വെള്ളരിക്കുണ്ട് (കാസർകോട്): കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചിട്ടും സാങ്കേതിക കാരണം പറഞ്ഞ് വന്നില്ല. ഒടുവിൽ ബന്ധുക്കൾ പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച രോഗി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ടിനടുത്ത കരിന്തളം പഞ്ചായത്തിലെ കൂരാംകുണ്ട് സ്വദേശി സാബു വട്ടംതടത്തിനാണ് അധികൃതരുടെ അനാസ്ഥയിൽ ജീവൻ നഷ്ടപ്പെട്ടത്. കിടക്കയോടെ പി.പി.ഇ. കിറ്റണിഞ്ഞ നാലു പേർ സാബുവിനെ പിക്കപ്പിൽ കയറ്റുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വൻപ്രതിഷേധമാണ് ഉയർന്ന് വരുന്നത്.

സാബുവിന്റെ ഭാര്യയും മകളും കോവിഡ് ബാധിതരായിരുന്നു. സാബുവിനും വയ്യാതായതോടെ ബന്ധുക്കൾ 108 ആംബുലൻസിനെ ബന്ധപ്പെട്ടു. വെള്ളരിക്കുണ്ടിൽ ആംബുലൻസും ഉണ്ടായിരുന്നു. എന്നാൽ, ഇത് കരിന്തളം പി.എച്ച്.സിക്ക് കീഴിൽ ആണെന്നും വെള്ളരിക്കുണ്ടിൽനിന്നു ആംബുലൻസ് വിട്ട് തരാൻ ബുദ്ധിമുണ്ടെന്നും മുകളിൽ ബന്ധപ്പെട്ട ശേഷം മറുപടി പറയാമെന്നും പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. ഒടുവിൽ ആംബുലൻസ് ലഭിക്കില്ലെന്ന് ബോധ്യമായതോടെ ഇവർ കിട്ടിയ പിക്കപ്പിൽ കയറ്റി സാബുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിക്കുകയും ചെയ്തു. എന്നാൽ വീട്ടിലേക്ക് മറ്റ് വാഹനങ്ങൾ ഇറങ്ങില്ലെന്നും അതുകൊണ്ടാണ് പിക്കപ്പ് വീട്ടിലേക്ക് വന്നതെന്നും പെട്ടെന്ന് ആംബുലൻസ് കിട്ടാത്തതിനാൽ അതേ വാഹനത്തിൽ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് സി. ഫിലിപ്പ് പറഞ്ഞു. ബന്ധുക്കൾ തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇത് കരിന്തളം പി.എച്ച്.സിക്ക് കീഴിലായതിനാൽ വിവരം അങ്ങോട്ട് കൈമാറാൻ ആവശ്യപ്പെട്ടു.

അവിടെ ബന്ധപ്പെട്ടിട്ട് കിട്ടിയില്ല എന്നറിയിച്ചതോടെ വെള്ളരിക്കുണ്ടിൽ നിന്നും പി.പി.ഇ കിറ്റ് അടക്കം ബന്ധുക്കൾക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തു. ആംബുലൻസ് എത്താൻ വൈകിയാൽ ജീവൻ നഷ്ടപ്പെടുമോ എന്ന് തോന്നിയിട്ടാണ് പിക്കപ്പ് വാഹനത്തിൽ തന്നെ ആശുപത്രിയിൽ എത്തിച്ചത്. മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Covid19 108 Ambulance Kasarkode Vellarikkund