‘കുഞ്ഞിനെ അടച്ചിട്ടിരുന്നാൽ ആ കാരാഗ്രഹത്തിന്റെ ഇരുമ്പഴികൾ ഉരുക്കാനായി തള്ളപ്പക്ഷി സാക്ഷാൽ നീലക്കൊടുവേലി കണ്ടെത്തിക്കൊണ്ടുവരുമെന്നാണ് അവന്റെ വിശ്വാസം’

‘‘സാറിനെ അന്വേഷിച്ചൊരാൾ വന്നിരിക്കുന്നു. കുറച്ച് നേരമായി വന്നിട്ട്. രണ്ടുതവണ വന്ന് സാറിന്റെ തിരക്ക് കഴിഞ്ഞോയെന്ന് അന്വേഷിച്ചിട്ടുപോയി. ഓരോ പ്രാവശ്യവും ചായ കുടിച്ചേച്ചും വരാം എന്ന് പറഞ്ഞ് പോയതാണ്.’’ നന്ദന വന്നുപറഞ്ഞപ്പോൾ ഞാൻ തലയുയർത്തി നോക്കി. തിരുവനന്തപുരം പിടിപി നഗറിലെ വനംവകുപ്പ് കെട്ടിടസമുച്ചയത്തിനകത്ത് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഓയുടെ ഓഫീസും പരിസരവും ആകുന്നു 'കൃത്യസ്ഥലം.'
'സാറിന്റെ ചങ്ങാതിയാണെന്നാണ് പറഞ്ഞത്. നാട്ടിൽ നിന്നാണ്. കൂടെ പഠിച്ചതാണെന്നും പറയാൻ പറഞ്ഞു'
ഇതാരാണപ്പാ ഇന്നത്തെക്കാലത്ത് ഒന്നുവിളിച്ച് സ്ഥലത്തുണ്ടോയെന്നുപോലും അന്വേഷിക്കാതെ നേരിട്ട് ഓഫീസിലേക്ക് വച്ചുപിടിച്ചിരിക്കുന്ന സതീർത്ഥ്യൻ? വന്നേക്കാൻ സാധ്യതയുള്ള ബാല്യകാല സുഹൃത്തുക്കളുടെ മുഖം ഒന്നിന് പിന്നിൽ ഒന്നായി മനസ്സിലൂടെ പാഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു.
'വരാൻ പറയട്ടേ സാർ... ?' ഓഫീസ് അസിസ്റ്റന്റായ നന്ദന അക്ഷമ പ്രകടിപ്പിച്ചതാണോ? അവരെ ഒന്ന് നോക്കി 'വരാൻ പറയൂ...' എന്ന് മാത്രം പറഞ്ഞ് വീണ്ടും മുന്നിലിരുന്ന ഫയലിലേയ്ക്ക് വെറുതെ കുമ്പിട്ടിരുന്നെങ്കിലും ഒന്നും തലയിൽ കയറുന്നുണ്ടായിരുന്നില്ല. അധികം കഴിഞ്ഞില്ല. ഡോർ വലിച്ചുതുറന്ന് സുരേഷ് (പേര് സാങ്കല്പികം) വെളുക്കെ ചിരിച്ചുകൊണ്ട് മുറിയിലേക്ക് തലനീട്ടി. പത്താം തരത്തിലും പ്രീഡിഗ്രിക്കും ഒക്കെ ഒരുമിച്ച് കുറെ തുഴഞ്ഞവരാണ്. ആൾ ശുദ്ധഗതിക്കാരനും സർവ്വോപരി അഭിമാനിയുമാണ്. അടുത്ത സുഹൃത്തുമാണ്. കക്ഷിക്ക് അന്ന് വരേയും സ്ഥിരജോലിയൊന്നും ആയിരുന്നില്ല. ഇപ്പോൾ ഒരു ജോലിയൊക്കെയായി അദ്ദേഹം തിരുവനന്തപുരത്ത് തന്നെയുണ്ട്.
പഠിത്തം ഒക്കെ ഒരു പരുവമായിട്ട് നിന്നിരുന്ന സമയത്ത് നാഗമാണിക്യമെന്നും ഗജമുത്തെന്നും വെള്ളിമൂങ്ങയെന്നും പറഞ്ഞ് വീട്ടിലുണ്ടായിരുന്ന കുറെ ലക്ഷങ്ങൾ തുലച്ചെന്ന് എനിക്കറിയാം. കുറെയെന്ന് പറഞ്ഞാൽ ഇരുപതിനും ഇരുപത്തഞ്ചിനും ഇടയ്ക്ക് വരും! ഞാനത് മുഖതാവിൽ ഇതുവരെ ചോദിക്കാൻ ഒരുമ്പെട്ടിട്ടില്ലെങ്കിലും. പക്ഷേ, കക്ഷിയോട് സംസാരിച്ച് തുടങ്ങിയാൽ നമ്മളും ആകെ കൺഫൂഷ്യനിലായിപ്പോകും. ഇതൊക്കെ ഉള്ളതാണോ എന്ന് നമുക്കും സംശയം തോന്നിത്തുടങ്ങും. അത്രമേൽ ആധികാരികവും വിശദാംശങ്ങൾ ഉൾക്കൊള്ളുന്നതും ആകും ആ കഥനം തന്നെ.
ഉപോദ്ബലകമായി അദ്ദേഹം ഒരിക്കൽ പറഞ്ഞ ഒരു കഥ ഇവിടെ കുറിക്കാം. പത്ത് മുപ്പത് കൊല്ലങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. വയനാട്ടിലെ ഏതോ അതിർത്തി പൊലീസ് ചെക്ക്‌പോസ്റ്റാണ് രംഗം. (ചെക്ക്‌പോസ്റ്റിന്റെ പേര് പറയുന്നില്ല) അവിടെ കർണാടക രജിസ്‌ട്രേഷനുള്ള ഒരു ആഡംബരക്കാർ വന്ന് നിൽക്കുന്നു. അതിൽ നിന്നിറങ്ങി വന്ന് ചെക്ക്‌പോസ്റ്റിൽ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററിൽ നമ്പറും വിവരങ്ങളും പറഞ്ഞു കൊടുക്കുന്ന ആളെക്കണ്ട് സംശയം തോന്നി അന്ന് ഇൻസ്‌പെക്ഷനോ മറ്റോ അവിടെ എത്തിയിരുന്ന ഒരു സബ് ഇൻസ്‌പെക്ടർ വണ്ടിയിലേയ്ക്ക് പരിശോധനക്കായി ചെല്ലുന്നു.
വണ്ടിക്കകത്ത് ധനാഢ്യരെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്ന മൂന്ന് തമിഴ് വംശജരാണ് ഇരിക്കുന്നത്. അതിലൊരാൾ ആടയാഭരണങ്ങൾ വാരിയണിഞ്ഞ മധ്യവയസ്ക്കയായ ഒരു സ്ത്രീയും. ഇൻസ്‌പെക്ടറുടെ നിർദ്ദേശാനുസരണം പുരുഷന്മാരിലൊരാൾ ഇറങ്ങിവരുന്നു. ലേശം മടിച്ച് നിന്നിട്ട് കാറിന്റെ ഡിക്കി തുറക്കുന്നു. അതിനുള്ളിൽ കിടന്ന പഴയ കവറുകളോ ചാക്കോ ഒക്കെ നീക്കി നോക്കിയപ്പോൾ വളരെ ഭദ്രമായി സീലുചെയ്ത നാല് മെറ്റാലിക്ക് കണ്ടയിനറുകളാണ് കണ്ടത്. അവയുടെ പുറത്ത് ചുമപ്പ് നിറത്തിൽ മനുഷ്യന്റെ ചിരിക്കുന്ന തലയോട്ടിയും കുറുകെ വച്ച എല്ലുകളും! ഒപ്പം 'DANGER' എന്ന എഴുത്തും! അത്രയും അപകടം പിടിച്ച വസ്തുക്കൾ കൊണ്ടുപോകുന്ന സുരക്ഷയൊന്നും ആ കാറിൽ കണ്ടതുമില്ല. തന്നെയുമല്ല അത് കൊണ്ട് പോകുന്നവർക്ക് സാദാ സിവിലിയൻസിന്റെ ലുക്കും. മൊത്തത്തിൽ ഒരു 'വശപ്പിശകാണെന്നാണ്' അങ്കം കുറെ കണ്ടിട്ടുള്ള നമ്മുടെ പോലീസേമ്മാന് തോന്നിയത്. അതുകൊണ്ട് തന്നെ അത് എന്താണെന്ന് അറിഞ്ഞിട്ടേ വണ്ടി വിടാൻ കഴിയൂ എന്ന് അദ്ദേഹം കട്ടായം പറഞ്ഞു.
