
നിലാമഴ പെയ്യുന്ന രാത്രി. ഠാക്കൂര്‍ ബല്‍ദേവ് സിങ്ങിന്റെ (സഞ്ജീവ് കുമാര്‍) ബംഗ്ലാവിന്റെ മട്ടുപ്പാവിലെ റാന്തല്‍ വിളക്കുകള്‍ ഒന്നൊന്നായി അണച്ചുകൊണ്ട് നടന്നുനീങ്ങുകയാണ് ശുഭ്രവസ്ത്ര ധാരിയായ രാധ (ജയഭാദുരി). തെല്ലകലെ ഠാക്കൂര്‍ സാഹിബിന്റെ ഔട്ട്ഹൗസിന്റെ ഉമ്മറപ്പടിയിലിരുന്ന് മൗത്ത് ഓര്‍ഗനില്‍ വിഷാദമധുരമായ ഏതോ ഈണം വായിക്കുന്നു ജയദേവ് (അമിതാഭ് ബച്ചന്‍). നിര്‍വചിക്കാനാവാത്ത ഒരു വിങ്ങലായി ജയ് മനസ്സില്‍ കൊണ്ടുനടക്കുന്ന രാധയോടുള്ള നിശബ്ദപ്രണയത്തിന്റെ തീവ്രത മുഴുവന്‍ നമ്മെ അനുഭവിപ്പിക്കുന്നു ആ നാദപ്രവാഹം. ഒപ്പം രാധയുടെ മനസ്സിനെ തരളിതമാക്കുകയും ചെയ്യുന്നു അത്. 'ഷോലേ'യില്‍ അമിതാഭിന്റെയും ജയഭാദുരിയുടെയും കഥാപാത്രങ്ങള്‍ ഒരുമിച്ചു വരുന്ന രംഗങ്ങളിലെല്ലാം ആവര്‍ത്തിക്കപ്പെടുന്നുണ്ട് നേര്‍ത്ത നൊമ്പരമുണര്‍ത്തുന്ന ആ ഈണം; ജയദേവിന്റെ അന്ത്യനിമിഷങ്ങളില്‍ വരെ.
ഒരു കൊച്ചു സംഗീതശകലത്തിന് എത്ര അനായാസം ഒരു കാലം തന്നെ പുനഃസൃഷ്ടിക്കാന്‍ കഴിയുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം. കഷ്ടിച്ച് ഒരു മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ആ ഈണമാണ് 'ഷോലേ' മനസ്സില്‍ അവശേഷിപ്പിക്കുന്ന പ്രണയാര്‍ദ്രമായ ഓര്‍മ്മകളിലൊന്ന്. മൈസൂരിലെ ഏതോ തിയേറ്ററിന്റെ ഇരുട്ടില്‍ രമേഷ് സിപ്പിയുടെ 'ദേശി വെസ്റ്റേണ്‍' ചിത്രം വീര്‍പ്പടക്കി കണ്ടിരുന്ന എട്ടാം ക്ലാസുകാരന് എങ്ങനെ മറക്കാനാകും ആ ഈണം? ഒന്നാന്തരം ഗിറ്റാറിസ്റ്റ് കൂടിയായ ഭാനു ഗുപ്തയാണ് മൗത്ത് ഓര്‍ഗനില്‍ ആ സംഗീതശകലം വായിച്ചു റെക്കോര്‍ഡ് ചെയ്തതെന്നറിഞ്ഞത് ഒരു ദൂരദര്‍ശന്‍ ഡോക്യുമെന്ററിയില്‍ നിന്നാണ്. ഒപ്പം ഹൃദയസ്പര്‍ശിയായ ഒരനുഭവം കൂടി പങ്കുവെച്ചു അദ്ദേഹം.
ഉച്ചവെയിലില്‍ തിളച്ചുമറിയുന്ന മുംബൈ. വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്ന നഗരവീഥിയുടെ ഓരത്ത്, കാറിന്റെ ബോണറ്റില്‍ ചാരിനിന്ന് മൗത്ത് ഓര്‍ഗന്‍ വായിക്കുകയാണ് ഗുപ്ത. കണ്ണുകള്‍ ചിമ്മി, താപസതുല്യമായ ഏകാഗ്രതയോടെ. കേള്‍വിക്കാരായി ആയിരങ്ങളും പതിനായിരങ്ങളുമില്ല; ആകെയുള്ളത് ഒരു പാവം ട്രാഫിക് പോലീസുകാരന്‍ മാത്രം.
'അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കച്ചേരി''- രാഹുല്‍ ദേവ് ബര്‍മ്മനെ കുറിച്ചുള്ള ഒരു ദൂര്‍ദര്‍ശന്‍ പരിപാടിയില്‍ ഭാനു ഗുപ്ത പറഞ്ഞു. 'മഹത്തായ ശാസ്ത്രീയ സംഗീത കൃതികളോ ഗസലുകളോ വെസ്റ്റേണ്‍ ക്ലാസിക്കലോ ഒന്നുമല്ല ആ വഴിയോരത്തു നിന്നുകൊണ്ട് ഞാന്‍ വായിച്ചത്; ഷോലേ എന്ന സിനിമയില്‍ നിന്നുള്ള ഒരു കൊച്ചു സംഗീതശകലം മാത്രം. എന്തോ ഒരു മാജിക് ഉണ്ടായിരുന്നിരിക്കണം ആ ഈണത്തില്‍. വായന കഴിഞ്ഞ് കണ്ണുതുറന്നു നോക്കുമ്പോള്‍ ഒരു വിതുമ്പലിന്റെ വക്കത്തെത്തി നില്‍ക്കുകയാണ് പോലീസുകാരന്‍. ജീവിതത്തിലെ ഏതോ വികാരഭരിതമായ മുഹൂര്‍ത്തത്തിന്റെ ആര്‍ദ്രസ്മരണകളിലേക്ക് അറിയാതെ മടങ്ങിപ്പോയിരിക്കണം അയാളുടെ മനസ്സ്. ഒരു കൊച്ചു മ്യൂസിക്കല്‍ ബിറ്റിനു ഇത്രയും ശക്തിയോ എന്നോര്‍ത്തു പോയി ഞാന്‍.''
നിമിഷങ്ങള്‍ മാത്രം മുന്‍പാണ് ഗുപ്തയുടെ കാര്‍ അതേ ട്രാഫിക് കോണ്‍സ്റ്റബിള്‍ നടുറോഡില്‍ കൈകാണിച്ചു തടഞ്ഞു നിര്‍ത്തിയത്. പ്രശ്‌നം അമിതവേഗത തന്നെ. ഓര്‍ക്കസ്ട്ര കലാകാരനാണെന്നും സിനിമയുടെ റെക്കോഡിങ്ങിന് സമയത്തിനെത്താന്‍ വേണ്ടി അല്‍പം ധൃതി കൂട്ടിയതാണെന്നും ഇത്തവണ മാപ്പാക്കണമെന്നും കേണപേക്ഷിച്ചപ്പോള്‍, സംഗീതപ്രേമിയായ പോലീസുകാരന്റെ മനസ്സലിഞ്ഞു. 'സിനിമാ പാട്ടുകളുടെ പിന്നണിയില്‍ വാദ്യോപകരണങ്ങള്‍ വായിച്ചിട്ടുണ്ടോ?'' കൗതുകത്തോടെ അയാളുടെ ചോദ്യം. 'ഇഷ്ടം പോലെ. അതാണെന്റെ ജോലി. ആയിരക്കണക്കിന് പാട്ടുകളില്‍ മൌത്ത് ഓര്‍ഗനും ഗിറ്റാറും വായിച്ചിട്ടുണ്ട്,'' ഗുപ്ത പറഞ്ഞു. എങ്കില്‍ പിന്നെ ഒരു ട്യൂണ്‍ വായിച്ചു കേള്‍ക്കട്ടെ എന്ന് പോലീസുകാരന്‍. ട്രാഫിക് നിയമലംഘന കേസില്‍നിന്ന് കഴിയുന്നതും വേഗം തലയൂരണം എന്നുണ്ടായിരുന്നതുകൊണ്ട് സമയം പാഴാക്കാതെ കാറിന്റെ ഡോര്‍ തുറന്നു പുറത്തിറങ്ങി, ഗുപ്ത. പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ഒരു ഈണം പോലീസുകാരന് വേണ്ടി നിന്ന നില്‍പ്പില്‍ മൗത്ത് ഓര്‍ഗനില്‍ വായിച്ചു അദ്ദേഹം. 'ഷോലേ'യിലെ വികാരതരളമായ ഒരു കഥാമുഹൂര്‍ത്തത്തെ പ്രേക്ഷകഹൃദയങ്ങളില്‍ അനശ്വരമാക്കി മാറ്റിയ ഈണമായിരുന്നു അത്.
'സ്‌നേഹാദരങ്ങളോടെ പോലീസുകാരന്‍ അന്നെന്നെ യാത്രയാക്കിയപ്പോള്‍ മനസ്സു കൊണ്ട് പഞ്ചമിനും (ആര്‍.ഡി. ബര്‍മ്മന്‍) ബസുദായ്ക്കും (ബസുദേവ് ചക്രവര്‍ത്തി) നന്ദി പറഞ്ഞു ഞാന്‍. അവരില്ലെങ്കില്‍ ഈ ഈണമില്ലല്ലോ. പഞ്ചമിന്റെ ബുദ്ധിയില്‍ പൊട്ടിവിരിഞ്ഞതായിരുന്നു ആ കഥാസന്ദര്‍ഭം തന്നെ. ബസുദാ അതിനൊരു ഈണത്തിന്റെ ചട്ടക്കൂട് നല്‍കി. മൗത്ത് ഓര്‍ഗന്‍ വായിച്ച് അത് റെക്കോര്‍ഡ് ചെയ്യാനുള്ള ഭാഗ്യം സിദ്ധിച്ചത് എനിക്കും.''- ഭാനു ഗുപ്ത പറഞ്ഞു.

'പണ്ടെങ്ങോ സിനിമയില്‍ കേട്ട ഒരു ഉപകരണ സംഗീതശകലം ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ആളുകള്‍ നെഞ്ചോട് ചേര്‍ത്തു വെക്കുന്നു എന്നത് ചെറിയ കാര്യമാണോ? എത്രയോ പേരുടെ മൊബൈല്‍ ഫോണുകളില്‍ ഇന്നും റിംഗ് ടോണ്‍ ആണത്. ചെന്ന നാടുകളിലൊന്നും ആ ട്യൂണ്‍ ഒരിക്കലെങ്കിലും മൗത്ത് ഓര്‍ഗനില്‍ വായിക്കാതെ വേദി വിട്ടിട്ടില്ല ഞാന്‍... എത്ര വൈകാരികമാണ് സാധാരണ മനുഷ്യന് ആ ഈണത്തോടുള്ള ബന്ധം എന്നോര്‍ത്ത് വിസ്മയം തോന്നിയിട്ടുണ്ട്. ഒരു സിനിമാഗാനം പോലുമല്ല അതെന്നോര്‍ക്കണം. എങ്കിലും സ്റ്റേജില്‍ ആ ബിറ്റ് വായിക്കുന്നതു കേട്ട് മുന്നിലിരുന്നു കണ്ണ് തുടക്കുന്നവരെ കാണുമ്പോള്‍ വീണ്ടും വീണ്ടും അതിന്റെ ശില്‍പ്പികളെ ഓര്‍ക്കും ഞാന്‍.'' 2018 ജനുവരിയിലായിരുന്നു ഭാനു ഗുപ്തയുടെ വിയോഗം.
ഗുപ്തയുടെ വാക്കുകളില്‍ അതിശയോക്തി കലര്‍ന്നിട്ടുണ്ടെന്ന് തോന്നിയോ? എങ്കിലിതാ വ്യക്തിപരമായ മറ്റൊരനുഭവം. കോഴിക്കോട് ദേവഗിരി കോളേജില്‍ സഹപാഠിയായിരുന്ന ജോണ്‍ എന്ന പുരോഹിത വിദ്യാര്‍ഥി അതീവഹൃദ്യമായി ഈ ഈണം മൗത്ത് ഓര്‍ഗനില്‍ വായിച്ചുകേട്ടിട്ടുണ്ട്. കോളേജ് അങ്കണത്തിലെ കൊച്ചു ഉദ്യാനത്തിന്റെ നടുക്കുള്ള ജലാശയത്തിന്റെ ചുറ്റുമതിലില്‍ കാല്‍നീട്ടിയിരുന്നു സുഹൃത്തുക്കള്‍ക്ക് വേണ്ടി 'പെര്‍ഫോം'' ചെയ്യുന്ന ബ്രദര്‍ ജോണിന്റെ രൂപം മറക്കാനാവില്ല. പ്രായത്തില്‍ അഞ്ചോ ആറോ വയസ്സ് മുതിര്‍ന്ന ഫാദര്‍ ജോണിനെ പിന്നീട് ഞാന്‍ കണ്ടത് വര്‍ഷങ്ങള്‍ക്കു ശേഷം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ യഥാര്‍ത്ഥ 'ഫാദറി''ന്റെ വേഷത്തിലാണ്. ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം. ഭാര്യ ജോണിന്റെ അയല്‍ക്കാരി തന്നെ. "ഷോലേയിലെ ആ ട്യൂണ്‍ ആണ് എല്ലാ കുഴപ്പത്തിനും കാരണം.'' ചിരിച്ചുകൊണ്ട് ജോണ്‍ പറഞ്ഞു. 'ഇവള്‍ക്ക് അത് വലിയ ഇഷ്ടമായിരുന്നു. അവധിക്കാലത്ത് വല്ലപ്പോഴും നാട്ടില്‍ ചെല്ലുമ്പോള്‍ ഞാന്‍ ഇത് വായിച്ചു കേള്‍ക്കാന്‍ വേണ്ടി അവള്‍ വരും. പിന്നെ രാത്രി അത് കേട്ടേ ഉറങ്ങൂ എന്നായി. ഒടുവില്‍ എനിക്ക് സെമിനാരി വിടേണ്ടി വന്നു എന്നതാണ് കഥയുടെ രത്‌നച്ചുരുക്കം.''
അന്‍പത് വര്‍ഷം തികയുന്നു 'ഷോലേ' റിലീസായിട്ട്. പക്ഷേ, അമിതാഭ് ഹാര്‍മോണിക്കയില്‍ വായിച്ച ഈണത്തിന് ഇന്നും മധുരപ്പതിനേഴ്. ആ ഈണമില്ലാതെ 'ഷോലേ'യുടെ ഓര്‍മ്മകള്‍ പൂര്‍ണ്ണമാവില്ലല്ലോ.
Content Highlights: sholay movie mouth organ tune memories amitabh bachchan
Published: 09 Aug 2025, 10:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented