എടപ്പാള്‍: രണ്ടുദിവസമായി 18 മണിക്കൂര്‍ നീണ്ട തിരച്ചിലിന് വിരാമം. പഞ്ചലോഹവിഗ്രഹം നല്‍കാമെന്നുപറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയശേഷം സുഹൃത്തുക്കള്‍ കൊന്ന് കിണറ്റിലിട്ട പന്താവൂര്‍ കിഴക്കേലവളപ്പില്‍ ഹനീഫയുടെ മകന്‍ ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടം പൂക്കരത്തറയിലെ കിണറ്റില്‍നിന്ന് കണ്ടെടുത്തു. പ്രതികളായ വട്ടംകുളം അധികാരത്തുപടി സുഭാഷ് (35), മേനോന്‍പറമ്പില്‍പടി എബിന്‍ (27) എന്നിവരുടെ മൊഴികള്‍ പ്രകാരമായിരുന്നു തിരച്ചില്‍.

2020 ജൂണ്‍ 11-ന് കോഴിക്കോട്ടേക്കെന്നുപറഞ്ഞ് പ്രതികള്‍ കൂട്ടിക്കൊണ്ടുപോയ ഇര്‍ഷാദിനെ നേരത്തേ വാങ്ങിയ അഞ്ചുലക്ഷത്തിനുപുറമെ ഒന്നരലക്ഷം രൂപ കൂടി കൈക്കലാക്കിയശേഷമാണ് പ്രതികള്‍ ക്രൂരമായി കൊലചെയ്തത്. ഇവരുടെ മൊഴിയനുസരിച്ച് പൂക്കരത്തറ സെന്ററിലെ മാലിന്യം തള്ളുന്ന കിണറ്റില്‍ ശനിയാഴ്ച എട്ടുമണിക്കാണ് പോലീസ് തിരച്ചിലാരംഭിച്ചത്.

എന്നാല്‍ ശനിയാഴ്ച അഞ്ചരവരെയും ഞായറാഴ്ച മണിക്കൂറുകളും തിരഞ്ഞിട്ടും മാലിന്യമല്ലാതെ ഒന്നും കിട്ടാതായതോടെ പോലീസ് ആശങ്കയിലായിരുന്നു. തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഏതാനും സമയംകൂടി അവശേഷിക്കേ അഞ്ചുമണിയോടെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. കൈകാലുകള്‍ മടക്കിക്കൂട്ടി ചണത്തിന്റെ ചാക്കിലാക്കിയശേഷം പ്ലാസ്റ്റിക് കവറില്‍ കയറ്റിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടം.

മാസങ്ങളോളം മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന് ദ്രവിച്ച് എല്ലും തോലും തലയോട്ടിയും കുറച്ച് മാംസാവശിഷ്ടങ്ങളും മാത്രമാണ് കവറില്‍ അവശേഷിച്ചിരുന്നത്.

ദുര്‍ഗന്ധം വമിക്കുന്ന കവര്‍ തൊഴിലാളികള്‍ കരയ്ക്കുകയറ്റിയതറിഞ്ഞ് പ്രദേശത്ത് ജനങ്ങള്‍ തടിച്ചുകൂടിയെങ്കിലും മാധ്യമപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും മാത്രമാണ് പോലീസ് സ്ഥലത്തേക്കു കടത്തിവിട്ടത്.

തിരൂര്‍ ഡിവൈ.എസ്.പി കെ.ബി. സുരേഷ്ബാബു, ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കല്‍, എസ്.ഐ ഹരിഹരസൂനു, രാജേഷ്, സയന്റിഫിക്-ഫോറന്‍സിക് വിദഗ്ധരായ ഡോ. ഗിരീഷ്, ഡോ. ശ്രുതി, ഡോ. ത്വയ്ബ, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുകേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ പ്രാഥമിക പരിശോധന നടത്തി മനുഷ്യന്റെ മൃതശരീരം തന്നെയാണ് കവറിലുള്ളതെന്നു സ്ഥിരീകരിച്ചു. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹപരിശോധനയ്ക്കായി അയച്ചു.

Content Highlights: edappal irshad murder case dead body found from well