അത് പറഞ്ഞ പാടേ പറയാത്ത പാടേ ഒരു വലിയ കെട്ട് നോട്ടാണ് അദ്ദേഹത്തിന്റെ കൈയ്യിലോട്ട് അയാൾ മറ്റാരും കാണാതെ വച്ച് കൊടുത്തത്! ആ നോട്ടുകെട്ടിന്റെ ഭാരം വല്ലാത്ത പ്രലോഭനം ആയെങ്കിലും കർമ്മധീരനായ ആ ഉദ്യോഗസ്ഥൻ പെട്ടെന്ന് വിട്ടുകളയാനുള്ള ഭാവത്തിലായിരുന്നില്ല. അവസാനമാണ് ഇൻസ്‌പെക്ടറെ മാറ്റിനിറുത്തി അയാൾ വിവരം പറഞ്ഞത്. 'സാറിനോട് തുറന്ന് തന്നെ പറയാം. സംഗതി ബെംഗളരൂവിൽ നിന്നും എത്തിയ ന്യൂക്ലിയർ മെറ്റീരിയലാണ്. അത്രയേ ഞങ്ങൾക്കും അറിയൂ. എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങൾക്കും അറിയില്ല. ഉരുപ്പടി രാമേശ്വരത്ത് എത്തിക്കുന്നത് മാത്രമാണ് ഞങ്ങളുടെ ജോലി.' അത് കേട്ടപ്പോൾ നട്ടെല്ലിലൂടെ ഒരു വിറയിൽ പടർന്ന് കയറുന്നത് പോലെയാണ് നമ്മുടെ പോലീസേമ്മാന് തോന്നിയത്. കാരണം ഇന്ത്യൻ പ്രധാനമന്ത്രിയുടെ മരണം പോലും നടന്നിട്ട് ഒരു വർഷമേ ആകുന്നുള്ളൂ. എൽടിടിഇ വളരെ സജീവമായിരിക്കുന്ന സമയമാണ്. പുലി പ്രഭാകരന്റെ പുഷ്‌കലകാലം. ശ്രീലങ്കയ്‌ക്കെതിരേ അന്തർവാഹിനികളും ഹെലികോപ്റ്ററുകളും വരെ ഉപയോഗിച്ച് പലയിടത്തും പ്രഭാകരന്റെ തമിഴ് പുലികൾ തിരിച്ചടിക്കുന്ന കഥകളാണ് എന്നും കേൾക്കുന്നത്. രാമേശ്വരത്ത് വരെ സാധനം എത്തിക്കാനുള്ള ചുമതല മാത്രമാണ് അവർക്കുള്ളതെന്ന് പറഞ്ഞത് ശരിയാകാം. അവിടന്ന് രായ്ക്കുരാമാനം ബോട്ടിൽ ജാഫ്‌നയിലേയ്‌ക്കോ തലൈമാന്നാറിലേയ്‌ക്കോ സാധനം കയറിപ്പോകും. കള്ളക്കടത്തിന്റെ അംഗീകൃത റൂട്ടുകളിലൊന്നായി അത് മാറിയിരിക്കുകയുമാണെന്നും കേട്ടിട്ടുണ്ട്.
‘‘സാറിന് ഇത് പരിശോധിക്കാം. വേണമെങ്കിൽ ന്യൂക്ലിയർ മെറ്റീരിയൽ അനധികൃതമായി കടത്താൻ ശ്രമിച്ചതിന് ഞങ്ങളെ അറസ്റ്റും ചെയ്യാം. ഞങ്ങൾ ജീവിച്ചിരിക്കുകയാണെങ്കിൽ മാത്രം! പക്ഷേ അതുകഴിഞ്ഞാൽ നിങ്ങളും കുടുംബവും ജീവിച്ചിരുന്നതിന് പോലും ഒരു തെളിവും അവർ ബാക്കിവച്ചേയ്ക്കില്ല. അതുറപ്പ്!’’ നടുക്കം വിടാതെ ആ ഇൻസ്‌പെക്ടർ അവരെ നോക്കി. കഴുത്തിലെ മാലകളുടെ ചുട്ടികൾ ഇപ്പോൾ അവരുടെ കൈയ്യിലാണ്. അതിൽ നിറച്ചിരിക്കുന്ന കൊടിയ വിഷം ഏത് നിമിഷവും അവരുടെ ചേതനകൾ സ്തംഭിപ്പിക്കാം. അയാൾ ചലനമറ്റ് ഒരേ നിൽപ് നിന്നു. ശരിക്കും കൂടെ നിൽക്കുന്ന പോലീസുകാർ അറിയാതെ ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നാണ് അദ്ദേഹം അപ്പോൾ ചിന്തിച്ചത്. കൂടുതൽ സംശയത്തിന് ഇടയാക്കാതെ അവർ കാണിച്ച രേഖകൾ പരിശോധിച്ചും തൃപ്തികരമെന്ന് അറിയിച്ചും അവരെ യാത്ര തുടരാൻ അദ്ദേഹം അനുവദിക്കുന്നു! അവസാനം പുറംലോകം അറിയുന്നത് ആ ഇൻസ്‌പെക്ടർ വലിയ ഒരു കോടീശ്വരനും രഹസ്യമായി ഒരു എൽടിടിഇ അനുഭാവിയും ആയി മാറി എന്നാണത്രേ. അദ്ദേഹം പിന്നീട് പല കച്ചവടങ്ങൾക്കും മുന്നിട്ടിറങ്ങിയതായും അവരുടെ വിശ്വസ്തരിൽ ഒരാളായി മാറിയതും ആണ് കഥയുടെ അവസാനം!
സത്യത്തിൽ അളിയൻ പറയുന്നത് കേൾക്കുമ്പോൾ അത്തരം ഒരു അവസരം കരഗതമായെങ്കിൽ എന്ന് നമ്മളും കൊതിച്ച് നിന്നുപോകും. അവനെക്കുറിച്ച് ഞങ്ങളുടെ പൊതുസുഹൃത്തായ ഒരു എസ്പി പറഞ്ഞതാണ് ഞാൻ ഓർത്തത്.
‘‘അനീ.. ദോഷം പറയരുതല്ലോ. അവനിപ്പോൾ പഴയ പരിപാടികളൊക്കെ മതിയാക്കി. പക്ഷേ അതിന് പകരം നീലക്കൊടുവേലിയുടെ പിറകെയാണെന്ന് ഒരു ശ്രുതിയുണ്ട്. ഒഴുക്കുവെള്ളത്തിലൂടെ എതിർദിശയിലേയ്ക്ക് നീന്തിയെത്തുന്ന ആ ദിവ്യ ഔഷധത്തിലാണ് കക്ഷിയുടെ ശ്രദ്ധ. അതിനായി ചെമ്പോത്ത് പറയുന്ന എന്ന പക്ഷിയുടെ പിറകെ കൂടുതേടി അലയുകയാണ്. ഉപ്പന്റെ മുട്ട അടിച്ചുമാറ്റിവച്ച് വിരിയിച്ചെടുത്താൽ സംഗതി എളുപ്പമായി എന്നാണ് ഇന്നാള് മൂന്നുനാലെണ്ണം അകത്ത് പോയപ്പോൾ പറഞ്ഞത്. കുഞ്ഞിനെ അടച്ചിട്ടിരുന്നാൽ ആ കാരാഗ്രഹത്തിന്റെ ഇരുമ്പഴികൾ ഉരുക്കാനായി തള്ളപ്പക്ഷി സാക്ഷാൽ നീലക്കൊടുവേലി കണ്ടെത്തിക്കൊണ്ടുവരുമെന്നാണ് അവന്റെ വിശ്വാസം. പണ്ടും അവന്റെ വിശ്വാസത്തിന് എതിര് നിൽക്കുന്നവൻ തികഞ്ഞ വിഡ്ഢിയാണല്ലോ! അതുകൊണ്ട് ഞാനൊന്നും അറിഞ്ഞ ഭാവം കാണിക്കാൻ പോയില്ല.’’
പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ വാളയർ ട്രെയിനിംഗ് സ്‌കൂളിലായിരുന്നപ്പോൾ ഒരു ദിവസം 'റൈസ് പുള്ളിംഗ്*' പാർട്ടികളോടൊപ്പം ഒരു ബെൻസ് കാറിൽ ക്വാർട്ടേഴ്‌സിന് മുന്നിൽ സുരേഷ് വന്നിറങ്ങിയിരുന്നു. ആ കാറ് അദ്ദേഹത്തിന്റേതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വലിയ തിരക്കാണെന്നും ഉടനെ ഹൈദരാബാദിൽ എത്തേണ്ടതാണെന്നും അതിനായി ഫ്‌ളൈറ്റ് പിടിക്കാൻ കോയമ്പത്തൂരിന് പോകുകയാണെന്നും പറഞ്ഞ് വണ്ടിവിട്ടുപോയതാണ്.
(*ഇടിമിന്നലേൽക്കുന്ന പഴയ ഓട്ടുപാത്രങ്ങളിൽ ഇറിഡിയം സ്വയം ഉണ്ടാകുമെന്നും അത് അരിമണികളെ ആകർഷിക്കുമെന്നാണ് റൈസ്പുള്ളിംഗ് പാർട്ടികളുടെ വിശ്വാസം!). അന്നത്തെ കലാപരിപാടികളുടെ സ്‌പോൺസർ അദ്ദേഹം ആയിരിക്കും എന്നെനിക്ക് ഉറപ്പായിരുന്നു! അന്ന് വിട്ടുപോയതിൽപ്പിന്നെ ആശാനെ ഇന്നാണ് കാണുന്നത്. എന്താണാവോ ആഗമനോദ്ദേശം? ആദ്യത്തെ ഔപചാരികത വിട്ട് പഴയ കാര്യങ്ങളിലേയ്ക്ക് വർത്തമാനം മാറിയപ്പോഴാണ് കാര്യങ്ങൾ പതിയെ പുറത്തുവരുന്നത്. അളിയൻ ആ പഴയ ലൈനിൽത്തന്നെയാണ്. അണുകിട മാറ്റമില്ല. ശരിക്കും തന്തയ്ക്ക് പിറന്നവൻ! തമ്പാനൂരിൽ ഏതോ ഹോട്ടലിൽ വച്ച് ഗജമുത്തിന്റെ 'ഫങ്ഷൻ ടെസ്റ്റ്' ഉണ്ടായിരുന്നത്രേ. പിറ്റേന്ന് വിരിയുന്ന ചെമ്പരത്തിമൊട്ട് ഫങ്ഷനുള്ള വസ്തുവിന്റെ സമീപത്ത് വച്ചപ്പോൾത്തന്നെ കാലം തെറ്റി വിരിഞ്ഞുപോൽ! (അത്തരത്തിൽ വിൽപനയ്ക്ക് എത്തിക്കുന്ന പല വസ്തുക്കളിലും അണുവികിരണ ശേഷിയുള്ള ഇറിഡിയം എന്ന മൂലകത്തിന്റെ സാന്നിധ്യം ഉണ്ടെന്നാണ് കള്ളക്കടത്തുകാർ ആൾക്കാരെ പറഞ്ഞ് പറ്റിക്കുന്നത്.)
അപ്പോഴേയ്ക്കും സുരേഷ് നിർദ്ദോഷമെന്നോണം പറഞ്ഞുതുടങ്ങി. ‘‘അളിയാ...നീയിപ്പോൾ ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ആണല്ലോ. നിങ്ങളുടെ ഡിപ്പാർട്ട്‌മെന്റ് ഇഷ്ടം പോലെ 'ഡബിൾ എഞ്ചിനുകൾ' പിടിക്കുന്നുണ്ടെന്നും പത്രത്തിലും ടിവിയിലും ഒക്കെ കേൾക്കാറുണ്ട്. അളിയന് ചേതമില്ലാത്ത ഒരുപകാരം ചെയ്യാമോ?’’ സുരേഷ് ഒന്നുനിറുത്തി. പിന്നെ ഏതാനും നിമിഷങ്ങൾ എന്റെ കണ്ണുകളിൽത്തന്നെ പ്രതീക്ഷയോടെ നോക്കിയിരുന്നു. അവനെന്താണ് അടുത്തതായി പറയാൻ പോരുന്നതെന്ന ആകാംക്ഷയിലായിരുന്നു ഞാനപ്പോൾ.
