രാജ്‌കോട്ട്: മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേര്‍ന്ന് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ട് കനക്‌നഗര്‍ സ്വദേശി വിജയ് മേറി(32)നെയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും ഇയാളുടെ സുഹൃത്തായ ദിനേശ് രംഗപാര(30) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി രാജ്‌കോട്ടിലെ ശാന്ത് കബീര്‍ റോഡില്‍വെച്ചാണ് ഇരുവരും യുവാവിനെ വെട്ടിക്കൊന്നത്. റോഡരികില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിജയ് മേറിനെ ബൈക്കിലെത്തിയ പ്രതികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒന്നാംപ്രതിയുടെ മകളെ പീഡിപ്പിച്ച കേസില്‍ വിജയ് മേര്‍ നേരത്തെ ജയിലിലായിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാളെ കൊലപ്പെടുത്തിയത്. 

കഴിഞ്ഞ ഒക്ടോബറിലാണ് വിജയ് മേറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഒളിച്ചോടിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പോലീസില്‍ പരാതി നല്‍കി. പിന്നീട് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും ഫയല്‍ചെയ്തു.  ഇതോടെ പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കുകയും 2021 മാര്‍ച്ചില്‍ ജുനഗദ്ദില്‍നിന്ന് ഇരുവരെയും കണ്ടെത്തുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസെടുത്തിരുന്നു. റിമാന്‍ഡിലായ വിജയ് മേര്‍ ആഴ്ചകള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. 

Content Highlights: rape case accused hacked to death by survivors father in gujarat