
ക്രിസ്റ്റോ സേവ്യര്‍, ആര്‍.ഡി. ബര്‍മ്മന്‍ | Photo: Instagram/ Christo Xavier, Mathrubhumi Archives
'ഭ്രമയുഗം' കണ്ടിറങ്ങിയപ്പോള്‍ കൂടെ പോന്നത് ഭ്രമാത്മക ദൃശ്യങ്ങള്‍ മാത്രമല്ല അവയെ ഭ്രമാത്മകമാക്കിയ പശ്ചാത്തല സംഗീതം കൂടിയാണ്. പ്രത്യേകിച്ച് കൊടുമണ്‍ പോറ്റിയുടെ തീം മ്യൂസിക്.
യുവസംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യറിന് നന്ദി. പല കാരണങ്ങളാലും ഇഴഞ്ഞുപോകുമായിരുന്ന ഒരു കഥാഖ്യാനത്തെ ചടുലവും ഭീതിദവുമായ ദൃശ്യാനുഭവാക്കിയതില്‍ സംഗീതത്തിനുള്ള പങ്ക് അത്രയും നിര്‍ണ്ണായകം.
ചില്ലറ ഇടപാടല്ല സിനിമയിലെ തീം മ്യൂസിക്. കഥാന്തരീക്ഷവും കഥാപാത്രത്തിന്റെ സ്വഭാവവിശേഷങ്ങളും മാത്രമല്ല മാഞ്ഞുപോയ ഒരു കാലം തന്നെ അനായാസം പുനഃസൃഷ്ടിക്കാന്‍ നല്ലൊരു പ്രമേയസംഗീതശകലത്തിന് കഴിയും. അരനൂറ്റാണ്ടുമുന്‍പ് ആദ്യം കേട്ട 'ഷോലെ'യിലെ കൊള്ളത്തലവന്‍ ഗബ്ബര്‍ സിംഗിന്റെ തീം മ്യൂസിക്കിനൊപ്പം ഇന്നും മനസില്‍ തെളിയുക ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച സ്‌കൂള്‍ കാല സൗഹൃദങ്ങളാണ്. ഒപ്പം കേരളത്തിന് പുറത്തേക്കുള്ള ആദ്യത്തെ വിനോദയാത്ര, അന്ന് കണ്ട കാഴ്ചകള്‍, കൗതുകങ്ങള്‍... ആര്‍.ഡി. ബര്‍മ്മന്‍ എന്ന ഇതിഹാസതുല്യനായ സംഗീതകാരന് എങ്ങനെ നന്ദി പറയാതിരിക്കും.
ക്രിസ്റ്റോയിലുമില്ലേ ഒരു ആര്‍.ഡി. അംശം എന്ന് തോന്നി 'ഭ്രമയുഗ'ത്തിലെ പോറ്റി തീമിനു പിന്നിലെ പരീക്ഷണങ്ങളെ കുറിച്ച് ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ അദ്ദേഹം വാചാലനായിക്കണ്ടപ്പോള്‍: 'പഴയ കാലഘട്ടം തോന്നിപ്പിക്കണമെന്ന് രാഹുലേട്ടന്‍ (സംവിധായകന്‍) പറഞ്ഞിരുന്നു. ശബ്ദത്തില്‍നിന്ന് പ്രേക്ഷകര്‍ക്ക് ആ കാലഘട്ടം അനുഭവിക്കാന്‍ കഴിയണം. എന്തൊക്കെ പുതിയത് കൊണ്ടുവരാമെന്നായിരുന്നു എന്റെ ചിന്ത. ഫിക്ഷണല്‍ സിനിമ ആയതുകൊണ്ട് ഫിക്ഷണല്‍ ശബ്ദങ്ങളും പരീക്ഷിക്കാം. വലിയൊരു പുള്ളോര്‍ക്കുടം നിര്‍മിച്ചാലോ എന്ന ആശയം വന്നെങ്കിലും വലിയ ബഡ്ജറ്റ് ആകുന്നതുകൊണ്ട് അതുപേക്ഷിച്ചു. ഹൊറര്‍ പടങ്ങളിലെ സൗണ്ട് സ്‌കേപ്പ് ചെയ്യാനുപയോഗിക്കുന്ന വാട്ടര്‍ഫോണ്‍ എന്നൊരുപകരണമുണ്ട്. അത് വാങ്ങണമെങ്കില്‍ വലിയ തുക ചെലവാകും. അതുകൊണ്ട് ഞാനും എന്റെ സുഹൃത്ത് അഖില്‍ ജോയിയും ചേര്‍ന്ന് ആ ഉപകരണം ഉണ്ടാക്കിയെടുത്തു. രണ്ടെണ്ണം അത്തരത്തില്‍ നിര്‍മിച്ചു. ഒരെണ്ണത്തില്‍ നോട്ട്‌സ് കിട്ടും. മറ്റേതില്‍ സൗണ്ട് സ്‌കേപ്പും. പിന്നെ പ്ലാസ്റ്റിക് ബക്കറ്റിന്റെ നടുവില്‍ ഗിറ്റാറിന്റെ ഒരു സ്ട്രിംഗ് കൊടുത്ത് ഒരു സംവിധാനമുണ്ടാക്കി. അതില്‍നിന്നുള്ള ശബ്ദമാണ് പോറ്റി തീം മ്യൂസിക്കില്‍ പ്രേക്ഷകര്‍ കേള്‍ക്കുന്നത്. അതുപോലെ തകരകൊണ്ടുള്ള എണ്ണപ്പാട്ടയിലും സ്ട്രിങ് കൊടുത്ത് ശബ്ദമുണ്ടാക്കുന്ന സംവിധാനം ഉണ്ടാക്കിയെടുത്തു. അതുപോലെ ഡിഗര്‍ഡൂ എന്നൊരു ഉപകരണമുണ്ട്. സാധാരണ കാണുന്ന ഡിഗര്‍ഡൂവിനെ മോഡിഫൈ ചെയ്താണ് നമുക്കാവശ്യമായ ശബ്ദങ്ങള്‍ ഉണ്ടാക്കിയെടുത്തത്'.
ഓര്‍മവന്നത് 'ഷോലെ'യിലെ (1975) ഗബ്ബര്‍ തീമിന്റെ സൃഷ്ടിയില്‍ ആര്‍.ഡി. നടത്തിയ പരീക്ഷണങ്ങളാണ്. ഗബ്ബര്‍ സിങ്ങിന്റെ പരുക്കന്‍ മിലിട്ടറി ബൂട്ടുകള്‍ പാറക്കല്ലില്‍ പതിക്കുന്ന ശബ്ദത്തില്‍നിന്നാണ് ആ രംഗത്തിന്റെ തുടക്കം. നിശബ്ദമായ ആ അന്തരീക്ഷത്തിലേക്ക് കാറ്റിന്റെ ചിറകിലേറി മരണത്തിന്റെ നേര്‍ത്ത ചൂളം വിളി പോലെ ചെല്ലോയുടെ നാദം ഒഴുകി വരുന്നു. എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നു എന്ന് നമ്മുടെ കാതില്‍ ആവര്‍ത്തിച്ചു മന്ത്രിക്കുന്നു ആ ശബ്ദം. ബസു ചക്രവര്‍ത്തിയുടെ ചെല്ലോ സൃഷ്ടിക്കുന്ന ആ ഭീതിദമായ അന്തരീക്ഷത്തെ ഒഴിച്ചുനിര്‍ത്തി ഗബ്ബറിന്റെ പാത്രസൃഷ്ടിയെ കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല നമുക്ക്. ഇടയ്‌ക്കെപ്പോഴോ കേഴ്സി ലോര്‍ഡിന്റെ ഓര്‍ഗന്‍ കൂടി ആ പ്രവാഹത്തില്‍ ലയിച്ചു ചേരുന്നതോടെ ക്രൂരതയുടെ പരിവേഷം പൂര്‍ണ്ണമാകുന്നു.
ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച 'ബിഹൈനന്‍ഡ് ദി കര്‍ട്ടന്‍' എന്ന ഗവേഷണ ഗ്രന്ഥത്തില്‍, 'ഷോലെ'യുടെ ഗാനലേഖനത്തിന്റെ അണിയറക്കഥകള്‍ വിവരിച്ചശേഷം ചലച്ചിത്ര സംഗീത ചരിത്രകാരനായ ഗ്രിഗറി ബൂത്ത് എഴുതുന്നതിങ്ങനെ: 'ചെല്ലോയുടെ പ്രതലത്തില്‍ കോണ്ടാക്ട് മൈക്ക് ഘടിപ്പിച്ച് വിചിത്രമായ ഒരു ശബ്ദപ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു ബസുദേവ് ചക്രവര്‍ത്തി. സാങ്കേതിക പരാധീനതകള്‍ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ ഇത്തരം അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരായിരുന്നു അന്നത്തെ മിക്ക സംഗീതജ്ഞരും സാങ്കേതിക വിദഗ്ദരും', സ്റ്റീരിയോഫോണിക് സൗണ്ട് വന്നതോടെ അവരുടെ ദൗത്യം കുറെ കൂടി വെല്ലുവിളികള്‍ നിറഞ്ഞതായെന്ന് മാത്രം.
