കോട്ടയം: പാലായില്‍ കാണാതായ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍നിന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകള്‍ അഞ്ജു പി.ഷാജി(20)യുടെ മൃതദേഹമാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ ചെക്ക്ഡാമിന് സമീപത്തായി വെള്ളത്തില്‍ പൊങ്ങിക്കിടന്ന നിലയിലാണ് മൃതദേഹം കണ്ടത്.

അഞ്ജുവിന്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും കഴിഞ്ഞദിവസം മുതല്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയത്. അതേസമയം, അഞ്ജു കോപ്പിയടിച്ചെന്ന കോളേജ് അധികൃതരുടെ ആരോപണം നിഷേധിച്ച് കുടുംബം രംഗത്തെത്തി. 

കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളേജില്‍ ബി.കോം. വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുവിന്  ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. 

Read Also: 'പ്രിന്‍സിപ്പാളാണ് കൊച്ചിനെ കൊന്നത്, ഞാന്‍ വന്ന് അവളെ കൊണ്ടുപോകില്ലായിരുന്നോ'... കരഞ്ഞുപറഞ്ഞ് അഞ്ജുവിന്റെ പിതാവ്...

എന്നാല്‍ അഞ്ജു പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം അഞ്ജുവിന് നല്ല മാര്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടി പഠിച്ചിരുന്ന പാരലല്‍ കോളേജിലെ അധ്യാപകരും ഇത് ശരിവെക്കുന്നു. അതേസമയം, ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് വിദ്യാര്‍ഥിനിയെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കോളേജ് അധികൃതര്‍ പറയുന്നു. 

Content Highlights: kottayam pala college girl missing case; dead body found from river