‘‘ഈ പിടിക്കുന്ന കയറിനെയൊക്കെ പിന്നീട് കാട്ടിലോട്ടല്ലേ തുറന്ന് വിടുന്നത്. അതെങ്ങോട്ട് പോകുന്നുവെന്ന് ആരറിയാനാണ്? രക്ഷപ്പെടണം എന്ന് പോലുമില്ല. വിടുന്ന സ്ഥലം അളിയൻ ഒന്ന് പറഞ്ഞുതന്നാൽ മതി. ബാക്കി ഞാൻ മാനേജ് ചെയ്‌തോളാം’’. ഇവിടെ ഡബിൾ എഞ്ചിനെന്നും കയറെന്നും ട്രെയിനെന്നും ഒക്കെ അവൻ സ്ഥിരപരിചിതനെന്നോണം വിശേഷിപ്പിക്കുന്നത് ഇരുതലമൂരികളെന്ന മണ്ണൂലിപ്പാമ്പുകളെയായിരുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു. കാട്ടിൽ തുറന്ന് വിട്ടാലും വളരെ സാവധാനം മാത്രം സഞ്ചരിക്കുന്ന അവ ഏറെ ദൂരത്തൊന്നും പോകാനിടയില്ലെന്ന് ഉറപ്പാണ്. ഇതികർത്തവ്യമൂഢനായി ഞാൻ സുരേഷിനെ നോക്കിയിരുന്നു. ഇവനോട് എന്ത് മറുപട് പറയാനാണ്? അവൻ ഒന്നടങ്ങിയപ്പോൾ പകുതി തമാശയായി ഞാൻ ചോദിച്ചു.
‘‘അളിയൻ രാവിലെ എന്റെ പണി കളയാനിറങ്ങിയതാണോ..?’’
അതുകേട്ടപ്പോൾ അവനാകെ ചൊറിഞ്ഞ് കയറുന്നതുപോലെ തോന്നിയിരിക്കണം. അല്ലെങ്കിലേ ഞാൻ വലിയ ഒരു ചൊറിയനാണെന്നാണ് ചങ്ങാതിമാരും നല്ലപാതിയും എന്തിന് ജന്മം കൊടുത്ത പിള്ളേര് വരെ പറയുന്നത്! എന്തായാലും തികഞ്ഞ അസ്വസ്ഥതയിലാണവൻ ബാക്കി പറഞ്ഞത്.
‘‘ശ്ശെ.. നീയെന്താണിങ്ങനെ പറയുന്നത്? അളിയാ.. ഇന്നും ഇന്നലെയുമല്ലല്ലോ നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയത്.’’
വീണ്ടും ഒന്ന് നിറുത്തി. പിന്നെ ഒരു ആത്മഗതത്തിന്റെ ടോണിലാണ് ബാക്കി പറഞ്ഞത്. ‘‘ഇപ്പോൾ നമുക്ക് പറ്റിയ കക്ഷികൾ ശ്രീലങ്കയിൽ നിന്ന് വന്നുചാടിയിട്ടുണ്ട്. ഇന്ന് ഫങ്ഷൻ ടെസ്റ്റിനിടയിൽ പരിചയപ്പെട്ടതാണ്. കിട്ടുന്ന ആർപിയും (റൈസ് പുള്ളേഴ്‌സ്) മറ്റ് ഫങ്ഷനുള്ള സാധനങ്ങളൊക്കെ കളക്ട് ചെയ്ത് അവരുടനെ രാമേശ്വരത്തുനിന്ന് ബോട്ടിൽ ലങ്കയിലേക്ക് തിരിച്ചുപോകും. അവിടെ നിന്നും ചൈനയിലല്ലെങ്കിൽ വിയറ്റ്‌നാമിലേക്ക്.’’ വാചാടോപത്തിനിടയിൽ അവൻ എന്നെയൊന്ന് ഇരുത്തി നോക്കി. ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പായതിനാൽ ആവേശത്തോടെയാണ് ബാക്കി പറഞ്ഞത്.
‘‘വിശ്വസിക്കാൻ പറ്റിയ കക്ഷികളാണ്. ദൈവമായിട്ട് കൊണ്ടുതന്ന ഒരവസരമാണ്. ആദർശം പറഞ്ഞ് നീ അത് കളഞ്ഞ് കുളിക്കരുത്. അളിയനൊന്നും അറിയണ്ട. നിനക്ക് ഒരു പ്രശ്‌നവും വരില്ല. ഞാനാണ് പറയുന്നത്. അതുകൊണ്ടല്ലേ ഫോണിൽപ്പോലും വിളിക്കാതെ ഞാൻ നേരിട്ട് ഇങ്ങോട്ട് വന്നത്.’’
വല്ലാത്ത ഒരു വോയിസ് മോഡുലേഷനോടുകൂടിയാണ് അവൻ പറഞ്ഞവസാനിപ്പിച്ചത്.
‘‘അളിയാ… രക്ഷപ്പെട്ടാൽ നമ്മളൊന്നിച്ചായിരിക്കും. അമ്മ സത്യം. നിനക്കെന്നെ അറിയാമല്ലോ. വേറൊന്നും ഞാനിപ്പോൾ പറയുന്നില്ല.!’’ എന്നെ വല്ലാതെ സംരക്ഷിക്കുന്നത് പോലെയാണ് അളിയന്റെ സംസാരം! അവൻ പറയുന്നതിൽ ഒരു സത്യം ഇല്ലാതില്ല. കാശിന്റെ കേസിൽ അവൻ എക്‌സ്ട്രാ ഡീഡന്റാണ്. അതെനിക്കറിയാം. ഒരുപക്ഷേ എന്നെക്കാളുപരി ഡീസന്റ്! പക്ഷേ, ഇവിടെ അളിയൻ എന്റെ കഴുത്തിലാണ് കയറിട്ട് മുറുക്കുന്നത് എന്നൊരു വ്യത്യാസം ഉണ്ട്. ആരെങ്കിലും ഇത് കേട്ടാൽത്തന്നെ എല്ലാം തീർന്നു. അല്ലെങ്കിലേ ആവശ്യത്തിന് ദുഷ്‌പേര് ഇപ്പോൾത്തന്നെയുണ്ട്. എന്താണ് അവനോട് പറയേണ്ടതെന്നറിയാതെ ഞാൻ കുഴങ്ങി. കഴിഞ്ഞ കുറെനാളുകളായി അവനിങ്ങനെ വിദേശത്ത് നിന്നും പലയാളുകൾ വഴി കോടികളുടെ ഫണ്ട് വരുമെന്നും ഇടനില നിന്നാൽ ചിന്തിക്കാനാവാത്ത കമ്മിഷനാണ് നമുക്ക് കിട്ടാൻ പോകുന്നതെന്നും അതിനുപറ്റിയ മെഡിക്കലോ എഡ്യൂക്കേഷണൽ ഫീൽഡിലേയോ പ്രോജക്ടുകൾ വേണമെന്നും ഒക്കെപ്പറഞ്ഞ് എന്റെ അടുത്ത സുഹൃത്തായ ഒരു ഡി.വൈ.എസ്.പിയുടെ പിന്നാലെ നടക്കുന്നത് കണ്ടിട്ടുണ്ട്. കഥയില്ലാത്തവനാണെന്ന് അവനെന്ന് അവനില്ലാത്തപ്പോൾ സ്വകാര്യമായി പറഞ്ഞ് ഞങ്ങൾ ചിരിക്കുകയും ചെയ്യുമായിരുന്നു. ഇതൊക്കെയാണെങ്കിലും ഒരു വസ്തുക്കച്ചവടത്തിൽ നാല് പേർക്ക് ഓരോ ലക്ഷം രൂപ വച്ച് അളിയൻ തരമാക്കി കൊടുക്കുകയും ചെയ്തിരുന്നു. എനിക്കതിന്റെ വീതം കിട്ടാനുള്ള ഭാഗ്യം ഉണ്ടായില്ലെങ്കിലും! അളിയനെ നൂറിൽ നൂറ് ശതമാനവും വിശ്വസിക്കാം എന്ന് പറയാനാണിതിവിടെ സൂചിപ്പിച്ചത്. അല്ലാതെ എന്റെ ഭാഗ്യദോഷത്തെപ്പറ്റി വിലപിച്ചിട്ട് കാര്യമില്ലല്ലോ.
