വീട്ടമ്മമാരുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങളും വീഡിയോകളും വാട്സാപ് ഗ്രൂപ്പുകളില്‍ കൂടി പങ്കുവെക്കപ്പെടുന്നു. പലരിലൂടെയും കടന്ന അവ പിന്നീട് പ്രചരിക്കുക രൂപം മാറി അശ്ലീല സൈറ്റുകളിലും ഗ്രൂപ്പുകളിലൂമാകും. മാത്രമല്ല, ഇത്തരം ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രൊഫലുകള്‍ നിര്‍മിക്കുകയും തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.

തമാശകള്‍ക്കും ചാറ്റിങ്ങിനും മാത്രമായി വ്യാജ അക്കൗണ്ട് ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍, അങ്ങനെ ചെയ്യുന്നതിലധികവും രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും എതിരാളികളെ പരിഹസിക്കുന്നതിനുമാണ്. ഇവരേക്കാള്‍ വലിയ തിമിംഗലങ്ങളാണ് ഫെയ്്സ്ബുക്കിലും മറ്റ് സാമൂഹികമാധ്യമങ്ങളിലുമായി ആരാലും പിടിക്കപ്പെടാതെ കറങ്ങുന്നത്.

ഒരേ ചിത്രവുമായി ഡസനോളം അക്കൗണ്ടുകള്‍

വെറുതെ ഒരു രസത്തിനു വേണ്ടി ഉണ്ടാക്കുന്നതു മുതല്‍ തട്ടിപ്പിനുവരെ വ്യാജ ഫെയ്സ്ബുക് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നു. ഫെയ്സ്ബുക്കില്‍ 100 ഐഡികള്‍ എടുത്താല്‍ ഇതില്‍ പത്തും വ്യാജനായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വഴിവിട്ട ബന്ധങ്ങള്‍ക്കും മറ്റും മറയായി ഇത്തരം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ കുറവല്ല. ഒരേ ആളുടെ ചിത്രമുപയോഗിച്ച് ഒരേ പേരിലോ ഒന്നിലേറേ പേരിലോ വ്യാജന്മാരെ സൃഷ്ടിക്കുന്നവരുടെ ലക്ഷ്യം വളരെ വലുതാണ്. 

crimedataപണത്തട്ടിപ്പ്, വിവാഹേതര ബന്ധം, ലൈംഗിക ചൂഷണം ഇതൊക്കെയാണ് ഇവയുടെ പരിണിത ഫലങ്ങള്‍. വരുന്ന ഫ്രണ്ട് റിക്വസ്റ്റുകള്‍ സസൂക്ഷമം പരിശോധിച്ച് ഉറപ്പുവരുത്തുക എന്നതാണ് മുഖ്യം. തട്ടിപ്പുകളില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ ഫെയ്സ്ബുക്, വാട്സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കള്‍ നിരീക്ഷിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമാണ് ഇതിനുള്ള പോംവഴി.

വ്യാജനെ തിരിച്ചറിയുന്നതെങ്ങനെ, ചില ടിപ്പുകള്‍

പ്രൊഫൈല്‍ ഫോട്ടോ പരിശോധിക്കുക. ആകെ ഒരു പ്രൊഫൈല്‍ ഫോട്ടോ മാത്രം അക്കൗണ്ടില്‍ ഉള്ളൂവെങ്കില്‍ സംശയിക്കണം. പ്രൊഫൈല്‍ ചിത്രം സിനിമാ നടി/നടന്മാര്‍ തുടങ്ങിയവ പ്രശസ്തരുടേതാണെങ്കില്‍ വ്യാജനാവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ടൈം ലൈനും സ്റ്റാറ്റസ് അപ്ഡേറ്റും പരിശോധിക്കുക.

ഒരു പേജും ലൈക് ചെയ്യാതെയും ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെയും വെറുതെ ഫ്രണ്ട്സിന്റെ എണ്ണം മാത്രം വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രൊഫൈലുകള്‍ സംശയിക്കണം. 

ഫ്രണ്ട്സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് കണ്ടാല്‍ സംശയിക്കണം.

ഫെയ്സ്ബുക്ക് ഇമേജുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തും സംശയമുള്ളവയുടെ യഥാര്‍ഥ ഉറവിടം കണ്ടെത്താനാകും.

ഇരുപത്തിരണ്ടുകാരനായ കോളേജ് വിദ്യാര്‍ഥിയെന്ന വ്യാജേന പെണ്‍കുട്ടിയെ പരിചയപ്പെട്ടത് നാല്‍പ്പത്തഞ്ചുകാരന്‍, സൗഹൃദം പ്രണയമായി വളര്‍ന്നപ്പോള്‍ നഗ്‌നചിത്രങ്ങളും കൈമാറി. ഒടുവില്‍ ആ ഓണ്‍ലൈന്‍ പ്രണയം കലാശിച്ചത് പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍. അതേക്കുറിച്ച് നാളെ.