ഗുരുവായൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടശേഷം നഗ്‌നചിത്രങ്ങളും വീഡിയോയും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം വിളയില്‍ മുണ്ടുപറമ്പ് സ്വദേശികളായ കണ്ടമംഗലത്ത് മുഹമ്മദാലി (25), ആരാന്‍കുഴി വീട്ടില്‍ അല്‍അമീന്‍ (ഇര്‍ഷാദ്-19) എന്നിവരെയാണ് ഗുരുവായൂര്‍ സി.ഐ. പി.കെ. മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഗുരുവായൂര്‍ സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി.

പെണ്‍കുട്ടികളെ പരിചയപ്പെട്ട ഇവര്‍ പ്രണയം നടിച്ച് സ്ഥിരമായി ചാറ്റിങ്ങും വീഡിയോ കോളും ചെയ്തിരുന്നു. പിന്നീട് പെണ്‍കുട്ടികളുടെ നഗ്‌നവീഡിയോ ആവശ്യപ്പെടുകയും തന്നില്ലെങ്കില്‍ വീഡിയോകോളും ചാറ്റിങ്ങും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സമാനരീതിയില്‍ പലയിടങ്ങളിലും പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതിന് ഇവരുടെ പേരില്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ ഫോണ്‍ പരിശോധിച്ചതില്‍ ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എസ്.ഐ. കെ.ജി. ജയപ്രദീപ്, എ.എസ്.ഐ.മാരായ എം.ആര്‍. സജീവ്, ജലീല്‍, സി.പി.ഒ. ഷിജിന്‍ എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായി.