കൊച്ചി: പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയടക്കം നാലുപേര്‍ക്ക് കഠിന തടവും പിഴയും.

കേസില്‍ പ്രതികളായ കിഴക്കമ്പലം കോളനിപ്പടി അറയ്ക്കല്‍ വീട്ടില്‍ അനീഷ (28) യ്ക്ക് 32 വര്‍ഷവും പട്ടിമറ്റം ചൂരക്കാട്ട് അയ്മനക്കുടിയില്‍ ബേസില്‍ എന്ന ഹര്‍ഷാദിന് (24) 28 വര്‍ഷവും കിഴക്കമ്പലം ആലിന്‍ചുവട് തടിയന്‍ വീട്ടില്‍ ജിബിന് (24) 48 വര്‍ഷവും തൃക്കാക്കര തേവയ്ക്കല്‍ മീന്‍കൊള്ളില്‍ വീട്ടില്‍ ജോണ്‍സ് മാത്യുവിന് (24) 12 വര്‍ഷവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ടുലക്ഷം രൂപ പ്രതികളില്‍നിന്ന് പിഴയായി ഈടാക്കി കുട്ടിക്ക് നല്‍കണം. സര്‍ക്കാരിനോട് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിവിധ കുറ്റങ്ങള്‍ക്കായി ലഭിച്ച ശിക്ഷ ആദ്യ മൂന്ന് പ്രതികള്‍ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതി. നാലാം പ്രതി ഏഴു വര്‍ഷം ശിക്ഷ അനുഭവിക്കണം. 2015-ലാണ് സംഭവം. സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായ അനീഷയാണ് കുട്ടിയെ പ്രതികള്‍ക്ക് പരിചയപ്പെടുത്തി നല്‍കിയത്. അനീഷയാണ് കേസിലെ ഒന്നാം പ്രതി. പല തവണ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. തടിയിട്ടപറമ്പ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ ജെ. കുര്യാക്കോസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന (പോക്സോ കോടതി) അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി.