കയ്പമംഗലം (തൃശ്ശൂര്‍): മിസ്ഡ്‌കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കബളിപ്പിച്ച് 65 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നംഗസംഘത്തെ കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി. സലീഷ് എന്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടി. കയ്പമംഗലം തായ്നഗര്‍ സ്വദേശി പുതിയവീട്ടില്‍ അബ്ദുല്‍സലാം (24) ചേറ്റുവ ഏങ്ങണ്ടിയൂര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ അഷ്റഫ് (53) വാടാനപ്പള്ളി ശാന്തിനഗറില്‍ അമ്പലത്ത് വീട്ടില്‍ റഫീഖ് (31) എന്നിവരാണ് അറസ്റ്റിലായത്. നടി ഷംന കാസിമിനെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും.

മൂന്ന് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. കയ്പമംഗലം കൂരിക്കുഴിയിലുള്ള ഒരു വീട്ടമ്മയെയാണ് സംഘം കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തത്. ഭര്‍ത്താവ് വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലുള്‍പ്പെട്ടവരാണിവര്‍. വീട്ടമ്മമാരുടെ നമ്പറിലേക്ക് മനഃപൂര്‍വം മിസ്സ്ഡ് കോള്‍ നല്‍കിയ ശേഷം തിരിച്ചു വിളിക്കുന്നവരോട് മാന്യമായ രീതിയില്‍ സംസാരിച്ച് അടുപ്പം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നതാണ് പ്രതികളുടെ സ്ഥിരം പരിപാടിയെന്ന് പോലീസ് പറയുന്നു. 

ഡോക്ടറോ എന്‍ജിനീയറോ ആണെന്നാണ് ഇവര്‍ സ്വയം പരിചയപ്പെടത്തുക. തുടര്‍ന്ന് സംഘത്തിലെ മുതിര്‍ന്നയാള്‍ പിതാവാണെന്നും മറ്റൊരാള്‍ ബന്ധുവെന്നും പരിചയപ്പെടുത്തി വീട്ടമ്മയെ വിശ്വസിപ്പിക്കും. ബന്ധം മുറുകുന്നതോടെ തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് പണവും സ്വര്‍ണവും കൈക്കലാക്കിയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഇത്തരത്തില്‍ പലതവണയായാണ് കൂരിക്കുഴിയിലെ വീട്ടമ്മയില്‍ നിന്നും ഇവര്‍ 65 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തത്. ആഭരണങ്ങള്‍ വിവിധ സ്ഥലങ്ങളിലായി പണയംവെച്ച ശേഷം പ്രതികള്‍ മൂവരും ചേര്‍ന്ന് പണം വീതിച്ചെടുക്കുകയായിരുന്നു. 

പലസ്ഥലങ്ങളിലും ഇവര്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നാണക്കേട് ഭയന്ന് പല വീട്ടമ്മമാരും പരാതി നല്‍കാതിരുന്നത് പ്രതികള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചെന്നും പോലീസ് പറഞ്ഞു. പണവും സ്വര്‍ണവും തിരികെ ലഭിക്കാതായതോടെ കൂരിക്കുഴിയിലെ വീട്ടമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. കയ്പമംഗലം എസ്.എച്ച്.ഒ. സുജിത്ത്, എസ്.ഐ.മാരായ പി.സി. സുനില്‍, പി.സി. സന്തോഷ്, എ.എസ്.ഐ. പ്രദീപ് തുടങ്ങിയവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Content Highlights: three arrested in kaipamangalam thrissur for looting gold and money from a woman