സിനിമാ പാട്ടുകളോട് പണ്ടേയുണ്ട് പറഞ്ഞറിയിക്കാനാവാത്ത പ്രണയം. പക്ഷേ, പശ്ചാത്തലസംഗീതത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയിരുന്നില്ല. 'ഷോലെ'യുടെ പശ്ചാത്തലസംഗീതം പോലും ശ്രദ്ധിച്ചത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ ഒരു അഭിമുഖം വായിച്ച ശേഷം. ഹിന്ദി മുഖ്യധാരാ സിനിമയുടെ സൗണ്ട് സ്‌കേപ്പ് വിപ്ലവാത്മകമായി മാറ്റിമറിച്ച ചിത്രം എന്നാണ് ആ അഭിമുഖത്തില്‍ റായ് 'ഷോലെ'യെ വിശേഷിപ്പിച്ചത്.
'ഷോലെ'യെ വ്യത്യസ്തമാക്കിയ രണ്ടേ രണ്ടു ഘടകങ്ങള്‍ അംജദ് ഖാന്റെ സാന്നിധ്യവും (ആ അഭിനയം കണ്ടാണ് `ശത്രഞ്ജ് കേ ഖിലാഡി'യില്‍ റായ് അംജദിനെ കാസ്റ്റ് ചെയ്യുന്നത്) ആര്‍.ഡി. ബര്‍മ്മന്‍ എന്ന 'പഞ്ചംദാ'യുടെ റീ റെക്കോര്‍ഡിങ്ങുമാണെന്ന് വിശ്വസിച്ചു റായ്. പിന്നീട് 'ഷോലെ' കണ്ടപ്പോഴെല്ലാം, മനസ്സില്‍ തോന്നിയ ഒരു കാര്യമുണ്ട്: ബല്‍ദേവ് സിങ് ഠാക്കൂര്‍, വീരു, ജയദേവ്, ഗബ്ബര്‍, ബസന്തി, രാധ എന്നിവരെ പോലെ 'ഷോലെ'യില്‍ ഒരു നിര്‍ണായക കഥാപാത്രം തന്നെയാണ് അതിലെ പശ്ചാത്തല സംഗീതം. മറ്റെന്തെല്ലാം ഒഴിച്ചുനിര്‍ത്തിയാലും ആര്‍.ഡി. ബര്‍മ്മന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടാതെ ആ ചിത്രത്തെ കുറിച്ച് ചിന്തിക്കാനാവില്ല നമുക്ക്.
ആദ്യരംഗം ഓര്‍ക്കുക. രാംഗഡ് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ പോലീസ് ഇന്‍സ്പക്റ്ററെ (വികാസ് ആനന്ദ്) ബല്‍ദേവ് സിങ് ഠാക്കൂറിന്റെ വീട്ടിലേക്കുകൂട്ടിക്കൊണ്ടുപോകുകയാണ് ഠാക്കൂറിന്റെ കാര്യസ്ഥനായ രാംലാല്‍ (സത്യന്‍ കപ്പു). കുതിരപ്പുറത്തുള്ള ആ യാത്രയുടെ പശ്ചാത്തലത്തിലാണ് ഷോലെയുടെ ശീര്‍ഷകങ്ങള്‍ ഇതള്‍ വിരിയുന്നതുതന്നെ. വരണ്ടുകിടക്കുന്ന വയലുകളും പാറക്കെട്ടുകളും പച്ചപ്പുകളും ഗ്രാമങ്ങളും ജലാശയങ്ങളും താണ്ടിയുള്ള യാത്രയിലുടനീളം നമ്മുടെ കാതിലേക്ക് ഒഴുകുന്ന ആകര്‍ഷകമായ ഒരു ഈണമുണ്ട്. ശീര്‍ഷക സംഗീതത്തിലുപരി 'ഷോലെ'യുടെ തീം മ്യൂസിക് തന്നെയാണത്. വൈവിധ്യമാര്‍ന്ന ശബ്ദങ്ങളുടെ സമന്വയമാണ് ആ അവതരണ സംഗീതം.
ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച 'ആര്‍.ഡി. ബര്‍മ്മന്‍: ദി മാന്‍, ദി മ്യൂസിക്' എന്ന പുസ്തകത്തില്‍ 'ഷോലെ'യുടെ ശീര്‍ഷകസംഗീതത്തിന്റെ പിറവിയെ കുറിച്ചുള്ള കൗതുകമാര്‍ന്ന കഥകള്‍ വിവരിച്ചിട്ടുണ്ട് എഴുത്തുകാരായ അനിരുദ്ധ ഭട്ടാചാര്‍ജിയും ബാലാജി വിട്ടലും. ആര്‍.ഡി. ബര്‍മ്മന്റെ മ്യൂസിക് അസിസ്റ്റന്റ് കൂടിയായ മനോഹരി സിങ് കൈകാര്യംചെയ്ത ഫ്രഞ്ച് ഹോണിനോപ്പം (ഹിന്ദി സിനിമയിലെ ഓര്‍ക്കസ്ട്ര കലാകാരന്മാര്‍ ജിലേബി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സംഗീതോപകരണമാണിത്) പ്രശസ്ത ഗായകന്‍ കൂടിയായ ഭുപീന്ദര്‍ സിങ്ങിന്റെ ഹവായന്‍ ഗിറ്റാറും ഭാനു ഗുപ്തയുടെ സ്പാനിഷ് ഗിറ്റാറും ദക്ഷിണ്‍ മോഹന്‍ ടാഗോറിന്റെ ഷഹനായിയും പണ്ഡിറ്റ് സമതാ പ്രസാദിന്റെ തബലയും കൂടി ചേരുമ്പോള്‍ അപൂര്‍വമായ ഒരു സിംഫണി ആയി മാറുന്നു അത്. ടൈറ്റില്‍ കാര്‍ഡുകള്‍ അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ നാം കേള്‍ക്കുന്നത് മനോഹരി സിങ്ങിന്റെ ചൂളമടിശബ്ദമാണ്. 'ദ ഗുഡ്, ദ ബാഡ്, ആന്‍ഡ് ദി അഗ്ലി' എന്ന വിഖ്യാത വെസ്റ്റേണ്‍ ചിത്രമായിരിക്കണം പശ്ചാത്തലത്തിലെ ചൂളമടിക്ക് സംഗീത സംവിധായകന്റെ പ്രചോദനം.
'ഷോലെ'യിലെ 'മെഹബൂബ മെഹബൂബ' എന്ന വിശ്രുത നൃത്തഗാനത്തിലുമുണ്ട് കൗതുകമുണര്‍ത്തുന്ന ഒരു 'ആര്‍ഡിയന്‍' സംഗീത പരീക്ഷണം. പാതി ഒഴിഞ്ഞ ബിയര്‍ കുപ്പി ഉപയോഗിച്ചുണ്ടാക്കിയ ശബ്ദമാണ് ആര്‍.ഡി. ഈ ഗാനത്തിന്റെ ഇന്‍ട്രോയില്‍ ഉപയോഗിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു സുഹൃത്ത് കൂടിയായ നടന്‍ രണ്‍ധീര്‍ കപൂര്‍. ഒരു ദിവസം യാദൃച്ഛികമായി ആര്‍.ഡിയുടെ വീട്ടിലേക്കു കടന്നുചെന്ന രണ്‍ധീര്‍ കണ്ടത് വിചിത്രമായ ദൃശ്യമാണ്. മൂന്നു നാല് മ്യൂസിക്കല്‍ അസിസ്റ്റന്റുമാര്‍ വട്ടം കൂടിയിരുന്ന് ബിയര്‍ കുപ്പികളിലേക്ക് ശക്തമായി ഊതുന്നു. 'പഞ്ചമിന് വട്ടായിപ്പോയോ എന്നായിരുന്നു എന്റെ സംശയം. പക്ഷേ, തന്റെ പുതിയ ഗാനത്തിന്റെ മൂഡിനു ഇണങ്ങുന്ന വ്യത്യസ്തമായ ഒരു ശബ്ദം രൂപപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. പിന്നീട് അതേ ശബ്ദം മെഹബൂബ എന്ന ഗാനത്തിന്റെ തുടക്കത്തില്‍ കേട്ടപ്പോഴാണ് എത്ര ഔചിത്യപൂര്‍ണ്ണമായിരുന്നു പഞ്ചമിന്റെ പരീക്ഷണം എന്ന് മനസ്സിലായത്'.
'ഷോലെ'യില്‍നിന്ന് 'ഭ്രമയുഗ'ത്തിലേക്ക് അഞ്ചു പതിറ്റാണ്ട് ദൂരം. ആര്‍.ഡിയില്‍നിന്ന് ക്രിസ്റ്റോ സേവ്യറിലേക്കും അത്രതന്നെ. ഈസ്റ്റ്മാന്‍ കളറില്‍നിന്ന് തിരികെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലേക്കുള്ള ദൂരം കൂടിയായി മാറി അതെന്നത് വിധിനിയോഗം.
സംസ്ഥാന അവാര്‍ഡ് നേടിയ ക്രിസ്റ്റോക്ക് ആശംസകള്‍.
Content Highlights: Explore the sonic parallels between `Bramayugam` and `Sholay`, highlighting Christo Xavier`s innovative soundscape and the enduring legacy of RD Burman
Published: 04 Nov 2025, 02:22 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented