മിസ്ഡ് കോളുകളെ നിങ്ങളീ ഭൂമിയിലില്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം എന്ന് കരുതിയ ഒരു കാലഘട്ടമുണ്ടായിരുന്നു. പണ്ടൊക്കെ ഒരൊറ്റ മിസ്ഡ് കോൾ ആയിരുന്നു അതി തീവ്രമായ പ്രണയത്തിന്റെ സീക്രട്ട് കോഡ്. ഇന്നാകട്ടെ നമ്മുടെ ഫോൺ ഒരിക്കലും നിശ്ശബ്ദമാവുന്നേയില്ല.

To advertise here,

ആശയ വിനിമയം ഒക്കെ വളരെ മാന്യമായി,  നിയന്ത്രിതമായി മാത്രം ചെയ്തുകൊണ്ടിരുന്ന ഒരു കാലവും നമുക്ക് ഉണ്ടായിരുന്നു. ഒരു നോട്ടത്തിൽ എല്ലാം ഒതുക്കിയെന്ന് തോന്നിപ്പിക്കുമെങ്കിലും വളരെ വാചാലമായിരുന്ന, കണ്ടിട്ടും കാണാത്ത മട്ടിൽ പോയിട്ട് പാതിയൊരു പിന്തിരിഞ്ഞുനോട്ടത്തിലൂടെയൊക്കെ എല്ലാം പറഞ്ഞിരുന്ന കാലം.

ഒരു മിസ്‌ഡ് കോൾ എല്ലാം പറയുമായിരുന്നു, ഒന്നും പറയാതെ തന്നെ. ഒരൊറ്റ റിംഗ്. മനപ്പൂർവ്വം ഡിസ്കണക്ട് ചെയ്തത്, അപ്പുറത്തയാൾക്ക് എടുക്കാൻ പറ്റാത്ത വിധത്തിൽ വേഗത്തിൽ. അതിനർത്ഥം ഇത്രയുമൊക്കെയുണ്ടായിരുന്നു.
“ഞാൻ സുരക്ഷതിയായി വീട്ടിലെത്തി”,

“ഞനിപ്പാഴും നിന്നെ ഓർത്തുകൊണ്ടിരിക്കുകയാണ്”,

“നീ തനിച്ചായിരിക്കുമ്പോൾ തിരിച്ചുവിളിക്കൂ” —ഇതൊക്കെ ആ മിസ്ഡ് കോളിൽ ഒളിഞ്ഞിരുന്നു. ഒരൊറ്റ റിംഗിൽ റിലേഷൻഷിപ്പുകൾ നിലനിൽക്കുകയും പൂത്തുലയുകയും ചെയ്തിരുന്ന കാലം. അന്ന് നിശ്ശബ്ദതയ്ക്ക് അതി വാചാലതയേക്കാൾ ശക്തിയും സൗന്ദര്യവും ഉണ്ടായിരുന്നു.

ഇന്ന്? അതൊക്കെ ഒന്ന് ഫാസ്റ്റ് ഫോർവേർഡ് ചെയ്തു നോക്കിക്കേ.
ഫോൺ ഓഫ് ചെയ്തു വെച്ചാൽ പോലും ഇടയ്ക്കൊക്കെ അത് വൈബ്രേറ്റ് ചെയ്യുന്നില്ലേ എന്ന തോന്നൽ. നോട്ടിഫിക്കേഷനുകൾ പോപ്പ് അപ്പ് ചെയ്ത കൊതുകുകളെ പോലെ ആക്രമിക്കുന്നു. വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ പണപ്പെരുപ്പത്തെക്കാൾ വേഗത്തിൽ വർധിക്കുന്നു.
കുടുംബഗ്രൂപ്പ്, ബന്ധുക്കളുടെ ഗ്രൂപ്പ്, സ്കൂൾ പിറ്റിഎ ഗ്രൂപ്പ്, ഓഫീസ് ഗ്രൂപ്പ്, പഴയ ഓഫീസ് ഗ്രൂപ്പ്, ഫ്ലാറ്റ് അസോസിയേഷൻ ഗ്രൂപ്പ്, ക്ഷേത്രക്കമ്മിറ്റി, പഴം പച്ചക്കറി മീൻ മുട്ട കച്ചവടക്കാരുടെ ഗ്രൂപ്പ്,.“only announcements” ഗ്രൂപ്പ് , എന്തിനാണ് ചേർന്നതെന്ന് പോലും ഓർമ്മയില്ലാത്ത വേറെയും കുറെ ഗ്രൂപ്പുകൾ. ഗ്രൂപ്പിൽ നിന്ന് എക്സിറ്റായാൽ ചിലരെ അത് വേദനിപ്പിക്കും എന്നതുകൊണ്ട് മാത്രം തുടങ്ങുന്ന മറ്റു പല ഗ്രൂപ്പുകൾ.

ഒരുകാലത്ത് ഒരു കോൾ മിസ് ചെയ്താലായിരുന്നു ഉൽക്കണ്ഠയും ആകാംക്ഷയും. ഇന്ന് ഒരു മെസേജ് മിസ് ചെയ്താലാണ് അതൊക്കെ. മുമ്പ് നമ്മൾ വിളികൾക്ക് കാത്തിരുന്നു. അത് വരാനും പോകാനും നമ്മൾ പ്ലാൻ ചെയ്തു. ഒരു കോൾ നടത്തുന്നതിന് മുമ്പ് വൈകാരികമായ നിരവധി തയ്യാറെടുപ്പുകൾ നടത്തി. അന്നൊക്കെ നമ്മൾ ആരെയും വെറുതെ അങ്ങനെ വിളിക്കാറില്ലായിരുന്നു.

“ഇപ്പോൾ വിളിക്കുന്നത് ശരിയാണോ?” എന്നൊക്കെ ചിന്തിച്ചിരുന്നു.
ഇന്ന് ഒരു തത്വദീഷയുമില്ലാതെ എന്തൊക്കെയാണ് ഫോർവേർഡ് ചെയ്തു കൊടുക്കുന്നത്. പ്രശ്നം ആശയവിനിമയത്തിന്റെ അളവ് കൂടിയതല്ല. അതിന്റെ
അർത്ഥം കുറഞ്ഞതാണ് യഥാർത്ഥ പ്രശ്നം.

ലാൻഡ്‌ഫോൺ കാലം ഓർമ്മയുണ്ടോ? വീട്ടിലെ വളരെ പരിപാവനമായ ഒരു മൂലയിലായിരുന്നു അതിന്റെ സ്ഥാനം. അച്ചടക്കമുള്ള അതിവിശിഷ്ട അതിഥിയെ പോലെ. റിംഗ് ചെയ്താൽ വീട്ടിൽ പിന്നെ ആകെ നിശ്ശബ്ദത. കുട്ടികൾ ദുരന്തനിവാരണ സേനയിലെ സംഘത്തെ പോലെ ഓടും. മുതിർന്നവരിൽ ആരെങ്കിലും ഫോണെടുത്ത് ശബ്ദം താഴ്ത്തി സംസാരിക്കും. ദേശീയ രഹസ്യത്തെക്കുറിച്ച് സംസാരിക്കുന്നതുപോലെ. കോൾ തീരുന്നതോടെ നിശബ്ദതയും ഇല്ലാതാകും. സ്റ്റാറ്റസ്കോ തുടരും.

ഇന്ന് ഫോൺ എല്ലായിടത്തും കൂടെയുണ്ട്-കിടപ്പുമുറി, ബാത്ത്‌റൂം, ഭക്ഷണമേശ, ക്ഷേത്രം, വിവാഹം, ശവസംസ്കാരം എല്ലായിടത്തും അത് നമ്മുടെ കൂടെയുണ്ട്. നമ്മുടെ ഉറക്കസമയവും ഉണരുന്ന സമയവുമൊക്കെ ഭാര്യയ്ക്കോ ഭർത്താവിനോ അറിയുന്നതിനേക്കാൾ നന്നായി നമ്മുടെ ഫോണിന് അറിയാം. ഗംഗ നകുലന്റെ ഉറക്കചര്യ മനസിലാക്കിയിരുന്നതുപോലെ.
ഫോണിലെ ഓരോ വൈബ്രേഷനും കണ്ട് ചാടിയെഴുന്നേറ്റ് നമ്മൾ പ്രതികരിക്കുന്നു. അല്ലെങ്കിൽ രാജ്യം ഛിന്നഭിന്നമായിപ്പോകും എന്നാണ് നമ്മുടെ വിചാരം. “Seen at 10:32 AM.” ഈ ഒറ്റ വരി എത്രയോ സൗഹൃദങ്ങളെയും റിലേഷൻഷിപ്പുകളെയും തകർത്തിട്ടുണ്ട്.

മുമ്പ് “സോറി, കോൾ മിസ് ആയി” എന്ന് പറയാമായിരുന്നു.
ഇന്ന് വിശദീകരിക്കണം-എന്തുകൊണ്ട് മെസേജ് കണ്ടിട്ടും മറുപടി നൽകിയില്ലെന്ന്. നിശ്ശബ്ദത സംശയമായി മാറി. വൈകിയത് അപമാനമായി.
സ്വകാര്യത അഹങ്കാരമായി. വോയ്സ് നോട്ടുകൾ വേറെയുണ്ട്. ശബ്ദരൂപത്തിലുള്ള ആക്രമണം. ഒരു മുന്നറിയിപ്പുമില്ലാതെയാണ് അത് വരുന്നത്. ഹെഡ്ഫോൺ, സഹനം, എമോഷണൽ സ്റ്റാമിന, എല്ലാം ഉണ്ടെങ്കിലേ ഇതിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ പറ്റൂ. ഒരു വരി ടെക്സ്റ്റ് മതിയായിരുന്നിടത്ത്, മൂന്ന് മിനിറ്റ് ശബ്ദപ്രഭാഷണം. നമ്മൾ ശൂന്യമായ മുറിയിൽ തലകുലുക്കി കേൾക്കും. ആശയവിനിമയം എപ്പോഴാണ് പ്രകടനകലയായി മാറിയത് എന്ന ചിന്തയോടെ. വൈരുദ്ധ്യം ഇതാണ്: നാം എപ്പോഴും കണക്ടഡ് ആണ്. മുമ്പെന്നത്തെക്കാളും. എന്നാൽ ഒരിക്കലും ഫ്രീ അല്ല. അങ്ങനെ ആർക്കും എപ്പോഴും നാം അവൈലബിൾ ആയിരിക്കില്ല.

എപ്പോഴും നമ്മൾ മറ്റുള്ളവരുമായി സംസാരിക്കുന്നുണ്ട്. എന്നാൽ കാമ്പും കഴമ്പുമുള്ളവയെക്കുറിച്ച് വളരെ അപൂർവ്വമായേ ചർച്ച ചെയ്യാറുള്ളൂ.
ഒന്നു വായിച്ചുപോലും നോക്കാതെ എല്ലാം ഫോർവേഡ് ചെയ്യും.
കിട്ടിയ മെസേജിനെക്കുറിച്ച് കാര്യമായി ആലോചിക്കാതെ “OK” പറയും.
ഒരു ചിരിയും വന്നില്ലേലും വെറുതെ “LOL” എന്ന് ടൈപ്പ് ചെയ്യും.

കാത്തിരിപ്പെന്ന വികാരം നശിച്ചു പണ്ടാരമടങ്ങി. അവളുടെ, അല്ലേൽ അവന്റെ ഒരു കോളിനായി കാത്തിരിക്കുക എന്നത് ഒരു അനുഭവമായിരുന്നു. കോൾ വരുമ്പോൾ നടത്തേണ്ട സംഭാഷണം വരെ മനസ്സിൽ പരിശീലിച്ചിരുന്നു. ഇന്ന് ചിന്തയേക്കാൾ വേഗത്തിൽ മെസേജുകൾ വരും. ഇന്ന് കാത്തിരിപ്പേയില്ല, സ്ക്രോളിംഗ് മാത്രം.

പിന്നെ നമ്മൾ എന്താണ് മിസ് ചെയ്യുന്നത്? സൂര്യകാന്തിപ്പൂക്കളോടുകൂടിയ “ഗുഡ് മോർണിംഗ്” സന്ദേശങ്ങൾ. ഐൻസ്റ്റൈൻ ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലാത്ത, പറഞ്ഞിട്ടില്ലാത്ത ഉദ്ധരണികൾ.
ഒരു കുന്തം കണ്ടാലും ഒരിക്കലും മോട്ടിവേറ്റഡേ ആകാത്തവർ അയയ്ക്കുന്ന മോട്ടിവേഷണൽ മെസേജുകൾ. “അവസാനം വരെ കാണണം” എന്ന് പറഞ്ഞ് സമയം മോഷ്ടിക്കുന്ന വീഡിയോകൾ. ഫോൺ ഒരു നോട്ടീസ് ബോർഡായി.വായിക്കാതെ രക്ഷയില്ല. സാങ്കേതികവിദ്യ കൺവീനിയൻസ് ആണ് നൽകേണ്ടത്. നമ്മളത് അടിമത്തമാക്കി മാറ്റി. സമയം ലാഭിക്കാനായിരുന്നു ഇതെല്ലാം. പക്ഷേ, ഇപ്പോൾ അത് നമ്മുടെ സമയം വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. പക്ഷേ ബ്ലൂ ടിക്കുകളും ടൈപ്പിംഗ് ഇൻഡിക്കേറ്ററുകളും വന്നപ്പോൾ, നാം ‘എപ്പോഴും അവൈലബിൾ ആണ് മറ്റുള്ളവർക്ക് എന്ന ഇംപ്രഷൻ എല്ലാവർക്കും കൊടുത്തു.

ഇന്ന് നിശ്ശബ്ദതക്ക് വിശദീകരണം വേണം. ഞാൻ കുറച്ചു നേരത്തേക്ക് ഓഫ്ലൈനാകുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ ജീവിതത്തിൽ നിന്നു അവധി എടുക്കുന്നതുപോലെ ആണ് മറ്റുള്ളവർക്ക് തോന്നുക. സ്വിച്ച് ഓഫ് ചെയ്താലും പിന്നെയും നിങ്ങൾ ഓക്കെ ആണോ എന്ന് ചോദിച്ച് പലരും മെസേജ് അയയ്ക്കും. കാരണം നിശബ്ദമാകുക എന്നാൽ നിങ്ങളെന്തോ വലിയ പ്രശ്നത്തിലകപ്പെട്ടു എന്ന ആധിയാണ് പലർക്കും. ഇന്നത്തെ ഏറ്റവും വലിയ വിപ്ലവകരമായ തീരുമാനം എന്താണെന്നാൽ ഒരു കുറ്റബോധവുമില്ലാതെ. നിങ്ങളുടെ ഫോൺ കുറച്ചുനേരം ഓഫ് ചെയ്തുവയ്ക്കുന്നതാണ്.

അതിന് കഴിയുമോ നമുക്ക്. നാം ഇന്ന് ക്ഷീണിച്ച് ഇല്ലാതാകുന്നത് കാളയെപ്പോലെ പണിയെടുക്കുന്നതുകൊണ്ടല്ല, എല്ലാത്തിനോടും കമ്യൂണിക്കേറ്റ് ചെയ്യുന്നതുകൊണ്ടാണ്. മറുപടി, പ്രതികരണം, ഇമോജി, വിശദീകരണം എല്ലാം ചേർന്ന് മനസ്സ് ഒരു നിറഞ്ഞ വാട്ട്‌സാപ്പ് ഗ്രൂപ്പായി മാറുന്നു.

ഒരിക്കൽ നിശ്ശബ്ദത സ്വാഭാവികമായിരുന്നു. ഇന്ന് അത് ആഡംബരമാണ്.

ചില്ലൗട്ട്‌ ഡെസ്റ്റിനേഷനുകളുടെ ടാഗ് ലൈൻ തന്നെ ഇതാണ്. വരൂ. ഇവിടെ നോ ഇൻറർനെറ്റ്, നോ വൈ ഫൈ. നോ മൊബൈൽ റേഞ്ച്. എന്താല്ലേ.

ഒരൊറ്റ മിസ്‌ഡ് കോളിന്റെ സൗന്ദര്യം വീണ്ടും കണ്ടെത്തണം. ഒന്നും പറയാതെ ഇരിക്കുമ്പോഴും എല്ലാം പറഞ്ഞുകഴിഞ്ഞ പോലെ. “ഞാൻ ഇവിടെ ഉണ്ടായിരുന്നു. സമയം കിട്ടുമ്പോൾ നീ പ്രതികരിക്കൂ. ”അത് ആയിരുന്നു അച്ചടക്കമുള്ള ആശയവിനിമയം. നിശബ്ദത പോലും അങ്ങ് നിശബ്ദമായിപ്പോയിരുന്ന ആ മിസ്ഡ് കോൾ കാലം തിരിച്ചുവരുമോ.

ഇന്നത്തെ ഫോൺ? അത് കരയുന്ന, മിന്നുന്ന, ശ്രദ്ധ യാചിക്കുന്ന വഴക്കാളിയായ കുട്ടിയാണ്. അതുകൊണ്ടാണ്-മിസ്‌ഡ് കോളുകളേ, നിങ്ങളെ ഞങ്ങൾ ഒരുപാട് മിസ് ചെയ്യുന്നത്. സാങ്കേതികവിദ്യ പിന്നോട്ടു പോയതുകൊണ്ടല്ല. നാം മുന്നോട്ടു പോയപ്പോൾ നിശ്ശബ്ദത മറന്നതുകൊണ്ടാണ് അതൊക്കെ നമുക്ക് മിസ് ചെയ്തത്.

ഒരുപക്ഷേ, അടുത്ത വലിയ ഡിജിറ്റൽ വിപ്ലവം കൂടുതൽ വേഗതയുള്ള നെറ്റ്‌വർക്കല്ല. പുതിയ ഫോൺമോഡലുമല്ല. കുറച്ചുനേരം ഇനി നിങ്ങൾ നിശ്ബദമായിരിക്കൂ എന്ന് ഓർമ്മിപ്പിക്കുന്ന ഒരു അലേർട്ട് ആയിരിക്കും.

കുറച്ചുനേരത്തേക്ക് ഒരു മെസേജും വരുന്നില്ല എന്നത് ഏറ്റവും വലിയ മേസേജ് ആകുന്ന കാലം. എല്ലാം വിശദമായി പറഞ്ഞുതരാൻ ഒരൊറ്റ മിസ്ഡ് കോൾ മാത്രം മതിയായിരുന്ന കാലം. ഇന്നലെകളേ ഇതിലേ വരുമൊ ഇനിയും.