കോട്ടയം: പാലായില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മരണം കൊലപാതകമെന്ന് പിതാവ്. ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതരും പ്രിന്‍സിപ്പാളുമാണ് മകളുടെ മരണത്തിന് ഉത്തരവാദികളെന്നും മരിച്ച അഞ്ജുവിന്റെ പിതാവ് ഷാജി ആരോപിച്ചു. 

'കോളേജ് പ്രിന്‍സിപ്പാളാണ് എന്റെ കൊച്ചിനെ കൊന്നത്. മകള്‍ ഒരിക്കലും കോപ്പിയടിച്ചിട്ടില്ല. ഇനി എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും എന്നെ വിളിച്ച് പറയാമായിരുന്നു. ഞാന്‍ വന്ന് അവളെ കൊണ്ടുപോകുമായിരുന്നില്ലേ...' ഷാജി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞുപറഞ്ഞു. 

അഞ്ജുവിന്റെ കൈയില്‍നിന്ന് പരീക്ഷാപേപ്പര്‍ പിടിച്ചുപറിക്കുന്നത് സിസിടിവിയില്‍ കാണാമെന്ന് ബന്ധുക്കളും ആരോപിച്ചു. മൃതദേഹം പെട്ടെന്നുതന്നെ സ്ഥലത്തുനിന്ന് കൊണ്ടുപോയതും പിതാവിനെ കാണിക്കാതിരുന്നതും ദുരൂഹമാണ്. കോപ്പിയടി സ്ഥാപിക്കാന്‍ മൃതദേഹത്തില്‍ പേപ്പറുകള്‍ തിരുകിവെയ്ക്കുമെന്ന് ആശങ്കയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

ബിവിഎം ഹോളിക്രോസ് കോളേജില്‍ പരീക്ഷ എഴുതാനെത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജു പി ഷാജിയെയാണ് തിങ്കളാഴ്ച മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ ചെക്ക്ഡാമിന് സമീപത്താണ് മൃതദേഹം കണ്ടത്. 

Read Also: കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി; കോപ്പിയടി ആരോപണം നിഷേധിച്ച് കുടുംബം...

കാഞ്ഞിരപ്പള്ളിയിലെ സെന്റ് ആന്റണീസ് പാരലല്‍ കോളേജില്‍ ബി.കോം. വിദ്യാര്‍ഥിനിയായിരുന്ന അഞ്ജുവിന്  ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സര്‍വകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനിയെ കാണാതായത്. കോളേജില്‍നിന്ന് പുറത്തേക്ക് പോയ വിദ്യാര്‍ഥിനി മീനച്ചിലാറ്റില്‍ ചാടി മരിക്കുകയായിരുന്നുവെന്നാണ് നിഗമനം. 

എന്നാല്‍ അഞ്ജു പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നതായാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. കഴിഞ്ഞ സെമസ്റ്ററുകളിലെ പരീക്ഷകളിലെല്ലാം അഞ്ജുവിന് നല്ല മാര്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടി പഠിച്ചിരുന്ന പാരലല്‍ കോളേജിലെ അധ്യാപകരും ഇത് ശരിവെക്കുന്നു. അതേസമയം, ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ എഴുതിക്കൊണ്ടുവന്ന് കോപ്പിയടിച്ചതിനാലാണ് വിദ്യാര്‍ഥിനിയെ പുറത്താക്കിയതെന്നാണ് ഹോളിക്രോസ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും കോളേജ് അധികൃതര്‍ പറയുന്നു. 

Content Highlights: kottayam pala college student anju p shaji death; allegations against college