‘‘നാലര കിലോയ്ക്ക് മേലുണ്ടെങ്കിൽ നമ്മൾ രക്ഷപ്പെട്ടളിയാ. ഫങ്ഷനുള്ളതിനൊക്കെ മോഹവിലയാണ്. ഫണ്ടിന് അവരുടെ കൈയിൽ ഒരു കുറവുമില്ല. അഞ്ഞൂറോ ആയിരമോ എത്ര 'സി' വേണമെങ്കിലും അവരറേഞ്ച് ചെയ്യും.’’ നാലര കിലോയ്ക്ക് മേലുള്ള ഇരുതലമൂരികളിൽ അത്ഭുതശക്തിയുള്ള 'ഇറിഡിയം' ഉണ്ടെന്നാണ് വ്യംഗ്യം! എന്നാൽ റേഡിയോ ആക്ടീവ് മൂലകങ്ങളിൽ ഇറിഡിയത്തോട് മാത്രം ഇവർക്കൊക്കെ ഇത്രയ്ക്കും സ്‌നേഹം എന്താണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. യുറേനിയവും തോറിയവും പ്‌ളൂട്ടോണിയവും ഒക്കെ അതിന്റെ 'സഹപ്രവർത്തകരായി' കൂടെയുണ്ടെങ്കിലും എന്താണ് ഇറിഡിയത്തോട് മാത്രം ഇത്രമേൽ പ്രേമം എന്നും അറിയാൻ വയ്യ! തന്നെയുമല്ല 'സി'യെന്ന് വച്ചാൽ ഇവിടെ കോടിയാണ് ആശാൻ ഉദ്ദേശിക്കുന്നത്. അതും ഒന്നും രണ്ടുമല്ല. അഞ്ഞൂറും ആയിരവും 'സി'യാണ് കൈമറിയാൻ പോകുന്നത്! അളിയൻ തന്നെ പലപ്പോഴും അത് പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും പേരറിയാവുന്ന സകലമാന ദൈവങ്ങളേയും ഞാനപ്പോൾ ഒരുമിച്ച് വിളിച്ചുപോയി. അപ്പോൾ ദാ വരുന്നു അടുത്ത ഡയലോഗ്!
‘‘എമൗണ്ടിനെപ്പറ്റി അളിയൻ പേടിക്കുകയേ വേണ്ട. കാശ് വേണമെങ്കിൽ അവർ ദുബായിൽ വച്ച് തരും. ഇവിടെയല്ലേ അതിനൊക്കെ പ്രശ്‌നമുള്ളൂ. നമ്മളങ്ങോട്ടൊന്ന് പോകണമെന്നുമാത്രം. പിന്നെ ഒരു എൻആർഐ അക്കൗണ്ടും എടുക്കണം. അത്രതന്നെ. ഇതൊക്കെ ആരറിയാനാ? അളിയൻ ഒന്നാലേചിച്ച് നോക്ക്. പിന്നെ നമ്മളൊക്കെ ആരാ...?’’ രാരാ....ശ്ശെടാ...! അളിയൻ ഒരു തരത്തിലും വിടുന്ന ലക്ഷണമില്ല. കക്ഷി വളരെ വിശദമായിത്തന്നെ കാര്യങ്ങൾ പഠിച്ച മട്ടാണ്. മുൻപും അവൻ അങ്ങനെ തന്നെയാണെന്നതും സമ്മതിക്കുന്നു. തികഞ്ഞ ഒരു തർക്കപടു!
എന്തായാലും അധികം ആൾക്കാർ തിരിച്ചറിയുന്നതിന് മുൻപ് ആ 'ബാർബറാം ബാലനെ' എങ്ങനെയെങ്കിലും ഓഫീസിൽ നിന്ന് കെട്ടുകെട്ടിച്ചിട്ടാണ് എനിക്ക് ശ്വാസം നേരെ വീണത്! എടുത്താൽ പൊങ്ങാത്ത 'സി' കളുമായി എന്റെ അളിയൻ പിന്നെ എങ്ങോട്ടുപോയോ ആവോ?
Content Highlights: Exposure of the 'Rice Pulling' scam involving mythical radioactive properties in antiques., Insight into the illegal trade of protected species like the Red Sand Boa (Iruthalamuri)., Real-world challenges faced by forest officials in 2026 regarding wildlife smuggling syndicates., The psychological manipulation tactics used by smugglers to lure government officials.
Published: 08 May 2026, 10:50 am IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented